ചില കാര്യങ്ങള്‍ പതിവായി ശ്രദ്ധിച്ചാല്‍ വലിയൊരു പരിധി വരെ ഈ പ്രശ്നത്തെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. നേരത്തെ സൂചിപ്പിച്ചത് പോലെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരോ പുറത്ത് ജോലി ചെയ്യുന്നവരോ ആണ് ഇക്കാര്യങ്ങള്‍ ഏറെയും ശ്രദ്ധിക്കേണ്ടത്.

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. എങ്കിലും ചില അവയവങ്ങളെ നമ്മല്‍ കുറെക്കൂടി ശ്രദ്ധയോടെ സൂക്ഷിക്കേണ്ടതുണ്ട്. അത്തരത്തില്‍ ഏറെ ശ്രദ്ധയോടെ നോക്കേണ്ട അവയവമാണ് കണ്ണുകള്‍. ചെറിയ കാര്യങ്ങള്‍ മതി കണ്ണിന്‍റെ ആരോഗ്യം ബാധിക്കപ്പെടാനും അല്ലെങ്കില്‍ കണ്ണില്‍ പരുക്കേല്‍ക്കാനുമെല്ലാം. 

ഇത്തരത്തില്‍ ഇപ്പോള്‍ വ്യാപകമായി കാണുന്ന, കണ്ണുകളെ ബാധിക്കുന്നൊരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ച് നഗരങ്ങളില്‍ താമസിക്കുന്നവരെയാണ് ഇത് ഏറെയും ബാധിക്കുന്നത്. 

മറ്റൊന്നുമല്ല വര്‍ധിച്ചുവരുന്ന വായുമലിനീകരണം കണ്ണിനുണ്ടാക്കുന്നൊരു പ്രയാസത്തെ കുറിച്ചാണ് വിശദീകരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നിസാരമെന്ന് ചിന്തിക്കരുതേ, കാരണം ക്രമേണ കണ്ണുകളുടെ കാഴ്ചാശക്തിയെ തന്നെ ഇത് ബാധിക്കാം. 

നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്, അല്ലെങ്കില്‍ പട്ടണങ്ങളില്‍ തിരക്കുള്ള ഭാഗങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് പുറത്തുപോയി വരുമ്പോഴേക്ക് കണ്ണില്‍ കലക്കവും നീറ്റലും ചൊറിച്ചിലുമെല്ലാം അനുഭവപ്പെടുന്നുവെങ്കില്‍ അത് വായുമലിനീകരണം നിങ്ങളുടെ കണ്ണുകളെ ബാധിക്കുന്നു എന്നതിന്‍റെ സൂചനയാകാം. 

നിലവില്‍ ക്ലിനിക്കുകളില്‍ ഇത്തരത്തില്‍ വായുമലിനീരണത്തിന്‍റെ ഭാഗമായി കണ്ണില്‍ അലര്‍ജിയോ, ഡ്രൈ ഐസോ ആയി എത്തുന്നവരുടെ എണ്ണം കൂടുതലാണെന്നാണ് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. 

ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുകയോ, ഫീല്‍ഡ് ജോലി - അഥവാ മണിക്കൂറുകളോളം പുറത്തുതന്നെ നിന്ന് ചെയ്യുന്ന തരം ജോലികള്‍ ചെയ്യുന്നവരോ ആണ് ഇതിന് ഏറെയും ഇരയാകുന്നത്. കണ്ണില്‍ കലക്കം, ചൊറിച്ചില്‍, നീറ്റല്‍, കണ്ണില്‍ തരി പോലെ അനുഭവപ്പെടല്‍, നീര് വന്നുകൊണ്ടിരിക്കല്‍, കണ്‍പോളകള്‍ തടിച്ചുവീര്‍ക്കല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ഇതിലുണ്ടാവുക. 

ചില കാര്യങ്ങള്‍ പതിവായി ശ്രദ്ധിച്ചാല്‍ വലിയൊരു പരിധി വരെ ഈ പ്രശ്നത്തെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. നേരത്തെ സൂചിപ്പിച്ചത് പോലെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരോ പുറത്ത് ജോലി ചെയ്യുന്നവരോ ആണ് ഇക്കാര്യങ്ങള്‍ ഏറെയും ശ്രദ്ധിക്കേണ്ടത്.

സണ്‍ഗ്ലാസോ അല്ലെങ്കില്‍ കണ്ണുകളെ സുരക്ഷിതമാക്കുംവിധത്തിലുള്ള ഗ്ലാസുകളോ പതിവായി ഉപയോഗിക്കുക, ദിവസത്തില്‍ രണ്ടോ മൂന്നോ തവണ മുഖം കഴുകുക, മുഖം കഴുകുമ്പോള്‍ വൃത്തിയുള്ള പാത്രത്തിലോ കയ്യിലോ വെള്ളം നിറച്ച് അതില്‍ കണ്ണൊന്ന് മുക്കിയെടുക്കുക, ഐ ഡ്രോപ്സ് ഉപയോഗിക്കുക എന്നീ കാര്യങ്ങളാണ് പൊതുവില്‍ ചെയ്യാനുള്ളത്.

ഇതില്‍ മുഖം കഴുകുന്നത് ഇടയ്ക്കിടെ ചെയ്തുകൊണ്ടിരിക്കരുത്. അതുപോലെ കണ്ണിലേക്ക് ഒരു കാരണവശാലും ശക്തിയായി വെള്ളം ചീറ്റിക്കരുത്. വളരെ പതിയെ മാത്രമേ വെള്ളം കണ്ണിലേക്ക് ആക്കാവൂ. ഐ ഡ്രോപ്സ് ഉപയോഗിക്കുകയാണെങ്കില്‍ അത് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ചെയ്യുക. 

അലര്‍ജിക്കോ ഡ്രൈ ഐസിനോ ഡോക്ടര്‍ മരുന്നോ ഡ്രോപ്സോ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അത് മുടങ്ങാതെ പിന്തുടരുക. ഒപ്പം കണ്ണട വയ്ക്കുന്നതടക്കം ഡോക്ടര്‍ നല്‍കിയിട്ടുള്ള മറ്റ് നിര്‍ദേശങ്ങളും കൃത്യതയോടെ പാലിക്കുക. 

Also Read:-മഞ്ഞുകാലത്തെ പനിക്കൊപ്പം വരാൻ സാധ്യതയുള്ള മറ്റൊരു രോഗം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo