വില ഇത്രയും കൂടിനില്‍ക്കുമ്പോള്‍ വാങ്ങുന്നത് ലാഭകരമാണോ? സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ ഏതൊക്കെ വഴികളുണ്ട്? തുടക്കക്കാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഓരോ ദിവസം കഴിയുന്തോറും വില പുതിയ ഉയരങ്ങള്‍ തൊടുമ്പോള്‍, ഇതാദ്യമായി സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ട്. വില ഇത്രയും കൂടിനില്‍ക്കുമ്പോള്‍ വാങ്ങുന്നത് ലാഭകരമാണോ? സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ ഏതൊക്കെ വഴികളുണ്ട്? തുടക്കക്കാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.

എപ്പോഴാണ് സ്വര്‍ണ്ണത്തിന് വില കൂടുന്നത്?

ആഗോള വിപണിയില്‍ അനിശ്ചിതാവസ്ഥ ഉണ്ടാകുമ്പോഴാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിന് പ്രിയമേറുന്നത്. യുദ്ധങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍, നാണയപ്പെരുപ്പം എന്നിവയുണ്ടാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലേക്ക് തിരിയുന്നു. എന്നാല്‍ ഓഹരികളോ ബോണ്ടുകളോ പോലെ സ്വര്‍ണ്ണം ഒരു മാസവരുമാനം നല്‍കുന്നില്ല എന്ന കാര്യം തുടക്കക്കാര്‍ ഓര്‍മ്മിക്കണം. ഇതിന്റെ മൂല്യം വര്‍ദ്ധിക്കുന്നതിലൂടെ മാത്രമാണ് ലാഭം ലഭിക്കുക.

നിക്ഷേപിക്കാന്‍ ഏതാണ് മികച്ച വഴി?

1. ആഭരണങ്ങള്‍, നാണയങ്ങള്‍ : സ്വര്‍ണ്ണം നേരിട്ട് കൈവശം വെക്കാമെന്നതാണ് ഇതിന്റെ മെച്ചം. എന്നാല്‍ ഇതിന് പണിക്കൂലി നല്‍കേണ്ടി വരും. ഇത് പിന്നീട് വില്‍ക്കുമ്പോള്‍ ലാഭം കുറയും. കൂടാതെ സൂക്ഷിക്കാനുള്ള സുരക്ഷാ പ്രശ്‌നങ്ങളും ഇന്‍ഷുറന്‍സ് ചെലവുകളും കണക്കിലെടുക്കണം.

2. ഡിജിറ്റല്‍ ഗോള്‍ഡ്: മൊബൈല്‍ ആപ്പുകള്‍ വഴി ചെറിയ തുകയ്ക്ക് പോലും സ്വര്‍ണ്ണം വാങ്ങാം. കമ്പനികള്‍ ഇത് ഇന്‍ഷുറന്‍സ് ഉള്ള ലോക്കറുകളില്‍ സൂക്ഷിക്കും. എന്നാല്‍, ഇന്ത്യയില്‍ ഡിജിറ്റല്‍ ഗോള്‍ഡ് സെബി പോലുള്ള ഏജന്‍സികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല. കമ്പനികള്‍ക്ക് സാമ്പത്തിക തകര്‍ച്ചയുണ്ടായാല്‍ നിക്ഷേപം നഷ്ടപ്പെടാന്‍ നേരിയ സാധ്യതയുണ്ട്.

3. ഗോള്‍ഡ് ഇ.ടി.എഫ് : ഓഹരി വിപണി വഴി സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. ഇതിന് ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. സെബിയുടെ നിയന്ത്രണത്തിലുള്ളതിനാല്‍ ഇത് സുരക്ഷിതമാണ്. ഫിസിക്കല്‍ സ്വര്‍ണ്ണത്തിന്റെ വിലയ്ക്കനുസരിച്ച് ഇതിന്റെ മൂല്യം മാറും.

4. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ : ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ പറ്റിയ വഴിയാണിത്. കുറഞ്ഞ തുകയ്ക്ക് എസ്.ഐ.പി വഴി ഇതില്‍ ചേരാം. മറ്റ് മ്യൂച്വല്‍ ഫണ്ടുകളെപ്പോലെ ഇതും സുരക്ഷിതവും സുതാര്യവുമാണ്.

നികുതി നിയമങ്ങള്‍ മാറി

സ്വര്‍ണ്ണ നിക്ഷേപത്തില്‍ നിന്നുള്ള ലാഭത്തിന്മേല്‍ നികുതി നല്‍കേണ്ടതുണ്ട്. പുതിയ നിയമപ്രകാരം:

സ്വര്‍ണ്ണം വാങ്ങി 24 മാസത്തിന് (രണ്ട് വര്‍ഷം) ശേഷം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന് 12.5 ശതമാനം നികുതി നല്‍കണം . മുന്‍പ് ഇത് 36 മാസമായിരുന്നു. ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യം ഇപ്പോള്‍ ലഭ്യമല്ല എന്ന കാര്യവും ശ്രദ്ധിക്കുക.

തുടക്കക്കാര്‍ക്ക് ചില ഉപദേശങ്ങള്‍

റെക്കോര്‍ഡ് വിലയില്‍ നില്‍ക്കുമ്പോള്‍ ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കുന്നതിന് പകരം ചെറിയ തുകകളായി ഇടവേളകളില്‍ നിക്ഷേപിക്കുന്നതാണ് (എസ്‌ഐപി രീതി) ഉചിതം. ആകെ നിക്ഷേപത്തിന്റെ 5 മുതല്‍ 10 ശതമാനം വരെ മാത്രം സ്വര്‍ണ്ണത്തിനായി മാറ്റിവെക്കുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ സ്വര്‍ണ്ണം എപ്പോഴും ഒരു സുരക്ഷിത നിക്ഷേപമായിരിക്കും.