സ്ത്രീയുടെ തലച്ചോറില്‍ നിന്നും ജീവനുള്ള വിരയെ കണ്ടെത്തി; ഇത് ഞെട്ടിക്കുന്ന അനുഭവം
ഒരു വര്‍ഷത്തിലധികം ഇവര്‍ തലച്ചോറില്‍ ജീവനുള്ള വിരയുമായി നടന്നു. ഇതിന് ശേഷം മാത്രമാണ് സംഭവം കണ്ടെത്തപ്പെട്ടത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ സ്ത്രീയുടെ തലച്ചോറിനുള്ളില്‍ നിന്ന് ജീവനുള്ള വിരയെ കണ്ടെത്തി. ശരീരത്തിനുള്ളില്‍ ജീവനുള്ള വിരകളുണ്ടാകുന്നതോ അവയെ പരിശോധനയിലൂടെ കണ്ടെത്തുന്നതോ സര്‍ജറിയിലൂടെയോ മറ്റോ പുറത്തെടുക്കുന്നതോ ഒന്നും പുതിയ സംഭവമല്ല.
എന്നാല്‍ തലച്ചോറിനുള്ളില്‍ നിന്ന് ഇത്തരത്തില്‍ ജീവനുള്ള വിരയെ കണ്ടെടുത്തു എന്നത് അത്ര സാധാരണമായ സംഭവമല്ല. അറുപത്തിനാല് വയസായ സ്ത്രീയുടെ തലച്ചോറിനുള്ളില്‍ നിന്നാണ് എട്ട് സെന്‍റിമീറ്റര്‍ വലുപ്പമുള്ള പാരസൈറ്റ് വിരയെ ഡോക്ടര്‍മാര്‍ കണ്ടെത്തി, പുറത്തെടുത്തിരിക്കുന്നത്. ഇത് കണ്ടെത്തുന്നതിനും വളരെ മുമ്പ് മുതല്‍ തന്നെ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട വയോധികയുടെ യഥാര്‍ത്ഥ പ്രശ്നം മനസിലാക്കാൻ പല ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞില്ല എന്നതാണ് ഈ കേസിലെ ഞെട്ടിക്കുന്ന വസ്തുത.
ഒരു വര്‍ഷത്തിലധികം ഇവര്‍ തലച്ചോറില്‍ ജീവനുള്ള വിരയുമായി നടന്നു. ഇതിന് ശേഷം മാത്രമാണ് സംഭവം കണ്ടെത്തപ്പെട്ടത്.
ഓസ്ട്രേലിയയിലെ സൗത്തീസ്റ്റേണ്‍ ന്യൂ സൗത്ത് വെയില്‍സ് സ്വദേശിയാണ് വയോധിക. സാധാരണഗതിയില്‍ പാമ്പുകളുടെ ദേഹത്ത് കാണപ്പെടുന്നൊരു വിരയാണത്രേ ഇത്. പ്രത്യേകിച്ച് പെരുമ്പാമ്പുകളില്‍. ഇത് എങ്ങനെയാണ് ഇവരുടെ ശരീരത്തില്‍ കയറിപ്പറ്റിയതെന്നോ, തലച്ചോറിനുള്ളില്‍ എത്തിയതെന്നോ വ്യക്തമല്ല.
2021ല്‍ വയറിളക്കവും വയറുവേദനയും ചുമയും പനിയും ബാധിക്കപ്പെട്ട ശേഷം വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ചയോളമായി ശാരീരികാസ്വസ്ഥതകള്‍ ഇവര്‍ അനുഭവിക്കുകയായിരുന്നു. തുടര്‍ന്ന് വയറിളക്കവും വയറുവേദനയും രൂക്ഷമായതോടെയാണ് വീട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അന്ന് ചിക്തിസ നല്‍കി ഇവരെ മടക്കി അയച്ചു.
മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് ഇവരില്‍ കാര്യമായ ഓര്‍മ്മക്കുറവും അതുപോലെ തന്നെ മാനസികാരോഗ്യപ്രശ്നങ്ങളും കണ്ടുതുടങ്ങി. ഇതിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് എംആര്‍ഐ സ്കാനിംഗ് ചെയ്തുനോക്കിയപ്പോഴാണ് തലച്ചോറിനുള്ളില്‍ എന്തോ ഉണ്ടെന്ന് കണ്ടെത്തിയത്. അപ്പോഴും അത് ജീവനുള്ള ഒരു വിരയായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ ചിന്തിച്ചിരുന്നില്ലത്രേ. എന്തായാലും പിന്നീട് ഇത് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ഏറെ പണിപ്പെട്ട് ഇതിനെ പുറത്തെടുക്കുകയും ചെയ്തു.
വിചിത്രമായ സംഭവം ഇപ്പോള്‍ പുറത്തറിഞ്ഞതോടെ വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു. അതേസമയം വയോധികയുടെ ഇപ്പോഴത്തെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.
Also Read:- ഉപ്പ് അധികം കഴിച്ചാലുള്ള പ്രശ്നം എന്താണെന്ന് അറിയാമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-