സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സ്വർണ വിലയിൽ ഇന്ന് വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 145 രൂപ വർധിച്ച് 14,450 രൂപയായി. സ്വർണത്തിനൊപ്പം വെള്ളി വിലയും ഇന്ന് ഉയർന്നിട്ടുണ്ട്. 10 ഗ്രാം വെള്ളിക്ക് ഇന്ന് 2,800 രൂപയുമാണ് വില.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 145 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 14,450 രൂപയായി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 1,15,600 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണ വില താഴേക്ക് വരുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വീണ്ടും സ്വർണ വില ഉയരുന്ന ട്രെന്റിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് സ്വർണം. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,875 രൂപയാണ് വില വരുന്നത്. 18 കാരറ്റ് ഒരു പവൻ സ്വർണത്തിന് 95,000 രൂപയാണ് ഇന്നത്തെ വിപണി വില. സ്വർണ വിലക്കൊപ്പം വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 280 രൂപയും 10 ഗ്രാം വെള്ളിക്ക് ഇപ്പോൾ 2,800 രൂപയുമാണ് വിലയെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം.


