Asianet News MalayalamAsianet News Malayalam

ബാര്‍ബര്‍ ഷോപ്പുകള്‍ 'ഓണ്‍' ആകുമ്പോള്‍ തയ്യാറെടുപ്പുകള്‍ ഇങ്ങനെ; വീഡിയോ...

മുടി വെട്ടുമ്പോള്‍ ഉപയോഗിക്കുന്ന ടവല്‍  പലരും ഒരെണ്ണം തന്നെ ഉപയോഗിക്കുന്നത് വലിയ അപകടഭീഷണിയാകുമെന്ന് നേരത്തേ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മദ്ധ്യപ്രദേശില്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി. ഒരേ ടവല്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് സലൂണിലെത്തിയ ആറ് പേര്‍ക്കാണ് മദ്ധ്യപ്രദേശിലെ ഖര്‍ഗാവോണില്‍ കൊവിഡ് 19 പിടിപെട്ടത്

barber shops in kerala opened amid lockdown lockdown loosening
Author
Trivandrum, First Published May 19, 2020, 6:12 PM IST

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ഏറ്റവുമധികം പേരും അവശ്യസേവനങ്ങളിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടത് ബാര്‍ബര്‍ ഷോപ്പുകളെയായിരുന്നു. എന്നാല്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാതിരിക്കുകയായിരുന്നു. 

എന്നാലിപ്പോള്‍ നാലാം ഘട്ട ലോക്ഡൗണില്‍ കേരളത്തില്‍ കര്‍ശന മാനദണ്ഡങ്ങളോടെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുകയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനത്തിന് ഏറ്റവുമധികം സാധ്യതകള്‍ തുറന്നിടുമെന്നതിനാല്‍ തന്നെ വളരെയധികം ജാഗ്രതയോടെയാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

മാസ്‌കും ഗ്ലൗസും ധരിച്ചേ, ജോലി ചെയ്യൂ എന്നും, ഉപഭോക്താക്കള്‍ക്കിടയില്‍ സാമൂഹികാകലം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ഇവര്‍ പറയുന്നു. അതോടൊപ്പം തന്നെ ഉപഭോക്താക്കള്‍ക്കായി കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ എഴുതിത്തയ്യാറാക്കി പരസ്യപ്പെടുത്താനും പല കടയുടമകളും തയ്യാറായിട്ടുണ്ട്. 

ബാര്‍ബര്‍ ഷോപ്പുകള്‍ ഇന്ന് മുതല്‍ തുടങ്ങിയെങ്കിലും ഇന്നത്തെ ദിവസം കടയും ഉപകരണങ്ങളുമെല്ലാം വൃത്തിയാക്കി സാനിറ്റൈസ് ചെയ്യാനാണ് മിക്കവരും ചിലവഴിച്ചത്. മുടി വെട്ടുമ്പോള്‍ ഉപയോഗിക്കുന്ന ടവല്‍  പലരും ഒരെണ്ണം തന്നെ ഉപയോഗിക്കുന്നത് വലിയ അപകടഭീഷണിയാകുമെന്ന് നേരത്തേ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മദ്ധ്യപ്രദേശില്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി. ഒരേ ടവല്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് സലൂണിലെത്തിയ ആറ് പേര്‍ക്കാണ് മദ്ധ്യപ്രദേശിലെ ഖര്‍ഗാവോണില്‍ കൊവിഡ് 19 പിടിപെട്ടത്. 

Also Read:- ഒരേ സലൂണില്‍ നിന്ന് മുടിവെട്ടിയ 6 പേര്‍ക്ക് കൊവിഡ് 19; ബാര്‍ബറുടെ ടെസ്റ്റ് ഫലം നെഗറ്റീവ്!...

അതിനാല്‍ തന്നെ ടവലുകള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം വേണമെന്ന് നിഷ്‌കര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനിടെ എടുത്തുപറഞ്ഞതുമാണ്. അതിനാല്‍ വീട്ടില്‍ നിന്ന് ടവലുമായി എത്താന്‍ കഴിയുന്നവര്‍ പരമാവധി അങ്ങനെ ചെയ്യണമെന്നാണ് ബാര്‍ബര്‍ ഷോപ്പ് ഉടമകളും ജീവനക്കാരും പറയുന്നത്. അതിന് കഴിയാത്തവര്‍ക്ക് പണമടച്ചാല്‍ ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന തരത്തിലുള്ള ടവലുകള്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ തന്നെ ഒരുക്കിയവരുമുണ്ട്. 

ടവല്‍ മാത്രമല്ല, ബ്ലേഡുകളും നിര്‍ബന്ധമായി ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കേണ്ടതുണ്ട്. അക്കാര്യവും തീര്‍ച്ചയായും പിന്തുടരുമെന്നും ഇവര്‍ പറയുന്നു. മിക്കവാറും സ്ഥലങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തതിന് അനുസരിച്ചാണ് ആളുളെ എടുക്കുന്നത്. കടയ്ക്കകത്തേയും പുറത്തേയും തിരക്ക് ഒഴിവാക്കാനാണിതെന്ന് കടയുടമകള്‍ പറയുന്നു. 

വീഡിയോ കാണാം...

 

Follow Us:
Download App:
  • android
  • ios