ദില്ലി: അടുത്തവർഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിൻ ഇന്ത്യയ്ക്ക്​ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ‌വർധൻ. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും വാക്‌സിൻ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വാക്സിൻ വിതരണം നടത്താനുള്ള പദ്ധതികൾ വിദഗ്​ധ സംഘങ്ങളുമായി ചേർന്ന്​ ആസൂത്രണം ചെയ്​ത് വരികയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

എപ്പോഴാണ് കൊവിഡ് വാക്‌സിന്‍ തയ്യാറാവുന്നതെന്ന് കൃത്യമായി പറയാനാവില്ല. 2021 ആദ്യ പാദത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് എല്ലാ സുരക്ഷാമുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സുരക്ഷിതത്വം, ഉത്പാദനം, വില, വിതരണം എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്ന് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 നിലവിൽ നാല് കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ട്രയലുകൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. 2021 ആദ്യപാദത്തോടെ വാക്‌സിൻ ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണെന്നും, ഈ വർഷം അവസാനത്തോടെയോ, അടുത്ത വർഷം ആദ്യത്തോടെയോ വാക്‌സിൻ ലഭ്യമാക്കുമെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് 19; സ്വയം ചികിത്സയും മരുന്ന് കഴിപ്പും അപകടം!