ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഒരു നടുക്കമാണുണ്ടാവുക. സ്ത്രീകളിലും പുരുഷന്മാരിലും ക്യാന്‍സര്‍ ഒരു പോലെ ഉണ്ടാകുന്നു.

ക്യാൻസർ ഒരു നിശ്ശബ്ദ കൊലയാളിയാണ്. എന്നാൽ നേരത്തെ തിരിച്ചറിഞ്ഞാല്‍ ഒരു പരിധി വരെ നമ്മുക്ക് രോഗത്തെ നിയന്ത്രിക്കാം. ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ക്യാൻസറിന്‍റെ ചില പൊതുവായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

അകാരണമായി ശരീര ഭാരം കുറയുന്നത് ചിലപ്പോള്‍ ഏതെങ്കിലും ക്യാന്‍സറുമായി ബന്ധപ്പെട്ടതാകാം. ക്യാൻസർ കോശങ്ങൾക്ക് ശരീരത്തിന്‍റെ മെറ്റബോളിസത്തിൽ മാറ്റം വരുത്താൻ കഴിയും. ഇതുമൂലം നിങ്ങളുടെ ഭക്ഷണക്രമത്തിലോ വ്യായാമ മുറയിലോ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പോലും ശരീരഭാരം കുറയാം. അത്തരത്തില്‍ വ്യക്തമായ കാരണമില്ലാതെ ശരീരഭാരം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. 

രണ്ട്... 

ഒരു കാരണവുമില്ലാതെ അമിതമായ ക്ഷീണം അനുഭവപ്പെടുന്നതും ചില ക്യാന്‍സറുകളുടെ ലക്ഷണമായി കാണപ്പെടാറുണ്ട്. എന്നാല്‍ എല്ലാ ക്ഷീണവും ക്യാന്‍സറിന്‍റേതല്ല. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം ഉണ്ടാകാം. ക്യാൻസറുമായി ബന്ധപ്പെട്ട ക്ഷീണം പലപ്പോഴും വിശ്രമം കൊണ്ട് മാറ്റാന്‍ കഴിയില്ല. ഉറക്കവും വിശ്രമവും ഉണ്ടായിരുന്നിട്ടും നിങ്ങൾ സ്ഥിരമായി ക്ഷീണിതനാണെന്ന് കണ്ടെത്തുകയാണെങ്കിൽ, ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. 

മൂന്ന്... 

ചർമ്മത്തിലെ മാറ്റങ്ങളും ശ്രദ്ധിക്കാതെ പോകരുത്. ചർമ്മത്തിൽ ഏതെങ്കിലും മറുക് വലുതാവുകയോ രക്തം വരുകയോ ചെയ്യുന്നുണ്ടെങ്കിൽ പരിശോധന നടത്താന്‍ മടിക്കേണ്ട. മറുകുകളുടെ ആകൃതി, നിറം എന്നിവ പോലുള്ള ചർമ്മത്തിലെ മാറ്റങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണം. ഇവയെല്ലാം ചിലപ്പോള്‍ സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടതാകാം. 

നാല്... 

വായിൽ ഉണങ്ങാത്ത മുറിവുകളുണ്ടെങ്കിലും പരിശോധന നടത്തി ക്യാൻസറല്ലെന്ന് ഉറപ്പ് വരുത്തുക. സ്ഥിരമായുള്ള തലവേദന, വയറുവേദന, നടുവേദന തുടങ്ങിയവയും നിസാരമായി കാണേണ്ട. വേദനയുടെ സ്ഥാനം, ദൈർഘ്യം, സവിശേഷതകൾ എന്നിവയിൽ ശ്രദ്ധ ചെലുത്തുകയും സമഗ്രമായ വിലയിരുത്തലിനായി ഡോക്ടറെ സമീപിക്കേണ്ടതും പ്രധാനമാണ്. 

അഞ്ച്...

സ്ഥിരമായുള്ള മലബന്ധം, വയറിളക്കം, മലത്തിലോ മൂത്രത്തിലോ രക്തം, അല്ലെങ്കിൽ മൂത്രത്തിന്റെ ആവൃത്തിയിലുള്ള മാറ്റങ്ങൾ, ആർത്തവ ക്രമത്തിലെ മാറ്റങ്ങൾ എന്നിവയും ചില ക്യാൻസറുകളെ സൂചിപ്പിക്കാം. 

ആറ്... 

ഏതാനും ആഴ്‌ചകളിൽ കൂടുതൽ നീണ്ടുനിൽക്കുന്ന സ്ഥിരമായ ചുമ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, എപ്പോഴുമുള്ള നെഞ്ചെരിച്ചില്‍ തുടങ്ങിയവയും നിസാരമായി കാണേണ്ട. 

ഏഴ്... 

സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാൻസറിന്‍റെ ലക്ഷണങ്ങളാവാം. മുഴ, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുക, ഞരമ്പുകള്‍ തെളിഞ്ഞു കാണുക, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുക, ദ്രാവകങ്ങള്‍ മുലക്കണ്ണുകളിലൂടെ പുറത്തേക്കു വരുക തുടങ്ങിയവ ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്തനാര്‍ബുദ സൂചനകള്‍ ആരംഭത്തിലെ കണ്ടെത്താന്‍ സ്വയം പരിശോധന നടത്തേണ്ടത് പ്രധാനമാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: വയറിലെ ക്യാന്‍സര്‍; അറിഞ്ഞിരിക്കേണ്ട കാരണങ്ങളും ലക്ഷണങ്ങളും...

youtubevideo