അഞ്ച് വർഷത്തിന് മുമ്പാണ് ലോകത്ത് ആദ്യമായി കൊവിഡ് തരംഗമുണ്ടായത്. സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡിന്‍റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടത്തെ അധികാരികൾ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ചൈന, തായ്‌ലന്‍ഡ് എന്നി രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുണ്ട്. അഞ്ച് വർഷത്തിന് മുമ്പാണ് ലോകത്ത് ആദ്യമായി കൊവിഡ് തരംഗമുണ്ടായത്.

സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മെയ് 3 ന് അവസാനിച്ച ആഴ്ചയിൽ 14,200 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചെന്നാണ് സിംഗപ്പൂരിൽ നിന്നുള്ള റിപ്പോർട്ട്. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മേയ് 10 ന് 13.66 ശതമാനമായി വർധിച്ചു. നാല് ആഴ്ച മുമ്പ് ഇത് 6.21 ശതമാനമായിരുന്നു.

പനി, ചുമ, തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ്, തുമ്മല്‍, തലവേദന, ശബ്ദം അടയുന്ന അവസ്ഥ, ഓക്കാനം, ഛർദ്ദി, ശരീരവേദന, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, ശ്വാസതടസം, കണ്ണിലെ ചുവപ്പ് എന്നിവയെല്ലാമാണ് പൊതുവേ കൊവിഡിന്‍റെ സൂചനകളായി കാണപ്പെടുന്നത്. എന്നാല്‍ ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെന്ന് കരുതി കൊവിഡ് ആണെന്ന് ഉറപ്പിക്കേണ്ട. ഇന്ത്യയിൽ നിലവിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടായാൽ, മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഡോക്ടറെ കാണുകയും ചെയ്യുക.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.