പ്രമേഹമുള്ളവരെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ഭക്ഷണം നിയന്ത്രിക്കുകയെന്നതാണ്. ഡയറ്റിലെ നിയന്ത്രണം തന്നെയാണ് വലിയൊരു പരിധി വരെ രക്തത്തിലെ ഷുഗര്‍ അളവ് അപകടകരമാകാത്ത വിധം പിടിച്ചുനിര്‍ത്തുന്നത്. ഭക്ഷണത്തില്‍ തന്നെ മധുരമാണ് പ്രധാനമായും നിയന്ത്രിക്കേണ്ടതെന്ന് നമുക്കറിയാം. 

ഇത്തരത്തില്‍ മധുരം കുറയ്ക്കുന്നതിന്റെ ഭാഗമായി ചിലര്‍ പഞ്ചസാരയ്ക്ക് പകരം തേനോ ശര്‍ക്കരയോ മേപ്പിള്‍ സിറപ്പോ എല്ലാം ഉപയോഗിച്ച് കാണാറുണ്ട്. എന്നാല്‍ പഞ്ചസാരയ്ക്ക് പകരം ഇവയെല്ലാം കഴിക്കുന്നതിലൂടെ രക്തത്തിലെ ഷുഗര്‍ തോത് നിയന്ത്രിച്ചുനിര്‍ത്താനാകുമോ? 

സത്യത്തില്‍ പ്രമേഹരോഗികളാണെങ്കില്‍, അവര്‍ പഞ്ചസാരയ്ക്ക് പകരമായി ഇവയൊന്നും കഴിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. പഞ്ചസാരയ്ക്ക് പകരം ഇത്തരം പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാല്‍ സുരക്ഷിതമാണെന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണെന്ന് ചെന്നൈയിലെ ഡോ.മോഹന്‍ ഡയബറ്റിസ് സ്‌പെഷ്യാലിറ്റീസ് സെന്റര്‍ ചെയര്‍മാനായ ഡോ. വി മോഹന്‍ പറയുന്നു. 

'ഇത്തരത്തിലുള്ള ഏത് പദാര്‍ത്ഥവും ശരീരത്തിനകത്തെത്തിക്കഴിയുമ്പോള്‍ ഒടുവില്‍ ഗ്ലൂക്കോസായി തന്നെയാണ് രൂപാന്തരപ്പെടുന്നത്. അതിനാല്‍ തന്നെ ഇവയിലേതും രക്തത്തിലെ ഷുഗര്‍ തോത് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയേക്കാം. കാപ്പിയിലോ ചായയിലോ മധുരം വേണമെന്ന് ആഗ്രഹം തോന്നിയാല്‍ വളരെ പരിമിതമായ അളവില്‍ ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നര്‍ ഉപയോഗിക്കാം. അതും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം മാത്രം...'- ഡോ. മോഹന്‍ പറയുന്നു. 

ഭക്ഷണത്തിനൊപ്പം സീസണല്‍ പഴങ്ങള്‍ മിതമായ അളവില്‍ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് മധുരത്തോടുള്ള ആകര്‍ഷണം കുറയ്ക്കും. അതുപോലെ മധുരം കഴിക്കണമെന്ന തോന്നലുണ്ടാകുമ്പോള്‍ വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത്തരത്തില്‍ പരമാവധി മധുരം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ പരിശീലിക്കാം.

Also Read:- വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയം...