തക്കാളി കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് തക്കാളി. വൈറ്റമിനുകളും മിനറലുകളും ധാരാളം അടങ്ങിയ തക്കാളി ആരോഗ്യത്തിനും ചര്‍മ്മത്തിനും തലമുടിക്കും നല്ലതാണ്. ഇതിലുള്ള അയൺ, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. 

തക്കാളി സ്ഥിരമായി കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത കുറയുമെന്നാണ് പുതിയ പഠനം പറയുന്നത്. തക്കാളിയുടെ സത്ത് അഥവാ തക്കാളി നീര്  വയറുലുണ്ടാകുന്ന ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ചയെ തടയുമെന്നാണ് ഈ പഠനം പറയുന്നത്. 'സെല്ലുലാര്‍ ഫിസിയോളജി' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

തക്കാളിയിൽ ലൈകോപിൻ എന്ന രാസസംയുക്തമുണ്ട്. ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് ആണ്. ഈ രാസവസ്തുവാണ് ക്യാൻസറിന്റെ ശത്രു.  ലൈകോപിൻ തന്നെയാണ്  തക്കാളിക്ക് ചുവപ്പു നിറം നല്‍കുന്നതും. അതുകൊണ്ട് തന്നെ പഴുത്തു ചുവന്ന തക്കാളി കഴിക്കുന്നത് ക്യാൻസറിനെ തടയും. അതുപോലെ പുരുഷന്മാര്‍ തക്കാളി സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുളള സാധ്യത ഇത് കുറയ്ക്കും. 

ഇതി​നുപുറമെ ദഹനപ്രശ്​നങ്ങളെ തടയാൻ തക്കാളിക്ക്​ കഴിയും. വ്യക്കയിലെ കല്ല്​ തടയുന്നതിനും തലമുടി വളർച്ചക്കും ചര്‍മ്മത്തിനും തക്കാളി ദിവ്യ ഔഷധം പോലെയാണ്​. എല്ലുകളുടെ ബലത്തിനും തക്കാളി നല്ലതാണ്‌. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്‌. തക്കാളി കാഴ്‌ച മെച്ചപ്പെടുത്താനും സഹായിക്കും. തക്കാളിയിലെ വിറ്റാമിന്‍ എ ആണ്‌ കാഴ്‌ച മെച്ചപ്പെടുത്താനും നിശാന്ധത തടയാനും സഹായിക്കുന്നത്‌.