ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച  കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യങ്ങള്‍. കൊവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരില്‍ രോഗലക്ഷണമുള്ളവരെ ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രികളിലും രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലും നിരീക്ഷണത്തിലാക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിനിടെ ദില്ലിയിലെ ആദ്യ കൊറോണ രോഗി തന്‍റെ ഐസൊലേഷന്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

ദില്ലിയിലെ 45കാരനായ (പേര് വെളിപ്പെടുത്താത്ത) ബിസിനസുകാരനാണ് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. 14 ദിവസം ക്വാറന്റെയിനിൽ കഴിഞ്ഞ അദ്ദേഹം, രോഗ ലക്ഷണം ഉള്ളവർ ഭയപ്പെടേണ്ടെന്നും എത്രയും വേഗം ഡോക്ടറെ കാണുകയാണ് ചെയ്യേണ്ടത് എന്നും പറയുന്നു. കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിലെ വീട്ടിൽ കഴിയുന്ന അദ്ദേഹം ഒരു വാർത്താ ഏജൻസിക്ക്  ടെലിഫോണിലൂടെ നല്‍കിയ അഭിമുഖത്തിലാണ് 14 ദിവസക്കാലത്തെ ഓർമകൾ പങ്കുവെച്ചത്.

ആ നാളുകൾ തന്നെ കൂടുതൽ മതപരമായി അടുപ്പിച്ചെന്ന് ചികിത്സക്ക് ശേഷം ആശുപത്രി വിട്ട അദ്ദേഹം പറഞ്ഞു. ഞാൻ ഒരു പ്രത്യേക റൂമിലാണ് കഴിഞ്ഞത്. അവിടെ എസിയും മറ്റ് സൗകര്യങ്ങളെല്ലാമുണ്ട്, സൂര്യപ്രകാശം കടന്നുവരാൻ ജനാലകളുമുണ്ട്- അദ്ദേഹം പറഞ്ഞു. സിനിമകളിൽ കാണുന്നതുപോലെ ഭീതിപരത്തുന്ന ഇരുട്ട് നിറഞ്ഞ മുറിയിൽ ആയിരുന്നില്ല താൻ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു. ഡോക്ടർമാർ  ശ്രദ്ധയോടെ കൂടെയുണ്ടായിരുന്നു. രോഗലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ കഴിയരുതെന്നും ഭയപ്പെടാതെ ആശുപത്രിയിൽ ചികിത്സ തേടുകയാണ് വേണ്ടതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

രോഗലക്ഷണവുമായി വീടുകളിൽ കഴിയുന്നവർ, അവരുടെ കുടുംബത്തെ കൂടിയാണ് അപകടത്തിലാക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.  ഫെബ്രുവരി 25നാണ് ഇറ്റലിയിൽ നിന്ന് അദ്ദേഹം ദില്ലിയിലേക്ക് മടങ്ങിയെത്തിയത്. അന്ന് തന്നെ പനി തുടങ്ങി. പിറ്റേദിവസം രാവിലെ ഡോക്ടറെ കണ്ടു മരുന്നുവാങ്ങുകയും ചെയ്തു. ഫെബ്രുവരി 28ന് 12 വയസുകാരനായ മകന്റെ ജന്മദിനമായിരുന്നു. തെക്കൻ ദില്ലിയിലെ ആഡംബര ഹോട്ടലിൽ ആഘോഷവും സംഘടിപ്പിച്ചിരുന്നു. പനി കടുത്ത അദ്ദേഹത്തെ അവിടെ നിന്ന് നേരെ റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് പോയി. അവിടെ നടത്തിയ പരിശോധനയിൽ പോസിറ്റീവായിരുന്നു ഫലം. തുടർന്ന് അവിടെ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലെ ഐസൊലേഷൻ സംവിധാനത്തിലേക്ക് മാറി. ‌‌‌എന്നാല്‍ കുടുംബത്തിലെ മറ്റാര്‍ക്കും രോഗം ബാധിച്ചില്ല. 

'ഐസൊലേഷനിൽ എന്റെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുടുംബവുമായി വീഡിയോ കോളിലൂടെ നിരന്തരം ബന്ധപ്പെട്ടു. പുസ്തകങ്ങൾ വായിച്ചു. നെറ്റ്ഫ്ലിക്സിൽ വീഡിയോകളും സിനിമകളും കണ്ടു. അതിനാൽ തന്നെ ഒറ്റപ്പെട്ടുകഴിയുകയായിരുന്നു എന്ന തോന്നലുണ്ടായതേയില്ല'- അദ്ദേഹം ഓർമകൾ പങ്കുവെച്ചു. ഇപ്പോൾ വീട്ടിൽ 14 ദിവസത്തേക്ക് കൂടി നിരക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം.

 'എല്ലാദിവസവും ഞാനും എന്റെ കുടുംബവും ദൈവത്തോട് നന്ദി പറയുന്നു. ആശുപത്രിയിൽ കഴിഞ്ഞ ആ 14 ദിവസവും ഭജനകൾ കേട്ടു. അവ വായിച്ചു. മുൻപൊന്നുമില്ലാത്ത വിധം മതപരമായ വിഷയങ്ങളോട് കൂടുതൽ അടുത്തു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടർമാരും നഴ്സുമാരും നല്ല രീതിയിൽ പരിചരിച്ചു എന്നും അദ്ദേഹം പറഞ്ഞു.