Asianet News MalayalamAsianet News Malayalam

'ഒന്നും അറിയാത്ത ആൾ' , 'പരീക്ഷണം നടത്തുന്നു' എന്നൊക്കെ പറയുന്നവരോട് പറയാനുള്ളത് ഇതാണ്; ഡോക്ടറുടെ കുറിപ്പ്

ഇന്ത്യൻ പ്രൊഫെഷണൽ അസോസിയേഷൻ ഫോർ ട്രാൻസ്‌ജെൻഡർ ഹെൽത് (IPATH) ൽ ഇന്ത്യൻ മാനദണ്ഡങ്ങൾ ഉണ്ടാക്കാൻ ഏല്പിച്ച സർജിക്കൽ കോർ കമ്മറ്റി അംഗം ആയിരുന്നു  പുള്ളി. അതായത് ഇന്ത്യയിൽ ഈ സർജറിയുടെ മാർഗനിർദേശങ്ങൾ ഇറക്കുന്നത്തിൽ പ്രധാന പങ്കു വഹിച്ച ആൾ കൂടി ആണ്. 

Dr Jimmy Mathew face book post about Transgender Surgery ananya case
Author
Trivandrum, First Published Jul 24, 2021, 10:38 PM IST
  • Facebook
  • Twitter
  • Whatsapp

കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ അനന്യയുടെ മരണം ചർച്ചയാകുകയാണ്. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ജോക്കിയായിരുന്നു അനന്യ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു.

2020 ജൂണിലാണ് സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ഒരുവര്‍ഷം പിന്നിട്ടിട്ടും അതിഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് അനന്യ അഭിമുഖീകരിച്ചിരുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടായ ദുരിതങ്ങളെക്കുറിച്ച് അനന്യ കുമാരി അലക്സ് അടുത്തിടെ പറഞ്ഞിരുന്നു. 

റിനൈ മെഡിസിറ്റിയിലെ പ്ലാസ്റ്റിക് സര്‍ജന്‍ അര്‍ജുന്‍ അശോകനാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും അനന്യ തുറന്ന് വെളിപ്പെടുത്തിയിരുന്നു.

ഒരു ഡോക്ടറിനെ "ഒന്നും അറിയാത്ത ആൾ" , "പരീക്ഷണം നടത്തുന്നു" എന്നൊക്കെ പറഞ്ഞത് കേൾക്കുമ്പോൾ മിണ്ടാതെ ഇരിക്കാൻ പറ്റുന്നില്ല. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച പറ്റി എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്ന് ഡോ.ജിമ്മി മാത്യു ഫേസ് ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഇന്ത്യൻ പ്രൊഫെഷണൽ അസോസിയേഷൻ ഫോർ ട്രാൻസ്‌ജെൻഡർ ഹെൽത്ത് (IPATH) ൽ ഇന്ത്യൻ മാനദണ്ഡങ്ങൾ ഉണ്ടാക്കാൻ ഏല്പിച്ച സർജിക്കൽ കോർ കമ്മറ്റി അംഗം ആയിരുന്നു  അർജുൻ. അതായത് ഇന്ത്യയിൽ ഈ സർജറിയുടെ മാർഗനിർദേശങ്ങൾ ഇറക്കുന്നത്തിൽ പ്രധാന പങ്കു വഹിച്ച ആൾ കൂടിയാണ് അദ്ദേഹമെന്നും ഡോ.ജിമ്മി പറഞ്ഞു. 

ഡോ. ജിമ്മി മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം...

ഒരു പേഴ്‌സണൽ പോസ്റ്റ്- ട്രാൻസ്‌ജെൻഡർ സർജറി:

തീവ്ര വൈകാരിക ഇഷ്യൂകൾ കത്തി നിൽക്കുമ്പോൾ  സാധാരണ ഞാൻ മിണ്ടാറില്ല. പല മുൻവിധികളാൽ മിക്കവരുടെയും മനസ് അടഞ്ഞ് ഇരിക്കുകയായിരിക്കും. 
ഇതേ പ്രശ്നം എനിക്കും ഉണ്ടെന്ന് ആരോപണം വന്നേക്കാം. തീർച്ചയായും ഉണ്ടായേക്കാം. ഞാൻ ഒരു പ്ലാസ്റ്റിക് സർജനും ഡോക്ടറുമാണ്. ട്രാൻസ്‌ജെൻഡർ സർജറികൾ ചെയ്യുന്നില്ലെങ്കിലും ഈ രംഗത്തെ പ്രശ്നങ്ങൾ വളരെ പരിചിതമാണ്. ഡോക്ടർ അർജുനെ അറിയാം; അവിടത്തെ ട്രാൻസ്‌ജെൻഡർ പ്രോഗ്രാമിനെക്കുറിച്ചും കുറച്ചൊക്കെ അറിയാം. എങ്കിലും പറയാൻ പോകുന്ന കാര്യം മുഴുവൻ ആത്മാർത്ഥതയോടെ ആണ്. മുൻവിധികൾ കുറവാണു എന്നാണ് എന്റെ വിശ്വാസം- അത് തെറ്റാവാം. 
ഈ ഒരു പ്രശ്നം വന്നപ്പോൾ ആദ്യം തന്നെ ഞാൻ ശ്രദ്ധിച്ചത് , സോഷ്യൽ മീഡിയയിൽ അനേകം പോസ്റ്റുകൾ അർജുനെയും ടീമിനെയും വാഴ്ത്തുന്നവ ഉണ്ടായിരുന്നു എന്നുള്ളതാണ്. പലതും മാസങ്ങൾക്കും വർഷങ്ങൾക്കും മുന്നേ ഉള്ളതാണ്.  എല്ലാം അവിടത്തെ ശസ്ത്രക്രിയയുടെ ഗുണഭോക്താക്കൾ. അർജുനെ ദൈവമായി വാഴ്ത്തുന്ന പോസ്റ്റുകളും കുറവല്ലായിരുന്നു.
ഈ ഇഷ്യൂ പതുക്കെ ചൂട് പിടിച്ചപ്പോൾ, ഈ പോസ്റ്റുകൾ എല്ലാം പോയി, ഇവരൊക്കെ തന്നെ അർജുനെ അതി നിശിതമായി കുറ്റപ്പെടുത്തുന്ന കാഴ്ച ആണ് പിന്നെ കണ്ടത്. അവരെ കുറ്റപ്പെടുത്താൻ പറ്റില്ല. നമുക്ക് വേണ്ടപ്പെട്ട ഒരാൾക്ക് അതീവ ദാരുണമായ അന്ത്യം വരുമ്പോൾ ആളുകൾ വികാരപരമായി പ്രതികരിക്കും. ഇവർ ഒറ്റ കുടുംബം പോലെ അടുപ്പമുള്ള ഒരു വിഭാഗം ആവുമ്പൊ ഇങ്ങനത്തെ അവസ്ഥയിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചേ മതിയാകൂ എന്നതും ആകാം. 
പലതും കാണുമ്പോൾ ഇതേ പോലെ നമ്പി നാരായണനെയും എന്റെ വേറൊരു സുഹൃത്തായ ഉന്മേഷിനെയും മറ്റു പലരെയും ദയാ രഹിതമായി വേട്ടയാടിയത് ആണ് ഓർമ വരുന്നത്.
ആദ്യം തന്നെ പറയട്ടെ- ട്രാൻസ് കമ്മ്യൂണിറ്റിയോട് എനിക്ക് അഗാധമായ പരിഗണന ഉണ്ട്. അവരോട് സംസാരിച്ച് ഇടപഴകിയാൽ മാത്രമേ അവർ കടന്നു പോകുന്ന സഹനങ്ങളെ പറ്റി നമുക്ക് ഒരു ബോധ്യം ഉണ്ടാകൂ. 2016 ൽ അമേരിക്കയിൽ ആറായിരത്തിൽ പരം ട്രാൻസ് ആളുകൾക്കിടയിൽ നടത്തിയ ഒരു സർവേയിൽ തെളിഞ്ഞത് നാല്പത്തൊന്നു ശതമാനം പേര് ആത്മഹത്യയ്ക്ക് ശ്രമിച്ചവർ ആണെന്നാണ്! അതായത്, ഏകദേശം പകുതിയോളം പേർ! അതും താരതമ്യേന ലിബറൽ ആയ അമേരിക്കയിൽ. ഇതിൽ നിന്ന് തന്നെ പ്രശ്നത്തിന്റെ വ്യാപ്തി ഊഹിക്കാമല്ലോ.
മെഡിക്കൽ നെഗ്‌ളിജൻസ് ഉണ്ടായി എന്നാരോപണം വന്നാൽ അതിന്റെ അന്വേഷണം പൂർത്തിയാകുന്നത് വരെ അതിനെ പറ്റി ഒരഭിപ്രായവും പറയാതിരിക്കുക എന്നതാണ് പ്രൊഫെഷനലിസം. നെഗ്‌ളിജൻസ് ഉണ്ടായി എന്നും, പേഷ്യന്റിനു ഡാമേജ് ഉണ്ടായി എന്നും; ഈ ഡാമേജ് നെഗ്‌ളിജൻസ് കൊണ്ട് ആണ് എന്നും- ഈ മൂന്നു കാര്യങ്ങളും തെളിഞ്ഞാൽ ആണ് നടപടി എടുക്കേണ്ടത്. അതാണ് നിയമം. കോംപ്ലികേഷനും നെഗ്‌ളിജന്സും ഒന്നല്ല. അങ്ങനെ ആണെങ്കിൽ ഉചിത നടപടി എന്തായാലും വേണം.
വേറെ പല കാര്യങ്ങളും അറിയാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ട്രാൻസ് ആളുകളുടെയും ഹോമോസ്ക്ഷ്വൽ ആളുകളുടെയും പ്രത്യേകതകൾ പഠിച്ചു തുടങ്ങിയത് പ്ലാസ്റ്റിക് സർജറി റെസിഡൻസി ചെയ്യുന്ന കാലഘട്ടത്തിൽ ആയിരുന്നു. പക്ഷെ ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റി, അതിന്റെ ശസ്ത്രക്രിയകൾ എന്നിവയെ പറ്റി ഒക്കെ വിശദമായുള്ള ചർച്ചകൾ വരുന്നത് ഒരു പത്തു വർഷം മുൻപ് മുതൽ മാത്രമാണ്. രണ്ടു മൂന്നു വർഷങ്ങൾക്ക് മുൻപ് ഡോക്ടർ അർജുന്റെ ഒരു പ്രേസേന്റ്റേഷൻ കണ്ടപ്പോൾ ആണ് ഇത് ഇത്ര നന്നായി ചെയ്യാൻ പറ്റും  എന്ന് ബോധ്യം ആയത്. ശ്രോതാക്കൾ എല്ലാം പ്ലാസ്റ്റിക് സർജൻമാർ ആയിട്ട് പോലും പലരും ഇത് ഒരു അനാവശ്യ സർജറി ആണോ, വെറുതെ പുലിവാൽ ആണ് ഇതൊക്കെ ചെയ്യുന്നത് എന്ന് അടക്കം പറഞ്ഞത് ഓർക്കുന്നു. അപ്പോൾ വളരെ വിശദമായി, ട്രാൻസ് ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അവരുടെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരാവശ്യമായി ഇതിനെ കാണാമെന്നും അർജുൻ പറയുകയുണ്ടായി. 
വേറെ ആർക്കും ഇത്തരം ശസ്ത്രക്രിയാപരവും അല്ലാത്തതുമായ സങ്കീർണതകളാൽ നിറഞ്ഞ ഈ രംഗത്തേക്ക് കാൽ എടുത്തു വയ്ക്കാൻ വിമുഖത ഉള്ള കാലത്ത് സധൈര്യം ഒരു ടീം ഉണ്ടാക്കാനും ആവശ്യ ട്രെയിനിങ് എടുക്കാനും തയ്യാർ ആയ ആളാണ് ഡോക്ടർ അർജുൻ. കൂടെ ഉള്ള ആളുകളും അങ്ങനെ തന്നെ.
മുപ്പത് മുതൽ എഴുപത് ശതമാനം വരെ കോംപ്ലകേഷനുകളും അവയെ തരണം ചെയ്യാൻ പുനർ സർജറികളും വേണ്ട ഒരു മേഖലയിലേക്ക് പ്രവേശിക്കാൻ മിക്കവർക്കും മടി ആയിരിക്കും. ഇടേണ്ട അധ്വാനം നോക്കുമ്പോഴും പണമുണ്ടാക്കാൻ ഇതിലും വളരെ നല്ല മേഖലകൾ ഉണ്ട് എന്നതാണ് സത്യം. പരിഹരിക്കപ്പെടേണ്ട ഒരു ആവശ്യം കണ്ടെത്തി താല്പര്യത്തോടെ ഇതിലേക്ക് വന്ന ആളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മൂന്നൂറോളം ട്രാൻസ് ആളുകൾക്ക് സർജറി അവിടത്തെ ടീം  ചെയ്തിട്ടുണ്ട് എന്നറിയുന്നു. 
ഇന്ത്യ മൊത്തം നോക്കിയാൽ നല്ല രീതിയിൽ ട്രാൻസ് ശസ്ത്രക്രിയകൾ ചെയ്യുന്ന പത്തോ പതിനഞ്ചോ സർജിക്കൽ ടീമുകളെ ഉള്ളു. അതിൽ ഒന്നാണ് ഇവർ.
ഇതിന് ലോകോത്തര മാനദണ്ഡം ഉണ്ടാക്കുന്നത് WPATH എന്ന ലോക സംഘടനാ ആണ്. വർഷങ്ങളായി അതിൽ അംഗം ആണ് അർജുൻ. ഇന്ത്യൻ പ്രൊഫെഷണൽ അസോസിയേഷൻ ഫോർ ട്രാൻസ്‌ജെൻഡർ ഹെൽത് (IPATH) ൽ ഇന്ത്യൻ മാനദണ്ഡങ്ങൾ ഉണ്ടാക്കാൻ ഏല്പിച്ച സർജിക്കൽ കോർ കമ്മറ്റി അംഗം ആയിരുന്നു  പുള്ളി. അതായത് ഇന്ത്യയിൽ ഈ സർജറിയുടെ മാർഗനിർദേശങ്ങൾ ഇറക്കുന്നത്തിൽ പ്രധാന പങ്കു വഹിച്ച ആൾ കൂടി ആണ്. ഇന്ത്യ മൊത്തം അദ്ദേഹത്തിന്റെ ഈ വിഷയത്തിൽ പ്രബന്ധ അവതരണങ്ങൾ ഒരു മാതിരി എല്ലാ പ്ലാസ്റ്റിക് സർജന്മാരും കേട്ടിട്ടുള്ളതാണ്. 
ഇത് കൊണ്ടൊക്കെ തന്നെ - "ഒന്നും അറിയാത്ത ആൾ" , "പരീക്ഷണം നടത്തുന്നു" എന്നൊക്കെ പറഞ്ഞത് കേൾക്കുമ്പോൾ മിണ്ടാതെ ഇരിക്കാൻ പറ്റുന്നില്ല. അങ്ങനെ അല്ല എന്ന കാര്യം എനിക്കുറപ്പാണ്. 
മറ്റു കാര്യങ്ങൾ നിക്ഷ്പക്ഷമായി അന്വേഷിച്ച് തെളിയേണ്ട കാര്യങ്ങൾ ആണ്. അതിനെപ്പറ്റി എനിക്ക് അറിയില്ല
(ജിമ്മി മാത്യു).

Follow Us:
Download App:
  • android
  • ios