ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ കൊറോണാവൈറസ് പടരുന്നു.  രാജ്യത്ത് ഏകദേശം എണ്‍പത്തോളം ആളുകള്‍ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടായിരത്തിലധികം ആളുകള്‍ രോഗബാധിതരായി ചികിത്സയിലാണ്. ഭീതിതമായ സാഹചര്യമാണ് തുടരുന്നത് എന്ന്  ചൈനീസ് ആരോഗ്യ മന്ത്രാലയം തന്നെ വ്യക്തമാക്കി. വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു. അതിനിടെ യുഎസിലും തയ്‍വാനിലും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഒരു വ്യക്തി രോഗബാധിതനായാല്‍ അയാള്‍ പോലും അറിയാതെയാണ് മറ്റുവരിലേക്ക് പടരുന്നത്. 'പുതിയ കൊറോണാവൈറസ് അണുബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല, മാത്രമല്ല അതിന്റെ പരിവര്‍ത്തനത്തിന്റെ അപകടസാധ്യതയെക്കുറിച്ചും അത് എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ചും ഞങ്ങള്‍ക്ക് വ്യക്തതയില്ലെന്നും ചൈനീസ് ആരോഗ്യ മന്ത്രി പറഞ്ഞു. 

കൊറോണാവൈറസ് പടര്‍ന്ന്പിടിക്കുന്നതിനിടെ എല്ലാ വന്യമൃഗങ്ങളേയും വില്‍പന നടത്തുന്നതിന് ചൈന ഔദ്യോഗികമായി വിലക്കേര്‍പ്പെടുത്തി. വന്യമൃഗങ്ങളില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈറസ് പടരുന്നതിന്റെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

 

അതിനിടെ കൊറോണ വൈറസ് മനുഷ്യരിലേക്ക് പടർന്നതിന്റെ ഉറവിടം പാമ്പുകളായിരിക്കാം എന്ന നിഗമനത്തിലാണ് ശാസ്ത്ര ലോകത്തിന്‍റെ വിലയിരുത്തലും  വന്നു. ചൈനീസ് ക്രെയ്റ്റും ചൈനീസ് കോബ്രയും. ഇനത്തിൽ പെടുന്നപാമ്പുകളാണ് കൊറോണ വൈറസ് പടരാൻ കാരണമായതെന്നാണ് കണക്കാക്കുന്നത്. മധ്യ-തെക്കൻ ചൈന, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന വിഷമുള്ള പാമ്പാണ് തായ്‌വാനീസ് ക്രെയ്റ്റ് അല്ലെങ്കില്‍ ചൈനീസ് ക്രെയ്റ്റ്. എന്നാല്‍ ഇതും സ്ഥിരീകരിച്ചിട്ടില്ല. 

ലോകാരോഗ്യ സംഘടന തന്നെ പുറത്തുവിട്ട  ലക്ഷണങ്ങള്‍ ഇങ്ങനെ: 

  • പനി
  • കഫം 
  • വീർപ്പുമുട്ടൽ, ശ്വാസതടസ്സം 
  • ന്യൂമോണിയ 
  • സാർസ് 
  • കിഡ്‌നി തകരാർ 
  • മരണം 

 

മുൻകരുതലുകൾ 

ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുക, കൈകൾ ഇടക്കിടെ കഴുകുക,  മറ്റുള്ളവരെ തൊടുകയോ, പരിചയമില്ലാത്ത സ്ഥലങ്ങളിൽ ചെല്ലുകയോ ഒക്കെ ചെയ്താൽ വിശേഷിച്ചും. കുറച്ചു കാലത്തേക്ക് ഫാമുകളുമായും, കശാപ്പുശാലകളുമായും, ജീവനുള്ളതോ ചത്തോ ആയ വന്യമൃഗങ്ങളുമായും, പരിചയമില്ലാത്ത വളർത്തുമൃഗങ്ങളുമായും ഉള്ള നേരിട്ടുള്ള ബന്ധം ഒഴിവാക്കുക. 


  
 അസുഖം ബാധിച്ച മൃഗങ്ങളുമായും, പഴകിയ ഇറച്ചിയുമായും പരമാവധി അകലം പാലിക്കുക. വേണ്ടപോലെ പാചകം ചെയ്യാത്ത ഇറച്ചി, പഴകിയ ഡയറി ഉത്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.