തലയോട്ടി, മുഖം, ചുണ്ടുകള്‍, ചെവികള്‍, കഴുത്ത്, നെഞ്ച്, കൈകള്‍, കാലുകള്‍ തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളിലാണ് സ്കിന്‍ ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. 

ചർമ്മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. പല തരത്തിലുള്ള സ്കിന്‍ ക്യാന്‍സറുകളുണ്ട്. കഠിനമായ സൂര്യപ്രകാശം ഏല്‍ക്കുന്നവരിലാണ് പ്രധാനമായും ഈ രോഗം സംഭവിക്കുന്നത്. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുന്നതും മൂലവും പ്രതിരോധശേഷി ദുര്‍ബലമാകുന്നതു മൂലവും സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂടാം. തലയോട്ടി, മുഖം, ചുണ്ടുകള്‍, ചെവികള്‍, കഴുത്ത്, നെഞ്ച്, കൈകള്‍, കാലുകള്‍ തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളിലാണ് സ്കിന്‍ ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് സ്കിന്‍ ക്യാന്‍സര്‍.

സ്കിന്‍ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. അരിമ്പാറ പോലുള്ള പാടുകൾ

ചർമ്മത്തിൽ അരിമ്പാറ പോലുള്ള പരുക്കൻ ചെതുമ്പൽ പാടുകളായി കാണപ്പെടുന്നത് ചിലപ്പോള്‍ സ്കിന്‍ ക്യാന്‍സറിന്‍റെ സൂചനയാകാം. . മുഖം, കഴുത്ത്, കൈകൾ തുടങ്ങിയ സൂര്യപ്രകാശം ഏൽക്കുന്ന ശരീരഭാഗങ്ങളിലാണ് ഇത്തരം പാടുകൾ സാധാരണയായി കാണപ്പെടുന്നത്.

2. ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചർമ്മത്തിലെ ചെറിയ ചുവന്ന പാടുകൾ, ചർമ്മത്തിൽ വ്രണം, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു.

3. മുഴകൾ

ചര്‍മ്മത്തില്‍ കാണപ്പെടുന്ന തൂവെള്ള നിറത്തിലുള്ള മുഴകൾ സ്കിന്‍ ക്യാന്‍സറിന്‍റെ സൂചനയാകാം. മൂക്ക്, ചെവി, നെറ്റി തുടങ്ങിയ സൂര്യപ്രകാശം ഏൽക്കുന്ന ഭാഗങ്ങളിലാണ് ഈ മുഴകൾ പ്രത്യക്ഷപ്പെടുന്നത്.

4. ക്രമരഹിതമായ മറുകുകള്‍

പെട്ടെന്ന് ഉണ്ടാകുന്ന ക്രമരഹിതമായ മറുകുകള്‍, അവയുടെ വലിപ്പം, നിറം എന്നിവയിലെ മാറ്റങ്ങള്‍ തുടങ്ങിയവയൊന്നും നിസാരമായി കാണേണ്ട.

5. വീണ്ടും വീണ്ടും വരുന്ന വ്രണങ്ങൾ

വീണ്ടും വീണ്ടും വരുന്ന വ്രണങ്ങൾ, ചർമ്മത്തിലെ ആകൃതി, വലിവ്, ഘടന എന്നിവയിൽ വ്യത്യാസം, നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക തുടങ്ങിയ ചര്‍മ്മത്തിലെ മാറ്റങ്ങള്‍ ഒന്നും അവഗണിക്കരുത്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.