കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ ഫലപ്രദമായ പ്രതിരോധം തന്നെയാണ് വാക്‌സിന്‍ എന്ന കാര്യത്തില്‍ സംശയമില്ല. വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇതിനോടകം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

മിക്കയിടങ്ങളിലും വാക്‌സിന്‍ നിര്‍ബന്ധമല്ല. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതാണ് ഉത്തമം എന്ന മനോഭാവമാണ് ഭരണാധികാരികള്‍ പങ്കുവയ്ക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ആരോഗ്യസംവിധാനങ്ങളും ശ്രമിക്കുന്നുണ്ട്. 

ഇപ്പോഴിതാ ദുബൈയില്‍ വാക്‌സിനെടുത്തവര്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ചില റെസ്റ്റോറന്റുകള്‍. മൂന്നോളം റെസ്‌റ്റോറന്റുകളാണ് ഇത്തരത്തില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് പത്ത് ശതമാനവും രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ഇരുപത് ശതമാനവുമാണ് ഡിസ്‌കൗണ്ട്. ഇതിന് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കുകയും വേണം. 

വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കാനും കൊവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്താനുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റെസ്റ്റോറന്റുകള്‍ വിശദീകരിക്കുന്നത്. പലരും ഇത് മികച്ചൊരു തീരുമാനമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായവും രേഖപ്പെടുത്തുന്നുണ്ട്. അതേസമയം പ്രശസ്തിക്ക് വേണ്ടിയും ബിസിനസ് മെച്ചപ്പെടുത്താനുമാണ് റെസ്റ്റോറന്റുകളുടെ നീക്കമെന്ന് വിമര്‍ശിച്ച് മറുവിഭാഗവും രംഗത്ത് സജീവമാണ്. 

ദുബൈ അടക്കമുള്ള മേഖലകളിലായി യുഎഇയില്‍ ഇതുവരെ ഇരുപത്തിയഞ്ച് ലക്ഷത്തോളം പേര്‍ക്ക് വാക്‌സിനേഷന്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇസ്രയേല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പേരില്‍ വാക്‌സിനെത്തിച്ചിരിക്കുന്നതും യുഎഇയാണെന്നാണ് സൂചന.

Also Read:- 136 കോടി ഇന്ത്യക്കാർക്ക് എങ്ങനെ കോവിഡ് വാക്സീൻ കുത്തിവെക്കും?...