പുറത്തുപോയിക്കഴിഞ്ഞാല്‍ പിന്നെ തിരിച്ചെത്തി കൈകള്‍ വൃത്തിയായി സോപ്പോ ഹാൻഡ് വാഷോ എല്ലാമിട്ട് കഴുകുന്നത് വരെയും കണ്ണുകളില്‍ തൊടാതിരിക്കുക
പനി ഓരോ സീസണിലും വ്യത്യസ്തതയുള്ള അനുബന്ധപ്രശ്നങ്ങളും സൃഷ്ടിക്കാം. മഞ്ഞുകാലത്ത് പൊതുവെ പനിക്കൊപ്പം ശ്വാസകോശബംന്ധമായ പ്രശ്നങ്ങള്‍ കൂടാറുണ്ട്. പ്രത്യേകിച്ച് അലര്‍ജിയോ ആസ്തമയോ എല്ലാമുള്ളവരില്‍.
എന്തായാലും മഞ്ഞുകാലത്തെ പനിക്കൊപ്പം പടര്‍ന്നുപിടിക്കാൻ സാധ്യതയുള്ള മറ്റൊരു രോഗത്തെ കുറിച്ച് കൂടി പങ്കുവയ്ക്കുകയാണിനി. ചെങ്കണ്ണ് എന്ന രോഗത്തെ കുറിച്ചാണ് പറയുന്നത്. കാരണങ്ങള്‍ പലതാകാം, പക്ഷേ പലപ്പോഴും ചെങ്കണ്ണും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും തമ്മില്‍ ബന്ധം കാണാറുണ്ട്.
മഞ്ഞുകാലത്താകുമ്പോള്‍ ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്കെല്ലാം ചെങ്കണ്ണ് പടര്‍ന്നുപിടിക്കുന്നത് പെട്ടെന്നായിരിക്കും. കാരണം മറ്റൊന്നുമല്ല- മഞ്ഞുകാലത്ത് മിക്കപ്പോഴും ആളുകള്‍ പുറത്തുപോകാതെ വീട്ടില്‍ തന്നെ അധികസമയവും ചെലവിടും. ഇത് പെട്ടെന്ന് ഏവരിലേക്കും രോഗമെത്തിക്കാം. ഒരു വീട്ടിലെ മുഴുവൻ പേരിലേക്കും രോഗം എളുപ്പത്തിലെത്തുന്ന സാഹചര്യമുണ്ടാകുന്നു.
ഇത്തരത്തില്‍ പനിക്കൊപ്പം ചെങ്കണ്ണ് കൂടി പിടിപെടാതിരിക്കാൻ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ മതി. അവ കൂടി അറിയൂ...
ഒന്ന്...
പുറത്തുപോയിക്കഴിഞ്ഞാല്‍ പിന്നെ തിരിച്ചെത്തി കൈകള്‍ വൃത്തിയായി സോപ്പോ ഹാൻഡ് വാഷോ എല്ലാമിട്ട് കഴുകുന്നത് വരെയും കണ്ണുകളില്‍ തൊടാതിരിക്കുക. കൈകള്‍ ഇടവിട്ട് വൃത്തിയാക്കുന്നത് ചെങ്കണ്ണ് എന്നല്ല പല രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും.
രണ്ട്...
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ എല്ലാം മൂക്കും വായും പൊത്തിപ്പിടിക്കുന്നത് നല്ലതാണ്. ഇത് ശ്വാസകോശാണുബാധകള്‍ പടരുന്നത് തടയും. ഇതിലൂടെ ചെങ്കണ്ണിന്‍റെ ബാധയും തടയാൻ സാധിച്ചേക്കും.
മൂന്ന്...
വ്യക്തിപരമായി ഉപയോഗിക്കുന്ന സാധനങ്ങള്‍- അതൊരു ടവലോ, കുപ്പായമോ എന്തോ ആകട്ടെ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക. ഇതിലൂടെ പല രോഗങ്ങളെയും അതുപോലെ തന്നെ സീസണലായി വരുന്ന പനി, വൈറല്‍ അണുബാധകള്‍ എന്നിവയെ എല്ലാം ചെറുക്കാനും സാധിക്കും.
നാല്...
ശ്വാസകോശത്തിന് പ്രശ്നം പറ്റുന്ന രീതിയിലുള്ള ശീലങ്ങളും പതിവുകളും ഉപേക്ഷിക്കുക. മദ്യപാനം, പുകവലി മാത്രമല്ല- മഞ്ഞുകാലത്താണെങ്കില്‍ രാത്രിയിലെ കറക്കം, യാത്ര എന്നിങ്ങനെ പലതും ശ്രദ്ധിക്കണം. അതുപോലെ ഭക്ഷണം, മറ്റ് ജീവിതരീതികള്‍ എല്ലാം ആരോഗ്യകരമായി വേണം മുന്നോട്ടുകൊണ്ടുപോകാൻ.
അഞ്ച്...
പനിയോ ചെങ്കണ്ണോ ബാധിച്ചവരില്‍ നിന്ന് പരമാവധി അകലം പാലിക്കുക. വീട്ടിലാര്‍ക്കെങ്കിലും ഇവയുണ്ടെങ്കിലും അവരുമായും അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് രോഗം പടര്‍ന്നുപിടിക്കാതിരിക്കാൻ ചെയ്യാവുന്ന മുന്നൊരുക്കമായി കണ്ടാല്‍ മതി.
Also Read:- മൂത്രമൊഴിക്കുമ്പോള്‍ വേദന? എന്തുകൊണ്ടാണെന്ന് അറിയാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
