കൊവിഡ് 19 രണ്ടാം തരംഗത്തില്‍ കനത്ത പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. അനിയന്ത്രിതമാം വിധം രോഗവ്യാപനം ശക്തമായതോടെ ഓരോ ദിവസവും രോഗികളുടെ എണ്ണവും മരണനിരക്കും വര്‍ധിച്ചുവരികയാണ്. ഇതിനിടെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധ്വാനവും ഇരട്ടിയാവുകയാണ്. 

വലിയ തോതിലുള്ള ശാരീരിക- മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളാകുന്നത്. കൊവിഡ് വ്യാപിച്ച ആദ്യഘട്ടത്തില്‍ തന്നെ പിപിഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളം ജോലി ചെയ്യുന്നതിന്റെ വിഷമതകളെ കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നു. 

സമാനമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള ഡോക്ടര്‍ സോഹില്‍ മഖ്വാന. ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവച്ച ചിത്രം കൊവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ്. പിപിഇ കിറ്റ് ധരിച്ച് നില്‍ക്കുന്നതും, അത് മാറിയ ശേഷം വിയര്‍പ്പില്‍ കുതിര്‍ന്ന് നില്‍ക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് ഡോ. സോഹില്‍ പങ്കുവച്ചിരിക്കുന്നത്. 

അസഹനീയമായ ചൂടിലും അസ്വസ്ഥതയിലുമാണ് പിപിഇ കിറ്റ് ധരിച്ചുകൊണ്ട് ഇവര്‍ ജോലി തുടരുന്നത്. പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ മാനസികനിലയെ പോലും തകിടം മറിക്കാറുണ്ടെന്ന് എത്രയോ ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനോടകം നമ്മോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം പതറിനില്‍ക്കുമ്പോള്‍ നമ്മള്‍ എത്രമാത്രം ജാഗ്രതയോടെ വേണം മുന്നോട്ടുപോകാന്‍ എന്ന സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്. 

 

 

രാജ്യത്തെ സേവിക്കുന്നതില്‍ അഭിമാനമേയുള്ളൂവെന്നും എന്നാല്‍ പ്രായപൂര്‍ത്തിയായ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച് ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാന്‍ ഒരുമിച്ചുനില്‍ക്കണമെന്നും ഡോ. സോഹില്‍ പറയുന്നു. നിരവധി പേരാണ് അദ്ദേഹം പങ്കുവച്ച ചിത്രം ഒരു പ്രതീകമെന്ന നിലയ്ക്ക് വീണ്ടും പങ്കുവയ്ക്കുന്നത്.

Also Read:- കൊവിഡ് 19; വീടിന് അകത്തും മാസ്ക്ക് ധരിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്...

ആരോഗ്യമേഖല ഇത്രകണ്ട് വിഷമതകളിലൂടെ കടന്നുപോകുമ്പോള്‍ തീര്‍ച്ചയായും രാജ്യത്തെ ഓരോ പൗരനും ആരോഗ്യപ്രവര്‍ത്തകരെ നന്ദിയോടെയും ബഹുമാനത്തോടെയും ഓര്‍ക്കേണ്ടതുണ്ട്. അവരെ കൂടി പരിഗണിച്ചായിരിക്കണം നാം കരുതലോടെ മുന്നോട്ട് പോകേണ്ടത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona