'മൊഹബ്ബത്തേന്‍' എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ഉദയ് ചോപ്ര വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെയ്ത പല വേഷങ്ങളും അത്രതന്നെ ശ്രദ്ധ നേടിയില്ല. എങ്കിലും അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച 'ധൂം' എന്ന ചിത്രം ഉദയിന് വലിയ കരിയര്‍ ബ്രേക്ക് ആണ് നേടിക്കൊടുത്തത്

താന്‍ പ്രശ്‌നത്തിലാണെന്നും എത്ര ശ്രമിച്ചിട്ടും 'ഓക്കെ'യാകാന്‍ ആവുന്നില്ലെന്നും തുറന്നെഴുതി ബോളിവുഡ് നടന്‍ ഉദയ് ചോപ്ര. ആത്മഹത്യയെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുന്ന വരികളും ഉദയ് ട്വീറ്റ് ചെയ്തു. എന്നാല്‍ സംഗതി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായതോടെ മണിക്കൂറുകള്‍ക്കകം തന്നെ രണ്ട് ട്വീറ്റും ഉദയ് പിന്‍വലിച്ചു. 

'ഞാന്‍ അത്ര ഓക്കെയല്ല, ശരിയാകാന്‍ തീവ്രമായി ശ്രമിക്കുന്നുണ്ട്. പക്ഷേ ഇതുവരെയും ആ ശ്രമം, പരാജയപ്പെടുകയാണുണ്ടായത്'- ഉദയ് കുറിച്ചു. 

മുമ്പ് പല തവണ നടന്‍ താന്‍ വിഷാദരോഗത്തിലാണെന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ തന്നെ സൂചിപ്പിച്ചിരുന്നു. ഇതിനിടെ പ്രണയനൈരാശ്യവും ഉദയിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. 

'വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന അതേ തീവ്രതയോടെ പ്രണയിക്കാനായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുകയാണ്. അന്നാണെങ്കില്‍ പ്രണയിക്കാന്‍ അവളുണ്ടായിരുന്നു. അവളെ സ്‌നേഹിക്കുമ്പോഴായിരുന്നു ജീവിക്കുകയാണെന്ന തോന്നലുണ്ടായത്. ഇപ്പോഴാ തോന്നല്‍ നഷ്ടപ്പെട്ടിരിക്കുന്നു. എനിക്കത് തിരിച്ചുവേണം. ഒരുപക്ഷേ അത് മാത്രമായിരിക്കും എനിക്ക് തിരികെ വേണ്ടത്...'- ആഗസ്റ്റില്‍ ഉദയ് കുറിച്ച വാക്കുകളാണിത്. 

വിഷാദരോഗത്തിന് അടിമകളാകുന്നവരില്‍ മിക്കവര്‍ക്കും ആത്മഹത്യാപ്രവണതയുണ്ടാകുമെന്ന് മനശാസ്ത്ര വിദഗ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുവിടങ്ങളില്‍ ഇക്കാര്യം തുറന്നുപറയുന്നത് ഒരു പരിധി വരെ രോഗിയെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കൃത്യമായ ചികിത്സയും, ആരോഗ്യകരമായ ജീവിതചര്യകളും തന്നെയാണ് വിഷാദത്തെ മറികടക്കാന്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. 

വിഷാദരോഗത്തെ കുറിച്ച് നേരത്തെ പല ബോളിവുഡ് താരങ്ങളും തുറന്നെഴുത്തുകള്‍ നടത്തിയിട്ടുണ്ട്. മനീഷ കൊയ് രാള, ദീപിക പദുക്കോണ്‍, ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ പ്രമുഖരാണ് ഈ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നത് എന്നതാണ് ശ്രദ്ധേയം. ഈ പട്ടികയിലേക്കാണ് ഇപ്പോള്‍ ഉദയ് ചോപ്രയും ഉള്‍പ്പെട്ടിരിക്കുന്നത്. 

'മൊഹബ്ബത്തേന്‍' എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ഉദയ് ചോപ്ര വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെയ്ത പല വേഷങ്ങളും അത്രതന്നെ ശ്രദ്ധ നേടിയില്ല. എങ്കിലും അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച 'ധൂം' എന്ന ചിത്രം ഉദയിന് വലിയ കരിയര്‍ ബ്രേക്ക് ആണ് നേടിക്കൊടുത്തത്. 2013ല്‍ ഇറങ്ങിയ 'ധൂം 3' ക്ക് ശേഷം ഉദയ് സിനിമാമേഖലയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.