ഉപ്പ് അഥവാ സോഡിയം അധികമാകുമ്പോള്‍ വൃക്കയ്ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായ സമ്മര്‍ദ്ദം വരുന്നു. ഇതാണ് ക്രമേണ വൃക്കരോഗത്തിലേക്ക് നയിക്കുന്നത്

നമ്മള്‍ എന്തുതരത്തിലുള്ള ഭക്ഷണപാനീയങ്ങളാണ് അധികവും കഴിക്കുന്നത് എന്നതിന് അനുസരിച്ചാണ് നമ്മുടെ ആരോഗ്യവും തുടരുന്നത്. അത്രമാത്രം ഭക്ഷണത്തിന് പ്രാധാന്യമുണ്ട് എന്ന് സാരം. ഭക്ഷണത്തിലെ അശ്രദ്ധ പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. 

ഇത്തരത്തില്‍ വൃക്ക ബാധിക്കപ്പെടുന്ന അവസ്ഥ, അല്ലെങ്കില്‍ വൃക്ക രോഗം വരുന്നതിലേക്ക് നയിക്കുന്ന, നമ്മുടെ ഡയറ്റുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

പ്രമേഹം, ബിപി (രക്തസമ്മര്‍ദ്ദം), അമിതവണ്ണം, മദ്യപാനം പോലെയുള്ള ജീവിതശൈലീരോഗങ്ങളും, മോശം ശീലങ്ങളും, മോശമായ ആരോഗ്യാവസ്ഥയുമെല്ലാം വൃക്ക രോഗത്തിലേക്ക് നയിക്കാം. ഇത്രയും കാര്യങ്ങള്‍ ഇതില്‍ പ്രധാനമായി വരുന്നതിനാല്‍ തന്നെ ഇവയിലെല്ലാം ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുന്നത് തീര്‍ച്ചയായും വൃക്കരോഗങ്ങളെ പ്രതിരോധിക്കാൻ നമ്മളെ സഹായിക്കും.

എന്നുവച്ചാല്‍ ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കണം, അഥവാ അവ പിടിപെട്ടാലും നിയന്ത്രിച്ച് ശ്രദ്ധാപൂര്‍വം മുന്നോട്ടുപോകണം, മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കണം, പ്രായത്തിനും ഉയരത്തിനും ആരോഗ്യാവസ്ഥയ്ക്കുമൊന്നും യോജിക്കാത്ത രീതിയിലുള്ള ശരീരഭാരം പാടില്ല- എന്നുവച്ചാല്‍ അമിതവണ്ണം വേണ്ട. ഇത്രയും കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ വൃക്കരോഗങ്ങളെ ചെറുക്കാൻ സാധിക്കും. 

ഇക്കൂട്ടത്തില്‍ നാം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടൊരു ഘടകം ഭക്ഷണമാണ്. ജീവിതശൈലീരോഗങ്ങള്‍ അകറ്റാനും, അമിതവണ്ണം അകറ്റാനുമെല്ലാം ഭക്ഷണത്തില്‍ ശ്രദ്ധ വേണം. 

പ്രധാനമായും ഉപ്പും മധുരവും നിന്ത്രിച്ചുകൊണ്ടുള്ള ഭക്ഷണരീതിയായിരിക്കണം. ഉപ്പ് അഥവാ സോഡിയം അധികമാകുമ്പോള്‍ വൃക്കയ്ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായ സമ്മര്‍ദ്ദം വരുന്നു. ഇതാണ് ക്രമേണ വൃക്കരോഗത്തിലേക്ക് നയിക്കുന്നത്. 

നമ്മള്‍ ഭക്ഷണസാധനങ്ങളിലോ വിവിധ വിഭവങ്ങളിലോ ചേര്‍ത്തുകഴിക്കുന്ന ഉപ്പ് അല്ല ശരിക്കും പ്രശ്നമാകുന്നത്. പുറത്തുനിന്ന് വാങ്ങിക്കഴിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍- അത് ചിപ്സ് ആയാല്‍ പോലും ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയിട്ടുള്ളതായിരിക്കും. ഇതാണ് ഏറെ തിരിച്ചടിയാകുന്നത്. ദിവസവും ഇത്തരത്തിലുള്ള പാക്കറ്റ് ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നവര്‍ നിരവധിയാണ്.

ഉപ്പ് പോലെ തന്നെ, പഞ്ചസാരയും നിയന്ത്രിക്കേണ്ടതുണ്ട്. പഞ്ചസാര മാത്രമല്ല, മധുരം ഏതുമാകട്ടെ, ഒപ്പം കാര്‍ബോഹൈഡ്രേറ്റും നിയന്ത്രിച്ചില്ലെങ്കില്‍ അത് അമിതവണ്ണം, പ്രമേഹം എന്നിവയിലേക്കെല്ലാം നയിക്കാം. ഇതും ക്രമേണ വൃക്കരോഗത്തിനുള്ള സാധ്യതയാണ് ഒരുക്കുന്നത്. പലരും പതിവായി ബോട്ടില്‍ഡ് ജ്യൂസ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയെല്ലാം കഴിക്കാറുണ്ട്. ഈ ശീലം ഭാവിയില്‍ ആരോഗ്യത്തിന് നല്ല തിരിച്ചടിയായി മാറാം. 

ആരോഗ്യകരമായി, നമുക്കാവശ്യമുള്ള പോഷകങ്ങളെല്ലാം ലഭിക്കുന്ന രീതിയില്‍ ബാലൻസ് ചെയ്ത് ആണ് ഭക്ഷണം ക്രമീകരിക്കേണ്ടത്. വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ പ്രതിരോധിക്കുന്നതിന് ദിവസവും ഡയറ്റില്‍ ഫൈബറടങ്ങിയ ഭക്ഷണങ്ങളുള്‍പ്പെടുത്തണം. ഒപ്പം ആവശ്യത്തിന് വെള്ളവും ഉറപ്പുവരുത്തണം.

Also Read:-ഭക്ഷണത്തിനൊപ്പമോ അതിന് തൊട്ടുപിന്നാലെയോ ചായയോ കാപ്പിയോ കഴിക്കരുത്; കാരണം....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo