ആഫ്രിക്കന്‍ ഒച്ചുകളില്‍ നിന്ന് മനുഷ്യരില്‍ തലച്ചോറിനെ ബാധിക്കുന്ന മാരക രോഗങ്ങള്‍ ഉണ്ടാകുമെന്ന് പഠനം. കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തിയത്. 

Achatina fulica എന്ന ഇനം ആഫ്രിക്കന്‍ ഒച്ചുകളാണ് മസ്‌തിഷ്‌കരോഗം പരത്തുന്നത് എന്നാണ് വിഷയത്തില്‍ ഗവേഷണം നടത്തിയ കീര്‍ത്തി വിജയന്‍ പറയുന്നത്. എലികളുടെ കാഷ്ടം കഴിക്കുന്ന ഒച്ചകളിലാണ് രോഗം പരുത്തുന്ന ഈ വിര ഉണ്ടാകുന്നത്. ആന്‍ജിയോസ്ട്രോഞ്ചൈലിസ് കാന്‍റോനെന്‍സിസ് എന്ന വിരയുടെ വാഹകരായതിനാലാണ് ഇസ്നോഫില്ലിക് മെനിഞ്ചൈറ്റിസ് എന്ന രോഗം ഇവയില്‍ നിന്ന് ഉണ്ടാകുന്നത്. ആഫ്രിക്കന്‍ ഒച്ചുകള്‍ പൊതുവേ വലുപ്പം ഉളളവയായതിനാലാണ് ഈ വിരകള്‍ക്ക് ഒച്ചിനുളളില്‍ ജീവിക്കാന്‍ കഴിയുന്നതും രോഗം പരുത്തുന്നതെന്നും കീര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഇത്തരം ഒച്ചുകളെ സ്പര്‍ശിക്കുമ്പോഴോ ശരീരത്തിനുളളിലേക്ക് പോവുകയോ ചെയ്യുമ്പോഴാണ് രോഗം പിടിപ്പെടുന്നത്. ഈ ആഫ്രിക്കന്‍ ഒച്ചുകള്‍ വലിയ തോതില്‍ മലപ്പുറം ജില്ലയില്‍ കാണപ്പെടുകയുണ്ടായി. 2013-14ല്‍ എറണാകുളത്ത് 10 കുട്ടികള്‍ക്ക്  തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടെത്തി.  ആഫ്രിക്കന്‍ ഒച്ചില്‍ നിന്നാണ് രോഗം പിടിപ്പെട്ടത് എന്നാണ് ചികിത്സിച്ച ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും കീര്‍ത്തി പറയുന്നു.

ആഫ്രിക്കയില്‍ മാത്രം കാണപ്പെട്ടിരുന്ന ഇവ 1847ലാണ് ഇന്ത്യയിലെത്തിയത്. 1955ല്‍ പാലക്കാട് ജില്ലയിലെ  എലപ്പുള്ളി സ്വദേശി തന്‍റെ ഗവേഷണാവശ്യത്തിനായി കൊണ്ടുവന്നപ്പോഴാണ് ഇവ കേരളത്തില്‍ എത്തുന്നത്. ഇപ്പോള്‍  ഇടുക്കി ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഈ ആഫ്രിക്കന്‍ ഒച്ച് കാണപ്പെടുന്നു. കേരളത്തില്‍ 2010 മുതല്‍ക്കെ വലിയൊരു പ്രശ്നമായി മാറികൊണ്ടിരിക്കുകയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. 

ആഫ്രിക്കന്‍ ഒച്ചുകള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍...

1. ആന്‍ജിയോസ്ട്രോഞ്ചൈലിസ് കാന്‍റോനെന്‍സിസ് എന്ന വിരയുടെ വാഹകരായതിനാല്‍ ഇസ്നോഫില്ലിക് മെനിഞ്ചൈറ്റിസ് എന്ന് രോഗം ഉണ്ടാക്കും. 

2. കൃഷിയിടങ്ങളില്‍ വിളകള്‍ നശിപ്പിക്കും. 

മുന്‍കരുതലുകള്‍...

1. ഒച്ചുകളെ തൊടരുത്.

2. ഒച്ചുകളെ  ഭക്ഷിക്കാതിരിക്കുക.

3. ഒച്ചിന്‍റെ ശരീരത്തില്‍ നിന്ന് പുറത്ത് വരുന്ന ദ്രവം ശരീരത്തിലാവുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.

4. ഒച്ച് ബാധിത തോട്ടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുമ്പോള്‍ അവയില്‍ ഒച്ചില്ല എന്ന് ഉറപ്പാക്കുക. 

5. പച്ചക്കറികള്‍ കഴുകി മാത്രം ഉപയോഗിക്കുക. 

6. ഒച്ചിനെ ഭക്ഷിച്ച കോഴിയോ താറാവിനെയോ കറി വെയ്ക്കുമ്പോള്‍ നന്നായി വേവിക്കണം. 

7. ചൂട് വെള്ളം മാത്രം കുടിക്കുക.