പ്രമേഹം അഥവാ ഷുഗര്‍ കുറയ്ക്കാൻ ബാര്‍ലി വെള്ളം; ഇങ്ങനെ ചെയ്താല്‍ മതി...
പ്രമേഹം നിയന്ത്രിക്കാൻ ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ബാര്‍ലിയെ കുറിച്ച് കേട്ടിട്ടില്ലേ? ഇതുവച്ച് തയ്യാറാക്കുന്ന ബാര്‍ലി വെള്ളമാണ് ഷുഗര്‍ നിയന്ത്രിക്കാൻ കഴിക്കാവുന്ന ഹെല്‍ത്തിയായ പാനീയം

പ്രമേഹം അഥവാ ഷുഗര്‍ ഒരു ജീവിതശൈലീരോഗമാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹത്തെ അല്‍പം കൂടി ഗൗരവത്തോടെയാണ് ഏവരും സമീപിക്കുന്നത്. മറ്റൊന്നുമല്ല, പ്രമേഹം ക്രമേണ പല ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും, അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കുമെന്നതിനാലാണിത്.
ടൈപ്പ്-2 പ്രമേഹമാണ് മിക്കവരെയും ബാധിക്കുന്നത്. ഇതാണെങ്കില്‍ ഭേദപ്പെടുത്തുകയെന്നത് പ്രയാസകരമാണ്. ഭക്ഷണം അടക്കമുള്ള ജീവിതശൈലികളിലൂടെ ഇതിനെ നിയന്ത്രിക്കുക മാത്രമാണ് ഏക പരിഹാരം. പ്രധാനമായും ഭക്ഷണം തന്നെയാണ് പ്രമേഹമുള്ളവര്‍ നിയന്ത്രിക്കേണ്ടത്. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനൊപ്പം തന്നെ ചിലത് ഡയറ്റിലുള്‍പ്പെടുത്തുന്നതും ഷുഗര്‍ നിയന്ത്രിക്കാൻ സഹായിക്കും.
ഇത്തരത്തില്‍ പ്രമേഹം നിയന്ത്രിക്കാൻ ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ബാര്‍ലിയെ കുറിച്ച് കേട്ടിട്ടില്ലേ? ഇതുവച്ച് തയ്യാറാക്കുന്ന ബാര്‍ലി വെള്ളമാണ് ഷുഗര്‍ നിയന്ത്രിക്കാൻ കഴിക്കാവുന്ന ഹെല്‍ത്തിയായ പാനീയം.
ബാര്‍ലി വെള്ളം എങ്ങനെയെല്ലാമാണ് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നത് എന്ന് കൂടി അറിയാം. ബാര്‍ലിയിലുള്ള സോല്യൂബള്‍ ഫൈബര്‍ രക്തത്തിലെ ഗ്ലൂക്കോസ് നില താഴ്ത്താൻ സഹായിക്കുകയാണ്. ഇത് ഷുഗര്‍ കൂടുന്നത് തടയുന്നു. എൻഐഎച്ച് (നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്) നടത്തിയൊരു പഠനം ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്.
ഇൻസുലിൻ ഹോര്‍മോണിന്‍റെ ഉത്പാദനം കുറയുകയോ അല്ലെങ്കില്‍ ഇൻസുലിൻ ഹോര്‍മോണ്‍ ഉണ്ടായിട്ടും അത് ശരീരത്തിന് ഉപയോഗപ്പെടുത്താൻ സാധിക്കാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹത്തിലുണ്ടാകുന്നത്. ഇതോടെയാണ് രക്തത്തില്‍ ഗ്ലൂക്കോസ് നില ഉയരുകയും ഷുഗറുണ്ടാവുകയും ചെയ്യുന്നത്.
ഈ രണ്ട് അവസ്ഥകളെയും ലഘൂകരിക്കാൻ ബാര്‍ലി വെള്ളം സഹായിക്കുന്നു. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നതിനും അതുപോലെ തന്നെ ഉള്ള ഇൻസുലിൻ ഹോര്‍മോണ്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനും ബാര്‍ലി വെള്ളം ഒരുപോലെ സഹായിക്കുന്നു.
ഇവയ്ക്കൊപ്പം തന്നെ നമ്മുടെ ദഹനപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുമെല്ലാം ബാര്‍ലി വെള്ളം സഹായിക്കുന്നു. ഇതെല്ലാം പ്രമേഹം നിയന്ത്രിക്കുന്നതിന് തന്നെയാണ് വീണ്ടും സഹായകമാകുന്നത്.
ഇനി ബാര്‍ലി വെള്ളം എങ്ങനെ തയ്യാറാക്കാമെന്ന് കൂടി നോക്കാം. വളരെ ലളിതമാണിത്. രണ്ട് ഗ്രാസ് വെള്ളം ആദ്യം തിളപ്പിക്കണം. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബാര്‍ലി ചേര്‍ക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് കൂടിയിട്ട് ഒന്നുകൂടി തിളപ്പിക്കണം. ചെറിയ തീയില്‍ അര മണിക്കൂര്‍ തിളപ്പിച്ചെടുത്ത ശേഷം വാങ്ങിയെടുത്ത്, അരിച്ച് വെള്ളം മാത്രം കുടിക്കാവുന്നതാണ്. താല്‍പര്യമുണ്ടെങ്കില്‍ അല്‍പം ചെറുനാരങ്ങാനീരും പെരഞ്ചീരകവും ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. രാവിലെ ഭക്ഷണമെന്തെങ്കിലും കഴിക്കുന്നതിന് മുമ്പായി ഇത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ രാത്രിയില്‍ കിടക്കാൻ പോകും മുമ്പായും കഴിക്കാം.
Also Read:- ഗ്യാസ് കയറി വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥയുണ്ടാകാറുണ്ടോ? ഇതാ പരിഹാരം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-