ചൈനയിൽ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. രണ്ടായിരത്തോളം പേരെ വൈറസ് ബാധിച്ചതായി അധികൃതർ ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 15 ഓളം പേർ മരിച്ചു. ചൈനീസ് നഗരമായ ഷാങ്‌ഹായിൽ കൊറോണ ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു.

ഹുബെയിൽ ആകെ മരിച്ചവരുടെ എണ്ണം 52 ആണ്. ‍ഡിസംബർ അവസാനത്തോടെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ ഹുബെയിലെ പലയിടത്തായി 323 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദേശീയ തലത്തിൽ ആകെ 1975 പേർക്കു വൈറസ് ബാധയേറ്റതായി ചൈന പ്രതികരിച്ചു. 

വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തി. നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്.