രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലാണ്. ആകെ രോ​ഗികളിൽ 28 ശതമാനവും സംസ്ഥാനത്താണ്

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു. രാജ്യത്താകെ 268 പുതിയ കേസുകൾ കൂടിയാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ കേസുകൾ 7400 ആയി. 24 മണിക്കൂറിനിടെ 9 കൊവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതിൽ 3 മരണം കേരളത്തിലാണ് സംഭവിച്ചത്. 63, 67, 61 വയസുള്ള പുരുഷൻമാരാണ് കേരളത്തിൽ മരിച്ചത്. മൂന്ന് പേരും നേരത്തെ പല രോ​ഗങ്ങൾ ബാധിച്ച് ചികിത്സയിലുള്ളവരായിരുന്നു. സംസ്ഥാനത്ത് 54 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലാണ്. നിലവിൽ രാജ്യത്ത് ആകെ രോ​ഗികളിൽ 28.5 ശതമാനം രോഗികളും കേരളത്തിലാണ്. കേരളം കൂടാതെ ദില്ലി, പശ്ചിമബം​ഗാൾ, ​ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിലവിൽ അഞ്ഞൂറിലധികം രോ​ഗികൾ ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് കൊവിഡ് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

കൊവിഡ് ജാഗ്രത നിർദ്ദേശിച്ച് ആരോഗ്യമന്ത്രി

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കൊവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിംഗ് നടത്തി വരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എക്‌സ് എഫ് ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവില്‍ 2223 കൊവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയില്‍ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ ആര്‍ ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കൊവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി. ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കേണ്ടതാണ്.

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്ലാന്റേഷന്‍ ഏരിയകളില്‍ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാല്‍ ശ്രദ്ധിക്കണം. പ്ലാന്റേഷനുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്‍കി നടപടി സ്വീകരിക്കുന്നതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ച് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം.