ഡയറ്റുമായി ബന്ധപ്പെട്ട് വരുന്ന മൂന്ന് ടിപ്സ് ആണ് പങ്കുവയ്ക്കുന്നത്. പാതിരാത്രിയില്‍ പിന്നെയും എഴുന്നേറ്റ് ഭക്ഷണസാധനങ്ങള്‍ തപ്പാതിരിക്കാൻ ഇവ സഹായിച്ചേക്കും...
മിക്കവരും ആവര്‍ത്തിച്ച് പറയുന്ന ഒരു പ്രശ്നമാണ് പാതിരാത്രിയിലെ വിശപ്പ്. വണ്ണം വച്ച് വരുന്നല്ലോ എന്ന് ചൂണ്ടിക്കാട്ടുമ്പോഴൊക്കെ മിക്കവരും പറയുന്ന പരാതി ഇതാണ്. രാത്രി അത്താഴമൊക്കെ കഴിഞ്ഞാലും ഏറെ നേരം ഉറങ്ങാതിരുന്നാല്‍ അപ്പോള്‍ വിശപ്പിന്‍റെ വിളിയായി. പിന്നെ കയ്യില്‍ കിട്ടുന്നതെല്ലാം അങ്ങ് കഴിക്കലാണ്.
ഈ ശീലം വളരെ അനാരോഗ്യകരമായൊരു ശീലം തന്നെയാണ്. ഇക്കാര്യത്തില്‍ സംശയം വേണ്ട. അമിതവണ്ണം, പ്രമേഹം, ദഹനപ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ, പകല്‍സമയത്ത് തളര്‍ച്ച തുടങ്ങി പല പ്രശ്നങ്ങളിലേക്കും ഇത് പതിയെ നമ്മളെ നയിക്കാം. പലരും ഇതെക്കുറിച്ചൊന്നും അറിയാതെയും മനസിലാക്കാതെയും പോകുന്നതിനാല്‍ ഇതിന്‍റെ ഗൗരവം അറിയുന്നില്ലെന്ന് മാത്രം.
പാതിരാത്രിയിലെ വിശപ്പ് മാറ്റാൻ ആദ്യം ചില മാറ്റങ്ങള്‍ ജീവിതരീതിയില്‍ കൊണ്ടുവരണം. ഇതിലൊന്ന് ഉറക്കമാണ്. രാത്രി ഏറെ നേരം ഫോണിലോ ലാപിലോ ടിവിയിലോ നോക്കിയിരിക്കുന്ന ശീലം വേണ്ട. വര്‍ക്കിംഗ് ഡേയ്സില്‍ ഈ ശീലം ഒഴിവാക്കുക. ഉറക്കപ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കാൻ പ്രത്യേകമായി തന്നെ ശ്രമിക്കണം. കാരണം ഉറക്കമില്ലായ്മ, സ്ട്രെസ് എന്നിവയെല്ലാം പാതിരാത്രിയില്‍ ഭക്ഷണം കഴിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കാം.
ഇനി ഡയറ്റുമായി ബന്ധപ്പെട്ട് വരുന്ന മൂന്ന് ടിപ്സ് കൂടി പങ്കുവയ്ക്കാം. പാതിരാത്രിയില്‍ പിന്നെയും എഴുന്നേറ്റ് ഭക്ഷണസാധനങ്ങള്‍ തപ്പാതിരിക്കാൻ ഇവ സഹായിച്ചേക്കും...
ഒന്ന്...
പ്രോട്ടീൻ കാര്യമായി അടങ്ങിയ ഭക്ഷണം തന്നെ അത്താഴമായി കഴിക്കുക. ഇത് വിശപ്പിനെ നല്ലരീതിയില്‍ ശമിപ്പിക്കും. വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കാൻ പ്രോട്ടീൻ ഭക്ഷണങ്ങള്‍ക്ക് പ്രത്യേക കഴിവാണ്. കൂടാതെ ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ച്- പ്രോട്ടീൻ വിശപ്പിനെ കുറയ്ക്കുകയും ചെയ്യുകയാണ്. ഇതെല്ലാം കൂടിയാകുമ്പോള്‍ മറ്റ് ഭക്ഷണങ്ങളിലേക്ക് തിരിയുന്നത് കുറയും.
രണ്ട്...
മൈൻഡ്‍ഫുള്‍ ഈറ്റിംഗ് പരിശീലിക്കുന്നതും വളരെ നല്ലതാണ്. അതായത്- പാതിരാത്രിയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കഴിക്കണമെന്ന് തോന്നി. അത് ചെയ്യാതെ വയ്യ എന്നുമാകാം. അങ്ങനെ വരുമ്പോള്‍ അളവ് തീരെ കുറയ്ക്കാനായി വളരെ പതിയെ, മനസറിഞ്ഞ് കഴിക്കുക. ഇതാണ് മൈൻഡ്‍ഫുള്‍ ഈറ്റിംഗ്. അമിതമായി എന്തെങ്കിലും ഭക്ഷണം പാതിരാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കാൻ ഈ പരിശീലനം സഹായിക്കും. സ്നാക്സ് കഴിക്കുമ്പോള്‍ ഒരു പാത്രമെടുത്ത് അതില്‍ മാത്രം എടുത്ത് കഴിക്കുകയും ചെയ്യണം. ഭക്ഷണസാധനം സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ നിന്നോ പാക്കറ്റില്‍ നിന്നോ കഴിക്കുന്നത് അളവ് കൂട്ടും.
മൂന്ന്...
രാത്രിയില്‍ എന്തെങ്കിലും കഴിക്കണമെന്ന് തോന്നിയാല്‍ അല്‍പം നട്ട്സ് കഴിക്കുക. നട്ട്സിലുള്ള ഹെല്‍ത്തി ഫാറ്റ് നമ്മുടെ വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കും. മറ്റ് ഭക്ഷണങ്ങളിലേക്ക് തിരിയുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുകയും ചെയ്യും. പക്ഷേ ഓര്‍ക്കുക ഹെല്‍ത്തി ഫുഡ് ആണെന്നോര്‍ത്ത് നട്ട്സും അധികമാകരുതേ. ഇത് ഗുണത്തിന് പകരം ദോഷമായി വരാം.
Also Read:- രാവിലെ അല്‍പം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലത്; കാരണം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
