ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 മഹാമാരി ലോകത്തെ വിറപ്പിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കൊറോണ വൈറസിനെ കുറിച്ചുള്ള പഠനങ്ങളും വാക്സിന്‍ പരീക്ഷണങ്ങളും ശാസ്ത്രലോകത്ത് നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ അന്തരീക്ഷത്തിലെ ഈര്‍പ്പനില ഉയര്‍ന്നതാണെങ്കില്‍ കൊറോണ വൈറസ് വാഹകരായ കണങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 23 ഇരട്ടിവരെ കൂടുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. യുഎസിലെ മിസൗറി സര്‍വകലാശാല ആണ് പഠനം നടത്തിയത്. 

അന്തരീക്ഷത്തിലെ ഈര്‍പ്പനിലയും കൊറോണ വൈറസിനെ വഹിക്കുന്ന സൂക്ഷ്മ കണങ്ങളുടെ ആയുര്‍ദൈര്‍ഘ്യവും തമ്മില്‍ ബന്ധമുണ്ടെന്ന ഈ പഠനറിപ്പോര്‍ട്ട്  ജേണല്‍ ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കല്‍ കൊവിഡ് പ്രതിരോധത്തില്‍ ഏറെ നിര്‍ണായകമാണെന്നും ഈ പഠനം വ്യക്തമാക്കുന്നു. കൊവിഡ് രോഗികളുടെ നിശ്വാസവായുവിലെ കണങ്ങളുടെ സഞ്ചാരപഥത്തെ വായുവിലെ മര്‍ദവ്യത്യാസം എങ്ങനെ ബാധിക്കുന്നുവെന്ന് ഗവേഷകര്‍ വികസിപ്പിച്ചെടുത്ത മാതൃകയില്‍ വിശദമായി പറയുന്നു.

സംസാരിക്കുന്നതിലൂടെയും, ചുമ, ശ്വസനം തുടങ്ങിയ സ്വാഭാവിക പ്രക്രിയകളിലൂടെയുമാണ് വൈറസിന്റെ വ്യാപനം നടക്കുന്നതെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് ഈ വൈറസ് വായുവിലൂടെ ഇത്തരത്തില്‍ പകരുന്നത് എന്നതിനെ കുറിച്ച് വളരെ കുറച്ചുമാത്രമേ അറിയാന്‍ സാധിച്ചിട്ടുള്ളൂവെന്നും ഗവേഷകര്‍ പറയുന്നു.

കണങ്ങളില്‍ അടങ്ങിയിരിക്കുന്ന വൈറസുകളുടെ സാന്നിധ്യം അതിന്റെ വലിപ്പത്തിന് ആനുപാതികമാണെങ്കില്‍ ചുമയ്ക്കുമ്പോള്‍ 70 ശതമാനം വൈറസുകളും പുറത്തെത്തും എന്നാണ് ഗവേഷകനായ ബിന്‍ബിന്‍ വാങ് പറയുന്നത്. സാമൂഹിക അകലം പാലിക്കുന്നത് കൊവിഡ് വ്യാപനത്തെ കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു. 

Also Read: ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് മാരകമല്ല, മരണനിരക്ക് കുറവെന്ന് വിദഗ്ധര്‍...