ബംഗാളില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരം നടത്തിക്കൊണ്ടിരിക്കെ, അക്രമത്തില്‍ പ്രതിഷേധിച്ച് ഡോ. ദിവ്യ എസ് അയ്യര്‍ ഐഎസ് രംഗത്ത്. പരിഷ്‌കൃതമായ ഒരു സമൂഹത്തില്‍ നിന്നുണ്ടാകുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പ്രത്യേകിച്ച് ഇത്രയും സൂക്ഷ്മത പുലര്‍ത്തേണ്ട ജോലി നിത്യവും ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഒട്ടും സ്വീകാര്യമല്ലെന്നും ദിവ്യ തന്റെ ബ്ലോഗിലൂടെ അഭിപ്രായപ്പെട്ടു. 

'ഒരു ഡോക്ടറെന്ന നിലയില്‍ പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും എനിക്ക് ഇത്തരത്തിലുള്ള ഒരു പ്രശ്‌നം നേരിടേണ്ടിവന്നിട്ടില്ല. എന്നാല്‍, ഐഎഎസ് ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് പലപ്പോഴും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മദ്ധ്യസ്ഥ ചര്‍ച്ചയ്ക്കായി പോകേണ്ടിവന്നിട്ടുണ്ട്. ദുഖവും വൈകാരികാവസ്ഥയും അപകടകരമായ തരത്തില്‍ അനിയന്ത്രിതമാകുമ്പോള്‍ ജനക്കൂട്ടം എങ്ങനെയെല്ലാമാണ് അക്രമാസക്തരാകുന്നത് എന്ന് കണ്ടുനിന്നിട്ടുണ്ട്. ആ നിമിഷം വരെ ദൈവമായി കണക്കാക്കപ്പെടുന്ന ഡോക്ടര്‍ അപ്പോള്‍ മുതല്‍ അങ്ങനെയല്ലാതാകുന്നു..' - ദിവ്യ കുറിക്കുന്നു. 

രോഗികളുടെയും ഡോക്ടര്‍മാരുടെയും എണ്ണമെടുക്കുമ്പോള്‍ സ്വാഭാവികമായും ഡോക്ടര്‍മാരുടെ എണ്ണം വളരെ കുറവായിരിക്കും. അതിനാല്‍ അവര്‍ക്കിടയിലെ ആശയവിനിമയം എപ്പോഴും വിജയകരമായിരിക്കില്ല. ആ ആശയവിനിമയം വിജയിച്ചാല്‍ മാത്രമേ നമുക്കിത്തരം പ്രശനങ്ങളെ അതിജീവിക്കാനാകൂ. അതിന് ആവശ്യമെങ്കില്‍ നല്ലരീതിയില്‍ സംസാരിക്കാനറിയാവുന്ന ഒരു സംഘത്തെ തന്നെ നിയോഗിക്കാവുന്നതുമാണ്. പൊതുജനത്തിനുള്ള ബോധവത്കരണമാണ് പ്രധാനം. ഈ വിഷയങ്ങളില്‍ ഗ്രാഹ്യമുള്ള ഒരു ജനത ഒരിക്കലും ഇത്തരത്തില്‍ പെരുമാറുകയില്ല. അതിന് സര്‍ക്കാരും ചിലത് ചെയ്യേണ്ടിവരുമെന്നും ദിവ്യ പറയുന്നു. 

'ഒരു ഡോക്ടര്‍ക്കെതിരായ അക്രമവും, ചെറിയ അശ്രദ്ധ മൂലം ഒരു ജീവന്‍ നഷ്ടപ്പെടുന്നതും.... രണ്ടും അംഗീകരിക്കാനാകാത്തതാണ്. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ സംയമനം പാലിക്കാന്‍ കഴിയണം. മുമ്പേതോ ആശുപത്രിയില്‍ പതിപ്പിച്ച് കണ്ട ഒരു പോസ്റ്ററാണ് ഓര്‍മ്മ വരുന്നത്. രോഗികള്‍- അവരാണ് ക്ഷമ പഠിപ്പിക്കുന്നത്. പരസ്പരം കുറ്റപ്പെടുത്തുന്ന പരിപാടി അവസാനിപ്പിച്ച് ആരോഗ്യകരമായ ജീവിതത്തിന് എല്ലാവരും ഒന്നിച്ച് നില്‍ക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു...' -ദിവ്യ കുറിച്ചു.