Asianet News MalayalamAsianet News Malayalam

3000 പേർക്ക് കിടത്തി ചികിത്സ; ഏറ്റവും വലിയ ആശുപത്രി ശ്യംഖലയാകാനൊരുങ്ങി ആസ്റ്റര്‍

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മൂവായിരത്തിലേറെ രോഗികളെ ഒരേസമയം കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കും. 

aster hospitals aim to become largest hospital network in kerala
Author
First Published Feb 23, 2024, 4:20 PM IST | Last Updated Feb 23, 2024, 4:20 PM IST

സംസ്ഥാനത്തെ ആരോഗ്യസേവന മേഖലയില്‍ മുന്‍നിരയിലുള്ള ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് പുതിയ വികസനപദ്ധതികള്‍ പ്രഖ്യാപിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മൂവായിരത്തിലേറെ രോഗികളെ ഒരേസമയം കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കും. അതോടെ കേരളത്തിലെ ഏറ്റവും വലിയ ആശുപത്രി ശ്യംഖലയെന്ന ഖ്യാതി ഒരിക്കല്‍ കൂടി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ഊട്ടിയുറപ്പിക്കും.കേരളത്തിലെ ഈ പുതിയ വികസനപദ്ധതികള്‍ക്കായി 1000 കോടി രൂപയുടെ നിക്ഷേപമാണ് കരുതിയിരിക്കുന്നത്.

2025 ല്‍ 350 ബെഡ്ഡുകളുള്ള പുതിയ ആസ്റ്റര്‍ ഹോസ്പിറ്റല്‍ കാസര്‍ഗോഡ് പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപുരത്ത് നിര്‍മിക്കുന്ന ആശുപത്രിയില്‍ 500 കിടക്കകളും ഉണ്ടായിരിക്കും. 2026ല്‍ തലസ്ഥാനത്തെ ആശുപത്രി പ്രവര്‍ത്തനമാരംഭിക്കും. ഇവയ്ക്ക് പുറമെ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലും കണ്ണൂരും കോഴിക്കോടും കോട്ടയ്ക്കലുമുള്ള ആസ്റ്റര്‍ മിംസ് ആശുപത്രികളിലും 100 കിടക്കകള്‍ വീതം കൂടുതലായി ഉള്‍പ്പെടുത്തും. കേരളത്തിലെ ആരോഗ്യരംഗത്ത് ദിനംപ്രതി വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഈ വികസനപദ്ധതികള്‍ വലിയ പങ്കുവഹിക്കും. കൂടാതെ് സ്വന്തം പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ 80 ശതമാനവും സൗരോര്‍ജത്തില്‍ നിന്ന് സ്വയം നിര്‍മിക്കുന്ന പദ്ധതിയ്ക്കും കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് തുടക്കമിടുന്നു. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരാശുപത്രി ശൃംഖല ഇത്രയും വലിയ തോതില്‍ സൗരോര്‍ജം ഉത്പാദിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നത്.

ഇക്കാലയളവില്‍ കേരളത്തില്‍ മാത്രം ആസ്റ്റര്‍ ഹോസ്പിറ്റല്‍സിലൂടെ ആരോഗ്യസേവന രംഗത്ത് അയ്യായിരം തൊഴിലവസരങ്ങള്‍ ലഭ്യമാകും. കഴിവും വൈദഗ്ധ്യവുമുള്ള യുവാക്കള്‍ അവസരങ്ങള്‍ തേടി രാജ്യം വിട്ടുപോകുന്നതിന് പകരം നാട്ടില്‍ തന്നെ അവര്‍ക്ക് ആവശ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഇത് ശക്തി പകരും. നിലവില്‍ വിവിധ വിഭാഗങ്ങളിലായി 15,000 ലധികം പേര്‍ കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സാന്നിധ്യമുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ആസ്റ്റര്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം 175 ആസ്റ്റര്‍ ലാബുകളും 86 ഫാര്‍മസികളും നിലവിലുണ്ട്. അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സംഖ്യ 250 ആയി ഉയര്‍ത്തും. ആസ്റ്ററിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത്‌കെയര്‍, ഹോം കെയര്‍ എന്നീ സംവിധാനങ്ങളും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

കേരളത്തിന്റെ വിവിധ മേഖലകളിലേക്ക് ആരോഗ്യസേവനങ്ങള്‍ എത്തിച്ച്, എല്ലാവര്‍ക്കും ഉന്നതനിലവാരമുള്ള ചികിത്സലഭ്യമാക്കാനുള്ള ശ്രമമാണ് ആസ്റ്ററിന്റെയെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയുടെ വിശാലമായ 40 ഏക്കര്‍ കാമ്പസില്‍ ഫിസിക്കല്‍ മെഡിസിനും പുനരധിവാസത്തിനും പ്രത്യേക ബ്ലോക്കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായും ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. കേരളം നിക്ഷേപ സൗഹ്യദ സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന 15 ആശുപത്രികളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ വിവിധ വിഭാഗങ്ങളുടെ സേവനം പ്രത്യേകം ലഭ്യമാണ്. ഇതില്‍ മൂന്ന് അത്യാഹിതവിഭാഗങ്ങളും ഉള്‍പ്പെടുന്നു. ഇത് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആശുപത്രികളിലേക്ക് വിപുലീകരിക്കും.

അടുത്തിടെ ബ്രിട്ടനിലുള്ള എന്‍.എച്ച്.എസ് ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക്‌ഷെയറുമായി ആസ്റ്റര്‍ മെഡ്സിറ്റി കരാറൊപ്പിട്ടത് സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വലിയ വാര്‍ത്തയായിരുന്നു. ബ്രിട്ടീഷ് ആരോഗ്യവകുപ്പുമായി സഹകരിച്ച് ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ലോകോത്തര നിലവാരമുള്ള പരിശീലനവും അക്കാദമിക വളര്‍ച്ചയും ലഭ്യമാക്കുന്ന പരിപാടിയാണിത്. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പരിശീലനം നേടുന്ന ഡോക്ടര്‍മാര്‍ക്ക് പ്രൊഫഷണല്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക് അസസ്‌മെന്റ് ബോര്‍ഡിന്റെ (PLAB) കടമ്പയില്ലാതെ തന്നെ നേരിട്ട് യുകെയിലുള്ള തെരെഞ്ഞെടുത്ത എന്‍.എച്ച്.എസ് ആശുപത്രികളില്‍ ജൂനിയര്‍, സീനിയര്‍ തസ്തികകളില്‍ ജോലിക്ക് പ്രവേശിക്കാം.

വിദേശികള്‍ക്കിടയില്‍ കേരളത്തെ ഒരു മെഡിക്കല്‍ ടൂറിസം ഹബ്ബാക്കി മാറ്റുന്നതില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതില്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി കൈവരിച്ച നേട്ടങ്ങള്‍ എടുത്തുപറയേണ്ടതാണെന്ന് ആസ്റ്റര്‍ മെഡ്സിറ്റി ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ധന്യ ശ്യാമളന്‍ പറഞ്ഞു. ലോകത്തെവിടെയുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ആസ്റ്റര്‍ ആശുപത്രികളില്‍ സ്വീകാര്യമാണ്. അതുവഴി ലോകത്തെവിടെയുള്ളവര്‍ക്കും ഉന്നതഗുണനിലവാരമുള്ള ചികിത്സ കേരളത്തില്‍ ലഭ്യമാകുന്നു.

മികവിലും പുതുമയിലും ഊന്നിക്കൊണ്ട്, കേരളത്തിന്റെ ആരോഗ്യരംഗത്ത് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറാനുള്ള നിതാന്തപരിശ്രമം തുടരുകയാണ് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്. നീണ്ട വര്‍ഷങ്ങളുടെ അനുഭവസമ്പത്തോടെ ഇന്ന് രാജ്യത്തിനുള്ളിലും വിദേശത്തും അറിയപ്പെടുന്ന ചികിത്സാകേന്ദ്രമായി ആസ്റ്റര്‍ ആശുപത്രികള്‍ പേരെടുത്തു കഴിഞ്ഞു. രോഗികള്‍ക്ക് ഏറ്റവും ഗുണമേന്മയുള്ള ചികിത്സ നല്‍കുന്നതിലും ലോകത്തെ അത്യാധുനിക ചികിത്സാസംവിധാനങ്ങളും രീതികളും ആദ്യം അവലംബിക്കുന്നതിലും എന്നും മുന്നിട്ട് നിന്നു. മറ്റെല്ലായിടത്തും പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് കരുതിയ നിരവധി ഗുരുതര രോഗികള്‍ക്കും അവസാനത്തെ ആശ്രയമായി, അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അധികം വൈകാതെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു ആസ്റ്റര്‍ ആശുപത്രിയുണ്ടാകുമെന്നാണ് പുതിയ പ്രഖ്യാപനങ്ങളുടെ രത്‌നച്ചുരുക്കം.

Latest Videos
Follow Us:
Download App:
  • android
  • ios