Asianet News MalayalamAsianet News Malayalam

മഞ്ഞുകാലത്ത് ഹൃദയാഘാത സാധ്യത വര്‍ധിക്കുന്നുവോ?

'അന്തരീക്ഷത്തിലെ താപനില താഴുമ്പോള്‍ ഇതിനെ പ്രതിരോധിക്കാൻ ശരീരം സ്വയം ചൂടാക്കുന്നു. ഈ പ്രക്രിയ ഹൃദയത്തിന് കൂടുതല്‍ ജോലിഭാരമുണ്ടാക്കുകയാണ്. ഈ കാലാവസ്ഥ പല തരത്തില്‍ ഹൃദയത്തെ ബാധിക്കാം..'

heart attack possibility is high during winter
Author
First Published Dec 16, 2022, 5:43 PM IST

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് എപ്പോഴും നമ്മുടെ ആരോഗ്യകാര്യങ്ങളിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം. ഇത്തരത്തില്‍ മഞ്ഞുകാലമെത്തുമ്പോള്‍ പലവിധത്തിലുള്ള അണുബാധകളും രോഗങ്ങളുമെല്ലാം നമ്മെ ബാധിക്കാറുണ്ട്.

ജലദോഷം, ചുമ, പനി പോലുള്ള രോഗങ്ങളാണ് അധികവും മഞ്ഞുകാലത്തെ രോഗങ്ങളായി അധികപേരും കരുതുന്നവ. എന്നാല്‍ അല്‍പം കൂടി ഗുരുതരമായ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്കും മഞ്ഞുകാലത്ത് സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

തണുത്ത അന്തരീക്ഷത്തില്‍ രക്തക്കുഴലുകള്‍ കൂടുതലായി ചുരുങ്ങുന്നു. ഇത് ബിപി (രക്തസമ്മര്‍ദ്ദം) വര്‍ധിപ്പിക്കുന്നു. ഇതോടെയാണ് കാര്യമായും ഹൃദയാഘാത- പക്ഷാഘാത സാധ്യത കൂടുന്നതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. മഞ്ഞുകാലത്ത് ഹൃദയാഘാതം മൂലമുണ്ടാകുന്ന നെഞ്ചുവേദന കഠിനമായിരിക്കുമെന്നും ഇവര്‍ പറയുന്നു. 

'അന്തരീക്ഷത്തിലെ താപനില താഴുമ്പോള്‍ ഇതിനെ പ്രതിരോധിക്കാൻ ശരീരം സ്വയം ചൂടാക്കുന്നു. ഈ പ്രക്രിയ ഹൃദയത്തിന് കൂടുതല്‍ ജോലിഭാരമുണ്ടാക്കുകയാണ്. ഈ കാലാവസ്ഥ പല തരത്തില്‍ ഹൃദയത്തെ ബാധിക്കാം. രക്തക്കുഴലുകള്‍ ചുരുങ്ങുന്നത് വഴിയോ, പ്ലേറ്റ്ലെറ്റ് രക്താണുക്കള്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന് രക്തം കട്ടയാകുന്നത് വഴിയോ, ഫൈബ്രിനോജൻ അളവ് കൂടുന്നത് വഴിയോ എല്ലാം ഹൃദയാഘാതം സംഭവിക്കാം...'- അഹമ്മദാബാദില്‍ നിന്നുള്ള ഹൃദ്രോഗ വിദഗ്ധൻ ഡോ. ജയേഷ് പ്രജാപതി പറയുന്നു. 

മഞ്ഞുകാലത്തെ ഹൃദയാഘാത സാധ്യത ചിലരില്‍ കൂടുതലായി കാണുകയും ചെയ്യുന്നു. നേരത്തെ ഒന്നോ രണ്ടോ തവണ ഹൃദയാഘാതം സംഭവിച്ചിട്ടുള്ളവര്‍, പ്രമേഹമുള്ളവര്‍, ബിപിയുള്ളവര്‍, കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍, അതുപോലെ കുടുംബത്തിലാര്‍ക്കെങ്കിലും ഹൃദയാഘാതമുണ്ടായതയ ചരിത്രമുള്ളവര്‍ എല്ലാം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

കൃത്യമായ ഇടവേളകളിലെ മെഡിക്കല്‍ പരിശോധന, ആരോഗ്യകരമായ ഭക്ഷണം (എണ്ണമയമുള്ളതും മധുരവും കുറച്ചുള്ളത്), വ്യായാമം, മാനസിക സമ്മര്‍ദ്ദങ്ങളില്ലാത്ത ജീവിതാന്തരീക്ഷം, മദ്യപാനം - പുകവലി പോലുള്ള ശീലങ്ങളുടെ നിയന്ത്രണം എന്നിവയെല്ലാം മഞ്ഞുകാലത്തെ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കാം. 

Also Read:-  'എല്ലാ നെഞ്ചുവേദനയും ഗ്യാസ് അല്ല, നിങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചിലതുണ്ട്...'

Follow Us:
Download App:
  • android
  • ios