സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന ഒരു കുടുംബത്തിന് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഉറപ്പുവരുത്താനാകും. റോഡില്‍ നിന്ന് മാറിയുള്ള താമസം, ചുറ്റുപാടും പച്ചപ്പിന് വേണ്ടി അല്‍പം ഇടം, എയര്‍ പ്യൂരിഫയര്‍ തുടങ്ങി പല സൗകര്യങ്ങളും ഇവര്‍ക്ക് ഏര്‍പ്പെടുത്താം. എന്നാല്‍ സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ മറ്റ് സാധ്യതകളില്ലാതാകും 

ഓഗസ്റ്റ് ഒന്ന്, ലോക ശ്വാസകോശാര്‍ബുദ ദിനമായാണ് പരിഗണിക്കപ്പെടുന്നത്. ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗികളുടെ കൂട്ടത്തില്‍ ശ്വാസകോശാര്‍ബുദം ബാധിച്ചവരുടെ എണ്ണവും കൂടിവരികയാണെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ടുള്ള അവബോധം ജനങ്ങളില്‍ ശക്തമാക്കുന്നതിനാണ് ഒരു ദിനം തന്നെ മാറ്റിവയ്ക്കുന്നത്. അര്‍ബുദരോഗം നമുക്കറിയാം, ഒരു പരിധി വരെ പാരമ്പര്യത്തില്‍ നിന്നും അതുപോലെ ജീവിതരീതികളില്‍ നിന്നുമാണ് ഉണ്ടാകുന്നത്. 

ശ്വാസകോശാര്‍ബുദത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പാരമ്പര്യമായി ഇത്തരം ചരിത്രമുള്ളവരില്‍ അതിന് സാധ്യതകളേറെയാണ്. അതുപോലെ പ്രധാനമാണ് ജീവിതരീതിയും. പുകവലിയാണ് ശ്വാസകോശാര്‍ബുദത്തിലേക്ക് സാധ്യതയുണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലൈഫ്‌സ്റ്റൈല്‍ പ്രശ്‌നം. 

പുകവലിക്കുന്നത് നേരിട്ട് തന്നെ ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. പുകവലിക്കുന്നത് പോലെ തന്നെ അപകടകരമാണ് പതിവായി പുകവലിക്കുന്നവര്‍ക്കൊപ്പം സമയം ചെലവിടുന്നതും. 'പാസീവ് സ്‌മോക്കിംഗ്', 'സെക്കന്‍ഡ് ഹാന്‍ഡ് സ്‌മോക്കിംഗ്' എന്നെല്ലാം ഇതിനെ പറയും. 

പുകവലി കഴിഞ്ഞാല്‍ ലോകത്ത് ശ്വാസകോശാര്‍ബുദം വര്‍ധിച്ചുവരുന്നതിനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത് വായുമലിനീകരണമാണ്. മുമ്പെല്ലാം പുകവലിക്കുന്നവരിലും ഒരു പ്രായത്തിന് ശേഷമാണ് അര്‍ബുദം കണ്ടെത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് ചെറുപ്പത്തില്‍ തന്നെയായി മാറുന്നതിന്റെ കാരണം ഒപ്പം വായുമലിനീകരണം കൂടി ഉള്‍പ്പെടുന്നതിനാലാണെന്ന് വിദഗ്ധര്‍ പറയുന്നു. 

അതായത്, പുകവലിക്ക് ഒപ്പമോ, അതിന് തൊട്ടുതാഴെയോ ആയി വായുമലിനീകരണത്തിനും ശ്വാസകോശാര്‍ബുദം വര്‍ധിച്ചുവരുന്നതിന് കാരണമാകുന്നു എന്ന് സാരം. ജീവിതരീതികള്‍ മെച്ചപ്പെടുത്തുക എന്നത് മാത്രമേ ഇക്കാര്യത്തില്‍ പരിഹാരമെന്ന നിലയില്‍ ചെയ്യാനാകൂ. 

പുകവലി ഉപേക്ഷിക്കുന്നതിനൊപ്പം തന്നെ മെച്ചപ്പെട്ട സാഹചര്യത്തില്‍ ജീവിക്കാനുള്ള ശ്രമങ്ങളും നടത്തേണ്ടിവരും. എന്നാല്‍ വായുമലിനീകരണമെന്നത് വ്യക്തികള്‍ക്കോ, ചെറിയ സംഘങ്ങള്‍ക്കോ തടയാനോ ഇല്ലാതാക്കാനോ സാധിക്കുന്ന ഒന്നല്ല. 


സാമ്പത്തിക- സാമൂഹ്യാവസ്ഥകള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന ഒരു കുടുംബത്തിന് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഉറപ്പുവരുത്താനാകും. റോഡില്‍ നിന്ന് മാറിയുള്ള താമസം, ചുറ്റുപാടും പച്ചപ്പിന് വേണ്ടി അല്‍പം ഇടം, എയര്‍ പ്യൂരിഫയര്‍ തുടങ്ങി പല സൗകര്യങ്ങളും ഇവര്‍ക്ക് ഏര്‍പ്പെടുത്താം. 

എന്നാല്‍ സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ മറ്റ് സാധ്യതകളില്ലാതാകും. അതിനാല്‍ തന്നെ ശ്വാസകോശാര്‍ബുദം അടക്കം മിക്ക രോഗങ്ങളുടെ കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്ന മേഖലകളിലുള്ളവര്‍ തന്നെയാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നുണ്ട്.

Also Read:- സ്തനാര്‍ബുദം: രോഗലക്ഷണങ്ങളെ തിരിച്ചറിയാം