Asianet News MalayalamAsianet News Malayalam

14 വയസ്സുളള കുട്ടിയെ തോളിലേറ്റി വന്ന അമ്മയെ കണ്ടിട്ടും ക്യൂവിൽ ഞെളിഞ്ഞ്‌ നിന്നവരോട് പറയാനുളളത്; കുറിപ്പ്

തിരക്ക് പിടിച്ച ജീവിതത്തില്‍ മനുഷ്യത്വം, ദയ , സഹാനുഭൂതി എന്നിവ പലര്‍ക്കും നഷ്ടപ്പെടുന്നുണ്ടോ ? ഗര്‍ഭിണിക്കും കുഞ്ഞുങ്ങളുമായി കയറുന്ന അമ്മമാര്‍ക്കും സീറ്റൊഴിഞ്ഞ്  കൊടുക്കാതെ ഇരിക്കുന്ന ബസ് യാത്രക്കാരേയും ഈ കൂട്ടത്തില്‍പ്പെടുത്താവുന്നതാണ്. 

Dr Shimna Azeez fb post about the handicaped women situation
Author
Thiruvananthapuram, First Published Jan 23, 2020, 9:46 AM IST

തിരക്ക് പിടിച്ച ജീവിതത്തില്‍ മനുഷ്യത്വം, ദയ , സഹാനുഭൂതി എന്നിവ പലര്‍ക്കും നഷ്ടപ്പെടുന്നുണ്ടോ ? ഗര്‍ഭിണിക്കും കുഞ്ഞുങ്ങളുമായി കയറുന്ന അമ്മമാര്‍ക്കും സീറ്റൊഴിഞ്ഞ്  കൊടുക്കാതെ ഇരിക്കുന്ന ബസ് യാത്രക്കാരേയും ഈ കൂട്ടത്തില്‍പ്പെടുത്താവുന്നതാണ്. ഭിന്നശേഷിക്കാരായ പെണ്‍കുട്ടിയെ പിന്നിലേക്ക് തള്ളിവിട്ട് ക്യൂവില്‍  നിന്നവരേയും, ഇതുകണ്ടു നിന്നവരെയും തന്‍റെ  ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നു കാട്ടുകയാണ് ഡോക്ടര്‍ ഷിംന അസീസ്

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം... 

രാവിലെ ഓപിയിലേക്കിറങ്ങും മുൻപാണ്‌ ആ കോൾ വന്നത്‌. ഭിന്നശേഷിയുള്ള ഒരു യുവതിയാണ്‌, അവർക്ക്‌ അസ്‌ഥിരോഗവിഭാഗത്തിൽ നിന്നും ഒരു സർട്ടിഫിക്കറ്റ് വാങ്ങണം. പിഎസ്‌സി ഇന്റർവ്യൂവിന്റെ ആവശ്യത്തിനാണ്‌. ആശുപത്രിയിൽ എത്തിയാലുടൻ ഏർപ്പാട്‌ ചെയ്‌തു തരാം എന്ന്‌ ഏറ്റു.

അവിടെ ചെന്നപ്പോൾ പതിവ്‌ പൊലെ ജാഥക്കുള്ള ആളുണ്ട്‌. ഇവരെയും കൂടെ വന്ന സ്‌ത്രീയേയും കണ്ടു, ആവശ്യങ്ങൾ ആരാഞ്ഞു. ഗസറ്റഡ്‌ ഓഫീസർ അല്ലാത്തത്‌ കൊണ്ട്‌ ഔദ്യോഗിക രീതികൾ അറിയാത്തതിനാൽ രണ്ട്‌ സീനിയർ ഡോക്‌ടർമാരെ വിളിച്ച്‌ അന്വേഷിച്ച്‌ കാര്യങ്ങൾ പഠിച്ച ശേഷം ഓർത്തോപീഡിഷനെ കണ്ടു. എന്റെ സംശയം തീർക്കാൻ സമയം കളഞ്ഞ്‌ അദ്ദേഹത്തിന്റെ ജോലിക്ക്‌ ഭംഗം വരരുതല്ലോ. അദ്ദേഹം വേണ്ട സഹായം വാഗ്‌ദാനം ചെയ്‌തു. അവരുടെ ടേൺ കാത്തിരിക്കാൻ അവരെ ഓപിക്ക്‌ മുന്നിലിരുത്തി അവിടുന്ന്‌ എന്റെ ഓപി മുറിയിലേക്ക്‌ പോന്നു.

കുറച്ച്‌ കഴിഞ്ഞ്‌ അവരുടെ കോൾ വന്നു. "ഞങ്ങൾ പോന്നു ഡോക്‌ടറെ, അവിടെ വല്ലാത്ത തിരക്ക്‌. കുറേ നേരം ഇരിക്കാനാവുന്നില്ല. മുന്നിലേക്ക്‌ കയറാൻ ആളുകൾ സമ്മതിക്കുന്നില്ല, അവർ ഞങ്ങളെ ചീത്ത പറഞ്ഞു." വല്ലാത്ത സങ്കടം തോന്നി. നാട്ടിലുള്ള സകല ക്യൂവും ചാടി കടക്കുന്നവർക്ക്‌ നടക്കാൻ ബുദ്ധിമുട്ടുള്ള ഒരു പെണ്ണിന്‌ വേണ്ടി ആശുപത്രിയിൽ ഒരു മിനിറ്റ്‌ മാറി നിന്നൂടേ ! അവര്‌ ഇറങ്ങും മുന്നേ ഒരു തവണ കൂടി എന്നെയൊന്ന്‌ വിളിച്ചിരുന്നെങ്കിൽ എന്തെങ്കിലും വഴി കാണുമായിരുന്നു... അവർക്ക്‌ മൂന്ന്‌ ദിവസത്തിനകം കിട്ടേണ്ട കടലാസാണ്‌... ഇനിയിപ്പോ എവിടുന്നാണോ കിട്ടുക?

മുൻപൊരു ദിവസം നേത്രരോഗവിഭാഗത്തിന്‌ മുന്നിൽ നിന്ന്‌ ഇതു പോലൊരു ക്യൂവിനോട്‌ കലഹിച്ചിട്ടുണ്ട്‌. അന്ന്‌ 10-14 വയസ്സ്‌ തോന്നിക്കുന്ന സെറിബ്രൽ പാൽസി രോഗിയായ കുഞ്ഞിനെ തോളത്ത്‌ പേറി നിൽക്കുന്ന അമ്മയെ ഗൗനിക്കാതെ ക്യൂവിൽ ഞെളിഞ്ഞ്‌ നിന്ന യുവാക്കളോട്‌ കഴുത്തിലുള്ള സ്‌തെത്തിന്റെ അധികാരത്തിൽ ഒച്ചയിട്ടു. മനസ്സില്ലാമനസ്സോടെ വഴി മാറിയവരുടെ ശാപവാക്കുകൾ ഗൗനിക്കാതെയാണ്‌ അന്നവരെ ഓപിയുടെ വാതിൽക്കലെത്തിച്ചത്‌.

ബിവറേജിന്‌ മുന്നിലും സിനിമ തിയറ്ററിലും കാണിക്കുന്ന അച്ചടക്കമെങ്കിലും ആശുപത്രിയിലാകാം. പ്രത്യേകിച്ച്‌ തന്നേക്കാൾ അവശതയുള്ളവരോടും പരിഗണന അർഹിക്കുന്നവരോടും. കഷ്‌ടപ്പെടുന്നവരോട്‌ ഇവ്വിധം പെരുമാറാൻ സാധിക്കുന്ന 'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' നിലപാട്‌ കൈക്കൊള്ളുന്ന കണ്ണിൽ ചോരയില്ലായ്‌മ എന്നാണ്‌ നമ്മൾ എടുത്ത്‌ കളയുക?

സഹതാപം കാണിക്കാനും, പരിഹസിക്കാനും, ഇരട്ടപ്പേര്‌ വിളിക്കാനുമൊക്കെ നല്ല സാമർത്ഥ്യമുള്ള അഴുകിയ മനസ്സുള്ള കോപ്പിലെ ജനതയാണ്‌ നമ്മൾ. ആനുകൂല്യങ്ങൾ പിടിച്ച്‌ പറിക്കാനും അവർക്കുള്ളത്‌ പോലും ഉളുപ്പില്ലാതെ എടുക്കാനുമറിയുന്നവർ പോലും ഫോണിൽ കുത്താനെടുക്കുന്ന അഞ്ച്‌ മിനിറ്റ്‌ പോലും അവർക്കായി കാത്ത്‌ നിൽക്കില്ല.

നാട്ടുകാരെ കാണിക്കാൻ വേണ്ടി സഹായം ചെയ്‌താലും ഫോട്ടോയെടുത്ത്‌ സോഷ്യൽ മീഡിയയിലിട്ട്‌ ലൈക്ക്‌ വാങ്ങിയാലും പോര, ആരും മാർക്കിടാൻ ഇല്ലാത്തപ്പഴും മനസ്സിലും പ്രവർത്തിയിലും ആർദ്രത വേണം.

അല്ലെങ്കിൽ പിന്നെ അവനവനെ മനുഷ്യൻ എന്ന്‌ വിളിക്കാതെ ആ തൊഴുത്തിലെങ്ങാനും പോയി കിടന്നോണം. കൂടുതൽ ചേർച്ച ആയിടമാണ്‌.

Follow Us:
Download App:
  • android
  • ios