സ്വർണവിലയിൽ അപ്രതീക്ഷിതമായി കുറവ് രേഖപ്പെടുത്തി. സാധാരണ യുദ്ധസാഹചര്യങ്ങളിൽ സ്വർണവില ഉയരുകയാണ് പതിവെങ്കിലും, ഡോളറിലെ മാറ്റങ്ങളും വിലയിടിവിന് കാരണമായി. അതേസമയം, യുദ്ധം തുടർന്നാൽ ഇന്ധനവില വർധിക്കാൻ സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്.

കൊച്ചി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,24,520 രൂപയായി താഴ്ന്നു. ഇന്ന് ഗ്രാമിന് 300 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന് 15,565 രൂപയായി. പവൻ വില 1,24,520 രൂപയിലെത്തി. സാധാരണ യുദ്ധസാഹചര്യങ്ങളിൽ സ്വർണവില കുതിച്ചുയരാറാണ് പതിവ്. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും വില താഴാൻ കാരണമായതായാണ് വിലയിരുത്തൽ. വില കുറഞ്ഞ സാഹചര്യത്തിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകർ എത്താൻ സാധ്യതയുണ്ട്. അതേസമയം, ആഗോള മാര്‍ക്കറ്റിൽ സ്വര്‍ണവില വര്‍ധിച്ചു. 

 ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ വ‌ർധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 400 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 1, 26, 920 ആവുകയും ചെയ്തു. 24 മണിക്കൂറിനിടെ ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 1015 രൂപയായിരുന്നു. ഒരു പവൻ സ്വ‌ർണത്തിന് 24 മണിക്കൂറിനിടെ വില 8120 രൂപ വര്‍ധിച്ചിരുന്നു. അതേസമയം, നിലവിലുള്ള സാഹചര്യം ആഗോള തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഉയരാനും കാരണമായേക്കും. ഇന്ത്യയിലടക്കം കുറച്ചു ദിവങ്ങളിലായി പെട്രോൾ, ഡീസൽ വില ഏറിയും കുറഞ്ഞും വരികയായിരുന്നു. ഓഹരി വിപണിയെയും ഈ സാഹചര്യം ബാധിച്ചേക്കും. സ്വർണം, വെള്ളി വില വർധനയേക്കാൾ രാജ്യത്തെ സാധാരണക്കാരെ ബാധിക്കുക ഉയരാനിരിക്കുന്ന പെട്രോൾ, ഡീസൽ വിലകൾ തന്നെയായിരിക്കും.