നമ്മളെ ഏവരേയും ഏറെ ആശങ്കപ്പെടുത്തിക്കൊണ്ടാണ് രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സ്ഥലങ്ങളില്‍ പോലും രോഗികളുടെ എണ്ണം കൂടുന്നത് ഭയപ്പെടുത്തുന്നത് തന്നെയാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് നേരത്തേ കണക്കുകൂട്ടിയിരുന്നുവെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. 

ഇതിനിടെ ഒരു രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരുന്നതിന് സമയപരിധിയുണ്ടെന്ന് ഉറപ്പിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. സിംഗപ്പൂരിലെ 'നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ആന്റ് ദ അക്കാദമി ഓഫ് മെഡിസിന്‍' എന്ന സ്ഥാപനത്തില്‍ നിന്നുമുള്ള വിദഗ്ധരാണ് ഈ നിരീക്ഷണത്തിന് പിന്നില്‍. 

വൈറസ് ബാധയുള്ള ഒരാളില്‍ നിന്ന് അടുത്ത പതിനൊന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമേ, വൈറസ് മറ്റൊരാളിലേക്ക് പകരൂ എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം രോഗിയെ പരിശോധിച്ചുനോക്കിയാലും ടെസ്റ്റ് ഫലം 'പൊസിറ്റീവ്' എന്ന് തന്നെ കാണിക്കും. എന്നാല്‍ അയാള്‍ മറ്റൊരാളിലേക്ക് രോഗം പകര്‍ത്തുന്ന ഘട്ടം പിന്നിട്ടിരിക്കും- ഗവേഷകര്‍ വ്യക്തമാക്കുന്നു. 

കൊവിഡ് 19 രോഗികളെ പഠനവിധേയമാക്കിയ ശേഷമാണ് ഇത്തരമൊരു നിഗമനവുമായി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. 

രോഗലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ തുടങ്ങിയ ഒരു രോഗിയില്‍ നിന്ന് അതിനും രണ്ട് ദിവസങ്ങള്‍ മുമ്പ് തന്നെ രോഗം പകരാന്‍ തുടങ്ങിയിരിക്കുമെന്നും ഈ വ്യാപനം ഏഴ് മുതല്‍ പത്ത് ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കുമെന്നും ഇവര്‍ പറയുന്നു. 

Also Read:- 'കൊറോണ വരുത്തിയ മാറ്റം'; ഞെട്ടിക്കുന്ന ഫോട്ടോകള്‍ പങ്കുവച്ച് രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍...

'ഈ കാലാവധി കഴിഞ്ഞാലും രോഗിയില്‍ നിന്നെടുക്കുന്ന സാമ്പിളില്‍ വൈറസ് സാന്നിധ്യമുണ്ടാകും. എന്നാല്‍ മറ്റൊരാള്‍ക്ക് രോഗം പകര്‍ത്താന്‍ ഇവയ്ക്ക് കഴിയില്ല. രോഗബാധയുണ്ടായി ആദ്യത്തെ ആഴ്ചയാണ് പകര്‍ച്ചയ്ക്ക് ഏറ്റവുമധികം സാധ്യത നില്‍ക്കുന്നത്. പിന്നീട് ഇത് കുറഞ്ഞുവരികയാണ് ചെയ്യുന്നത്...'- ഗവേഷകര്‍ പങ്കുവയ്ക്കുന്ന നിരീക്ഷണം.