Asianet News MalayalamAsianet News Malayalam

പ്രമേഹമുള്ളവരില്‍ വണ്ണം കൂടുതലായാല്‍; അറിഞ്ഞിരിക്കേണ്ട ചിലത്...

പ്രമേഹമുള്ളവരില്‍ വണ്ണം കൂടുംതോറും പ്രമേഹസംബന്ധമായ മറ്റ് പ്രശ്നങ്ങളുടെ സാധ്യതയും കൂടുതലായി വരും. ബിപി (ഉയര്‍ന്ന രക്തസമ്മര്‍ദ്ദം), കൊളസ്ട്രോള്‍, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍, ഹൃദ്രോഗം, കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം അമിതവണ്ണമുള്ള പ്രമേഹരോഗികളില്‍ കൂടുതലായി വരാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

diabetics should maintain their body weight otherwise it will affect many organs
Author
First Published Jan 10, 2023, 10:12 AM IST

പ്രമേഹം അല്ലെങ്കില്‍ ഷുഗര്‍ ഒരു ജീവിതശൈലീരോഗമായാണ് നാം കണക്കാക്കുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വെറും നിസാരമായ ജീവിതശൈലീരോഗമായല്ല, മറിച്ച് ഗൗരവമുള്ള പല അവസ്ഥകളിലേക്കും അസുഖങ്ങളിലേക്കും നയിക്കാൻ കഴിവുള്ള കാര്യമായ അവസ്ഥയായി തന്നെയാണ് ഇന്ന് പ്രമേഹത്തെ കണക്കാക്കുന്നത്. 

ചുരുക്കം കേസുകളില്‍ മാത്രമാണ് പ്രമേഹം ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കുക.പ്രത്യേകിച്ച് ടൈപ്പ്-2 പ്രമേഹം. ഭക്ഷണം അടക്കമുള്ള ജീവിതശൈലികളിലെ നിയന്ത്രണം വച്ചുകൊണ്ട് മാത്രമേ ഇത് കൈകാര്യം ചെയ്ത് മുന്നോട്ട് പോകാൻ കഴിയൂ.

ഇത്തരത്തില്‍ പ്രമേഹമുള്ളര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല,ശരീരഭാരം അഥവാ വണ്ണം ആണ് പ്രമേഹമുള്ളവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒരു വിഷയം. ഇത് നിര്‍ബന്ധമായും എപ്പോഴും നിരീക്ഷണത്തിലുണ്ടാകേണ്ട ഒന്നാണ്.

കാരണം പ്രമേഹമുള്ളവരില്‍ വണ്ണം കൂടുംതോറും പ്രമേഹസംബന്ധമായ മറ്റ് പ്രശ്നങ്ങളുടെ സാധ്യതയും കൂടുതലായി വരും. ബിപി (ഉയര്‍ന്ന രക്തസമ്മര്‍ദ്ദം), കൊളസ്ട്രോള്‍, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍, ഹൃദ്രോഗം, കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം അമിതവണ്ണമുള്ള പ്രമേഹരോഗികളില്‍ കൂടുതലായി വരാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ശരീരവണ്ണം നേരത്തെ തന്നെ ഉള്ളവരാണെങ്കില്‍ പ്രമേഹം സ്ഥിരീകരിച്ച ശേഷം അല്‍പമെങ്കിലും വണ്ണം കുറയ്ക്കാൻ സാധിച്ചാല്‍ ഒരുപാട് ആശ്വാസം പ്രമേഹസംബന്ധമായ പ്രശ്നങ്ങളില്‍ നന്ന് ലഭിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

'ഒരു പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയിലെ പ്രമേഹരോഗികളില്‍ 67 ശതമാനം പേരിലും അമിതവണ്ണവും കാണപ്പെടുന്നു എന്നാണ്. ഇതൊരുപാട് ഗുരുതരമായ അനുബന്ധ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ ശരീരഭാരം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാകുന്നു. ഹൃദയം, വൃക്ക, എല്ലുകള്‍ എന്നിങ്ങനെയുള്ള അവയവങ്ങളെയാണ് പ്രമേഹമുള്ളവരിലെ അമിതവണ്ണം ഏറ്റവുമധികം ബാധിക്കുക...'- ഗുഡ്ഗാവില്‍ നിന്നുള്ള പ്രമേഹരോഗ വിദഗ്ധൻ ഡോ. അംബരീഷ് മിത്തല്‍ പറയുന്നു. 

ബാലൻസ്ഡ് ഡയറ്റ്, എപ്പോഴും സജീവമായ ജീവിതരീതി,നല്ല ഉറക്കം എന്നിവയെല്ലാം പ്രമേഹത്തെ പിടിച്ചുനിര്‍ത്താൻ ഏറെ സഹായിക്കും. പ്രമേഹമുള്ളവര്‍ക്ക് തങ്ങളുടെ പ്രായവും ആരോഗ്യാവസ്ഥയും അടിസ്ഥാനപ്പെടുത്തിയുള്ള വ്യായാമവും പതിവായി ചെയ്യാവുന്നതാണ്.

Also Read:- മഞ്ഞുകാലത്ത് ഹൃദയാഘാത സാധ്യത വര്‍ധിക്കുന്നുവോ?

Follow Us:
Download App:
  • android
  • ios