വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിഞ്ഞിരുന്നില്ല. റെയ്ച്ചല്‍ പാല്‍മ എന്ന യുവതിയില്‍ വിചിത്രമായ പല മാറ്റങ്ങളും കണ്ടുതുടങ്ങി. ഉറക്കം തീരെ നഷ്ടപ്പെടുന്ന അവസ്ഥ. അഥവാ ഉറങ്ങിയാലും പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കണ്ട് ഞെട്ടിയുണരും. ആദ്യമൊന്നും ഈ വിഷമതയെക്കുറിച്ച് പാല്‍മ ആരോടും പറഞ്ഞില്ല. 

എന്നാല്‍ വൈകാതെ തന്നെ ഇവരിലെ പ്രകടമായ മാറ്റങ്ങള്‍ ഭര്‍ത്താവുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശ്രദ്ധിച്ചുതുടങ്ങി. പലപ്പോഴും മറ്റുള്ളവര്‍ക്ക് അസാധാരണം എന്നുതോന്നുന്ന പലതും പാല്‍മ ചെയ്തുകൊണ്ടിരുന്നു. തന്നെത്തന്നെ അവര്‍ സ്വയം മുറിയില്‍ പൂട്ടിയിട്ടു. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത പല കാഴ്ചകളും കണ്ട് ബഹളം വച്ചു. 

ചിലപ്പോഴൊക്കെ നേരാംവണ്ണം നില്‍ക്കാന്‍ പോലുമാകാതെ അവര്‍ വിഷമിച്ചു. ഒരു കാപ്പിക്കപ്പ് പോലും പിടിക്കാന്‍ വയ്യാതെ നിലത്തേക്ക് വീണുടയുന്ന അവസ്ഥയായി. നില ആകെ മോശമായതോടെയാണ് ന്യൂയോര്‍ക്കിലെ ഒരാശുപത്രിയില്‍ ഇവരെ കാണിച്ചത്. 

ലക്ഷണങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം, ഡോക്ടര്‍മാര്‍ സ്‌കാനിംഗ് നടത്തി. സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ തലയ്ക്കകത്ത് ട്യൂമറാണെന്ന് കണ്ടെത്തി. ട്യൂമര്‍ വളരുന്നതിന് അനുസരിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കുന്നത് കൊണ്ടാണ് വിചിത്രമായ പെരുമാറ്റങ്ങളുണ്ടാകുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

എന്തായാലും തലയ്ക്കകത്തെ മുഴ, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ തന്നെ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അങ്ങനെ ശസ്ത്രക്രിയയുടെ സമയമായി. മേജര്‍ ഓപ്പറേഷനായിരുന്നു അത്. ട്യൂമര്‍ നീക്കാനായി തലയോട്ടി തുറന്ന ഡോക്ടര്‍മാര്‍ പക്ഷേ ഞെട്ടിപ്പോയി. കടുപ്പമുള്ള മുഴയ്ക്ക് പകരം ചെറിയ മുട്ട പോലൊരു സാധനം. സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ കണ്ടത് ഇതുതന്നെയാണെന്ന നിഗമനത്തില്‍ അവര്‍ അത് തലച്ചോറില്‍ നിന്നെടുത്തു. ശസ്ത്രക്രിയ പൂര്‍ത്തിയായി. 

എങ്കിലും പാല്‍മയുടെ തലച്ചോറിനകത്ത് നിന്ന് കിട്ടിയ സാധനം എന്തെന്ന് വ്യക്തമായിരുന്നില്ല. ഡോക്ടര്‍മാര്‍ അത് പൊളിച്ചുനോക്കി. അതിനകത്ത് വളര്‍ന്നുവരുന്ന ഒരു വിരയായിരുന്നു ഉണ്ടായത്. ഭക്ഷണത്തിലൂടെയോ വൃത്തിഹീനമായ സാഹചര്യങ്ങളുടെ ഭാഗമായോ എങ്ങനെയോ ശരീരത്തിലെത്തിയ വിര, പിന്നീട് രക്തത്തിലൂടെ സഞ്ചരിച്ച് തലച്ചോര്‍ വരെ എത്തുകയായിരുന്നുവത്രേ. പിന്നീട് തലച്ചോറിനുള്ളില്‍ തന്നെ മുട്ടയിട്ട് അതില്‍ പുതിയ വിരയെ ഉണ്ടാക്കുകയായിരുന്നു. 

ശരീരത്തിലേക്ക് വിരകള്‍ കയറിക്കൂടുന്നതെല്ലാം സ്വാഭാവികമാണെങ്കിലും അത്, തലച്ചോര്‍ പോലൊരു അവയവത്തില്‍ പുതിയ വാസസ്ഥലം കണ്ടെത്തി, പെറ്റുപെരുകാന്‍ തയ്യാറെടുക്കുന്നത് അപൂര്‍വ്വം സംഭവമാണെന്നും, പാല്‍മ പൂര്‍ണ്ണമായി അസുഖത്തില്‍ നിന്ന് ഭേദമായതായും ഡോക്ടര്‍മാര്‍ പറഞ്ഞു.