ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. 509 പേർക്ക് വെെറസ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ദേശീയ ആരോഗ്യ കമ്മീഷൻ വാര്‍ത്ത സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. 

ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുമെന്ന് ആരോഗ്യ കമ്മീഷന്‍ മേധാവി ലി ബിന്‍ ബെയ്ജിംഗില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൃത്യമായ മരുന്നുകളും വാക്സിനും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ വൈറസ് ആപത്താണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനയും നൽകിയിട്ടുണ്ട്. വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തി.

നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്. ഇതിനിടെ 'കൊറോണ' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് കഴിഞ്ഞ ദിവസം ചൈന സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് വിഷയത്തിന്റെ തീവ്രത അളവിലധികം വര്‍ധിച്ചത്.

അതേസമയം, പുതിയ രോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യം ചര്‍ച്ച ചെയ്യാനും ലോകാരോഗ്യസംഘടന യോഗം ചേരും. ഇന്ത്യ, അമേരിക്ക, തായ്‌വാന്‍, തായ്‌ലാന്‍ഡ്, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അടിയന്തരയോഗം.