ഇത്രയധികം ജീവനുള്ള വിരകളെ കണ്ണില്‍ നിന്ന് കിട്ടുന്നത് അപൂര്‍വ്വമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടർ
യുവതിയുടെ കണ്ണില്‍ നിന്ന് 60ലധികം ജീവനുള്ള വിരകളെ പുറത്തെടുത്തു. ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍ വിരകളെ പുറത്തെടുത്തത്. ചൈനയിലാണ് സംഭവം. കണ്ണുകളിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതി ആശുപത്രിയില്‍ എത്തിയതെന്ന് 'മിറര്‍' റിപ്പോര്‍ട്ട് ചെയ്തു.
കണ്ണുകൾ തിരുമ്മിയപ്പോള്‍ വിര കയ്യില്‍ തടഞ്ഞതോടെ യുവതി ഭയന്നുപോയി. ഉടൻ തന്നെ കുൻമിങ്ങിലുള്ള ആശുപത്രിയിൽ പോയി. പരിശോധിച്ചപ്പോള്‍ നേത്രഗോളത്തിനും കണ്‍പീലികള്‍ക്കുമിടയില്‍ ഇത്രയധികം ജീവനുള്ള വിരകളെ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയി. വലത് കണ്ണിൽ നിന്ന് 40 ലധികം വിരകളെയും ബാക്കിയുള്ളവ ഇടതു കണ്ണില്‍ നിന്നുമാണ് നീക്കം ചെയ്തത്.
ഇത്രയധികം ജീവനുള്ള വിരകളെ കണ്ണില്‍ നിന്ന് കിട്ടുന്നത് അപൂര്‍വ്വമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടർ ഗുവാൻ പറഞ്ഞു. ഫിലാരിയോഡിയ ഇനത്തിലുള്ള ഗോളാകൃതിയിലുള്ള വിരകളാണ് സ്ത്രീയുടെ കണ്ണുകളില്‍ നിന്ന് ലഭിച്ചത്. സാധാരണയായി പ്രാണികളുടെ കടിയേല്‍ക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍ നായകളില്‍ നിന്നോ പൂച്ചകളിൽ നിന്നോ ആവാം അണുബാധയുണ്ടായതെന്നാണ് യുവതിയുടെ നിഗമനം. രോഗകാരിയായ ലാർവകള്‍ അവയുടെ ശരീരത്തിൽ നിന്ന് തന്നില്‍ എത്തിയതായിരിക്കാമെന്ന് യുവതി പറയുന്നു. മൃഗങ്ങളെ സ്പർശിച്ച ശേഷം കണ്ണുകൾ തിരുമ്മിയതിലൂടെയാവാം അണുബാധയുണ്ടായതെന്നും യുവതി പറഞ്ഞു. ലാർവകളുടെ അവശിഷ്ടങ്ങളുണ്ടോ എന്നറിയാന്‍ പരിശോധന തുടരണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. വളർത്തുമൃഗങ്ങളെ സ്പർശിച്ച ഉടൻ കൈ കഴുകാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
