നെഫ്രോളജി മേഖലയിലെ ഉന്നത ബഹുമതിയായി അറിയപ്പെടുന്ന അവാർഡാണ് ദ്രോണാചാര്യ പുരസ്കാരം.
ആസ്റ്റർ മെഡ്സിറ്റിയിലെ നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. വി. നാരായണൻ ഉണ്ണിക്ക് നെഫ്രോളജി മേഖലയിലെ ഉന്നത ബഹുമതിയായി അറിയപ്പെടുന്ന ദ്രോണാചാര്യ പുരസ്കാരം. മുംബൈയിൽ നടക്കുന്ന ഈ വർഷത്തെ നെഫ്രോളജി സെമി വീക്ക് സമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
നാല് പതിറ്റാണ്ടിലേറെയായി വൃക്കരോഗ പരിചരണ മേഖലയിൽ നൽകി വരുന്ന സംഭാവനകളും നിസ്വാർത്ഥ സേവനവുമാണ് പുരസ്കാരത്തിന് വഴിയൊരുക്കിയത്. ഒരു ഡോക്ടർ എന്ന നിലയിൽ അടയാളപ്പെടുത്തേണ്ട നിരവധി പ്രവർത്തനങ്ങൾക്കായിരുന്നു ഇക്കാലളവിൽ അദ്ദേഹം നേതൃത്വം നൽകിയത്.
അസോസിയേഷൻ ഓഫ് വാസ്കുലർ ആക്സസ് ആന്റ് ഇന്റർവെൻഷണൽ റീനൽ ഫിസിഷ്യൻസ്, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഹീമോഡയാലിസിസ്, ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീമോഡയാലിസിസ്, മുംബൈ നെഫ്രോളജി ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ വർഷത്തെ നെഫ്രോളജി സെമി വീക്ക് സമ്മേളനം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം ഞായറാഴ്ചയാണ് സമാപിക്കുന്നത്.
നെഫ്രോളജിസ്റ്റുകൾ, ഇന്റർവെൻഷണൽ റീനൽ ഫിസിഷ്യൻമാർ, വാസ്കുലർ സർജൻമാർ, യൂറോളജിസ്റ്റുകൾ, നഴ്‌സുമാർ, ഡയാലിസിസ് ടെക്‌നീഷ്യൻമാർ, കാത്ത് ലാബ് ടെക്‌നീഷ്യൻമാർ എന്നിവരുൾപ്പെടെ ഈ മേഖലയിൽ രാജ്യത്തെ പ്രമുഖരായ ആരോഗ്യ പ്രവർത്തകരുടെ ഒത്തുചേരലിന് കൂടിയാണ് ഈ വർഷത്തെ സമ്മേളനം വഴിയൊരുക്കുന്നത്.
