തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎഇ ഇറാനു മുന്നറിയിപ്പ് നൽകി. സ്വയം പ്രതിരോധിക്കാൻ പൂർണ്ണ സജ്ജരാണെന്നും ആവശ്യം വന്നാൽ കൂടുതൽ ആക്രമണാത്മക നിലപാടിലേക്ക് മാറുമെന്നും സഹമന്ത്രി റീം അൽ ഹാഷിമി വ്യക്തമാക്കി.  

ദുബായ്: ഇറാന്‍റെ ഭാഗത്ത് നിന്നും തുടർച്ചയായ മിസൈൽ-, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി. 'സിഎൻഎന്നി'ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യുഎഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

പ്രധാന പ്രസ്താവനകൾ

"ഇത്തരത്തിലുള്ള മിസൈൽ വർഷങ്ങൾക്ക് ഇരയായിക്കൊണ്ട് ഞങ്ങൾ ഇനി കൈകെട്ടി നോക്കിനിൽക്കില്ല. സ്വയം പ്രതിരോധിക്കാൻ ഞങ്ങൾ പൂർണ്ണ സജ്ജരാണ്. സാഹചര്യം അവിടം വരെ എത്തരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ ആവശ്യം വന്നാൽ യുഎഇ കൂടുതൽ ആക്രമണാത്മകമായ നിലപാടിലേക്ക് മാറും," മന്ത്രി വ്യക്തമാക്കി. അയൽരാജ്യം എന്ന നിലയിൽ യുഎഇ എന്നും മാന്യമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കേണ്ടത് ഇറാനാണെന്നും അവർ കൂട്ടിച്ചേർത്തു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ് യുഎഇയുടേത്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച രാത്രി മാത്രം 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അബുദാബിയെയും വിനോദസഞ്ചാര-സാമ്പത്തിക കേന്ദ്രമായ ദുബായിയെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങൾ. യുഎഇയുടെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളും പ്രതിരോധ നിരയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി റീം അൽ ഹാഷിമി ഉറപ്പുനൽകി.

ഒമാനിലും ആക്രമണം

ഗൾഫിനെ ആശങ്കകളുടെ മുൾമുനയിലാഴ്ത്തി ഒമാനെയും ആക്രമിച്ച് ഇറാൻ. മധ്യസ്ഥ രാജ്യമായ ഒമാനിൽ ആക്രമണം ഉണ്ടായെന്നതാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ദുഖും തുറമുഖത്തു രണ്ടു ഡ്രോണുകൾ പതിച്ചു. ജോലിക്കാരുടെ താമസ സ്ഥലത്ത് വീണ് ഒരു പ്രവാസിക്ക് പരിക്ക്. മൊബൈൽ താമസ കേന്ദ്രങ്ങളിലും ഒരു ഇന്ധന ടാങ്കിന് സമീപവുമാണ് ഡ്രോണുകൾ പതിച്ചത്.

ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ജീവനക്കാരെ രക്ഷപ്പെടുത്തി. 15 ഇന്ത്യക്കാർ, 5 ഇറാൻ പൗരന്മാർ എന്നിവരാണ് കപ്പലിൽ ഉണ്ടായിരുന്നത്. നാല് ജീവനക്കാർക്ക് പരിക്കേറ്റു. ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രമാണ് ഇടപെട്ടത്.

സിബിഎസ്ഇ പരീക്ഷകൾ മാറ്റി

​ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റിവെച്ചു. 10,12 ക്ലാസുകളിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ മാര്‍ച്ച് 2 ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 3 ന് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും പുതിയ തീയതി തീരുമാനിക്കുക എന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു.

YouTube video player