തിരുവനന്തപുരം മണക്കാട്ടെ 'സാധാരണക്കാരുടെ ഡോക്ടര്‍' യാത്രയായി. തിരുവനന്തപുരം അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ. എം.എസ് ആബ്ദീന്‍ (73) കൊവിഡ് ബാധ മൂലമാണ് നിര്യാതനായത്. സംസ്ഥാനത്ത് കൊവിഡ് 19 മൂലം ജീവൻ നഷ്ടപ്പെടുന്ന ആദ്യത്തെ ഡോക്ടർ ആണ് അദ്ദേഹം.  

കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്ന അദ്ദേഹം തിങ്കളാഴ്ച മുതൽ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. വെന്‍റിലേറ്റര്‍ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അദ്ദേഹം ഇന്ന് രാവിലെ വിടപറഞ്ഞു. ഇദ്ദേഹത്തിന് ന്യൂമോണിയ അടക്കമുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 

കൊവിഡ് ബാധിച്ച് 350ലേറെ ഡോക്ടർമാരുടെ മരണങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്നു. കേരളത്തിൽ ഇതാദ്യമാണ് കൊവിഡ് മൂലം ഒരു ഡോക്ടറുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

1980കളിലാണ് കമലേശ്വരത്ത് ഡോ. ആബ്ദീന്‍  കെബിഎം എന്ന ആശുപത്രി തുടങ്ങിയത്. പിന്നീട് കെട്ടിടം മണക്കാട് ഭാഗത്തേയ്ക്ക് മാറുകയായിരുന്നു. 90കളില്‍ നിരവധി ആശുപത്രികള്‍ സമീപഭാഗത്ത് വന്നെങ്കിലും ആബ്ദീന്‍ ഡോക്ടറെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. കാരണം സാധാരാണക്കാര്‍ക്ക് ഒരു ആശ്വാസമായിരുന്നു ആബ്ദീന്‍ ഡോക്ടര്‍. ചിലവ് കുറഞ്ഞ ചികിത്സാകേന്ദ്രമായിരുന്നു അദ്ദേഹത്തിന്‍റെ ആശുപത്രി. 

Also Read: കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ചത് 382 ഡോക്ടർമാർ; പോരാളികളെ കേന്ദ്രം അവ​ഗണിക്കുന്നുവെന്ന് ഐഎംഎ