സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15% ആയി വർധിപ്പിച്ചത് സ്വർണ വ്യാപാര മേഖലയിൽ കനത്ത ആശങ്ക പടർത്തുന്നു. ഇത് സ്വർണക്കള്ളക്കടത്ത് വർധിക്കാനും, ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കാനും, ഉപഭോക്താക്കൾ ഭാരം കുറഞ്ഞ ആഭരണങ്ങളിലേക്ക് മാറാനും കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് വര്‍ധിപ്പിച്ചത് കനത്ത തിരിച്ചടിയാണെന്ന് സ്വര്‍ണവ്യാപാര മേഖല. കസ്റ്റംസ് ഡ്യൂട്ടിക്ക് പുറമെ ചരക്ക് സേവന നികുതി, സെസ് എന്നിവ കൂടി ചേരുമ്പോള്‍ സ്വര്‍ണത്തിന്മേലുള്ള നികുതി 18.4 ശതമാനമായി ഉയരും. ഇത് കാരണം സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിക്കുമെന്നും ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. കടുത്ത നിയന്ത്രണങ്ങള്‍ സ്വര്‍ണ വ്യപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും സമാന്തര വിപണി സജീവമാകാന്‍ ഇടയാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. സ്വര്‍ണക്കള്ളക്കടത്ത് വര്‍ധിക്കുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും സംഘടന പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഭാരം കുറഞ്ഞ ആഭരണങ്ങളിലേക്ക് ഉപഭോക്താക്കള്‍

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മാറുന്നതുവരെ സ്വര്‍ണത്തിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി തുടരാനാണ് സാധ്യത. തീരുവ ഉയര്‍ത്തിയത് മൂലം ഉണ്ടായ നികുതി വര്‍ധന കാരണം സ്വര്‍ണത്തിന്റെ വില്പനയില്‍ 10 ശതമാനം മുതല്‍ 15 ശതമാനം വരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും, വില കൂടുന്നതോടെ ആളുകള്‍ ഭാരം കുറഞ്ഞ 'ലൈറ്റ് വെയിറ്റ്' ആഭരണങ്ങളിലേക്ക് മാറുമെന്നും സ്വര്‍ണ വ്യാപാരികള്‍ വിലയിരുത്തുന്നു.

ബാങ്ക് ഗ്യാരണ്ടിയിലെ വര്‍ധന

അംഗീകൃത ഏജന്‍സികളില്‍ നിന്ന് തീരുവയില്ലാതെ സ്വര്‍ണ്ണം വാങ്ങുമ്പോള്‍, ഒരു കിലോ സ്വര്‍ണ്ണത്തിന് 28 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ ബാങ്ക് ഗ്യാരണ്ടി നല്‍കേണ്ടി വരുന്നു. ഇത്രയും വലിയ തുക ബാങ്കുകളില്‍ കുടുങ്ങിക്കിടക്കുന്നത് വ്യാപാരികളുടെ പ്രവര്‍ത്തന മൂലധനത്തെ സാരമായി ബാധിക്കുന്നുണ്ട്. ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ പണം കണ്ടെത്താനാകാതെ വ്യാപാരികള്‍ വലയുകയാണ്.

ചെറുകിട വ്യാപാരികള്‍ക്ക് തിരിച്ചടി

ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചെറുകിട- ഇടത്തരം സംരംഭകരെയാണ്. ജിജെഇപിസിയിലെ ആകെ അംഗങ്ങളില്‍ 80 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. പണലഭ്യതയിലുണ്ടായ ഈ കുറവ് മേഖലയിലെ പല ചെറുകിട യൂണിറ്റുകളുടെയും നിലനില്‍പ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്.

എന്തുകൊണ്ട് ഈ നിയന്ത്രണം?

വിദേശനാണയ ശേഖരം സംരക്ഷിക്കുന്നതിനായി സ്വര്‍ണ്ണ ഉപഭോഗം കുറയ്ക്കണമെന്ന് മെയ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തീരുവ വര്‍ധിപ്പിച്ചത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 71.98 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്.