ജിമ്മില്‍ പോകുന്നവരാണോ നിങ്ങള്‍?; ഹൃദയം സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങള്‍ ചെയ്യൂ...
ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നത് ഹൃദയത്തെ അപകടത്തിലാക്കുമോ, അല്ലെങ്കില്‍ എന്തുകൊണ്ടാണ് വര്‍ക്കൗട്ടിനിടെ ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുന്നത് എന്നെല്ലാമുള്ള സംശയങ്ങള്‍ നിരവധി പേരെ അലട്ടാറുണ്ട്.

ജിമ്മിലെ പരിശീലനത്തിനിടയില്‍ ഹൃദയാഘാതം സംഭവിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം എന്നെല്ലാമുള്ള വാര്‍ത്തകള്‍ ഈ അടുത്തകാലത്തായി നാം ഏറെ കേള്‍ക്കുന്നതാണ്. ഇത് തീര്‍ച്ചയായും ഫിറ്റ്നസ് തല്‍പരര്‍ക്കിടയില്‍ ചെറുതല്ലാത്ത ആശങ്കയും പരത്തുന്നുണ്ട്.
ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നത് ഹൃദയത്തെ അപകടത്തിലാക്കുമോ, അല്ലെങ്കില്‍ എന്തുകൊണ്ടാണ് വര്‍ക്കൗട്ടിനിടെ ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുന്നത് എന്നെല്ലാമുള്ള സംശയങ്ങള്‍ നിരവധി പേരെ അലട്ടാറുണ്ട്.
ആദ്യം അറിയേണ്ടത്-ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നത് ഹൃദയത്തെ അപകടപ്പെടുത്തില്ല എന്നതാണ്. എന്നാല്‍ വര്‍ക്കൗട്ടിനിടെ ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കാം. അത് ഒരു സാധാരണസംഗതിയല്ല. തക്കതായ കാരണങ്ങള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് പിന്നിലുണ്ടാകുമെന്നതാണ് സത്യം.
പ്രധാനമായും നമ്മളറിയാതെ ബാധിച്ചിട്ടുള്ള ഹൃദ്രോഗങ്ങള്‍ തന്നെയാണ് ഇവിടെ വില്ലനായി വരുന്നത്. 'കൊറോണറി ആര്‍ട്ടറി ഡിസീസ്', 'കാര്‍ഡിയോമയോപതി', 'കൺജെനിറ്റല്‍ ഹാര്‍ട്ട് ഡിസീസ്' എന്നിങ്ങനെയുള്ള രോഗാവസ്ഥകളാണ് പെട്ടെന്നുള്ള ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയിലേക്ക് നയിക്കുന്നത്.
എന്തെങ്കിലും ലക്ഷണങ്ങളിലൂടെ മുമ്പ് ഇത് മനസിലാക്കാത്തവരെ സംബന്ധിച്ച് അവര്‍ തങ്ങള്‍ക്ക് താങ്ങാൻ സാധിക്കാത്ത കായികാധ്വാനത്തിലേര്‍പ്പെടുമ്പോളാണ് തിരിച്ചടിയാവുക. എന്തായാലും ജിമ്മില്‍ പതിവായി പോയി വര്‍ക്കൗട്ട് ചെയ്യുന്നവരെ സംബന്ധിച്ച് ഇങ്ങനെയൊരു പ്രതിസന്ധി ഒഴിവാക്കാൻ ചില കാര്യങ്ങള്‍ മുന്നൊരുക്കങ്ങളായി ഹൃദയസുരക്ഷയ്ക്ക് വേണ്ടി ചെയ്യാവുന്നതാണ്. അവയിലേക്ക്...
ചെക്കപ്പ്...
പതിവായി ജിമ്മില്‍ പോകുന്നവര്‍, കായികവിനോദങ്ങളിലേര്‍പ്പെടുന്നവര്‍, കായികതാരങ്ങള്‍ എന്നിവരെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്താൻ തയ്യാറാകണം. പ്രത്യേകിച്ച് വീട്ടിലോ കുടുംബത്തിലോ ആര്‍ക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍. ഇസിജി, എക്കോ, ടിഎംടി, ലിപ്പിഡ് പ്രൊഫൈല്‍ & എഫ്ബീസ് എന്നീ പരിശോധനകള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ചെയ്തിരിക്കുക.
പാരമ്പര്യഘടകങ്ങള്‍...
നേരത്തെ സൂചിപ്പിച്ചത് പോലെ വീട്ടിലോ കുടുംബത്തിലോ ആര്‍ക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങളോ, ഹൃദയാഘാതം- ഹൃദയസ്തംഭനം എന്നിവയോ സംഭവിച്ച ചരിത്രമുണ്ടെങ്കില്‍ അതെല്ലാം നിങ്ങള്‍ അറിഞ്ഞിരിക്കണം. ഈ അറിവില്ലായ്മയും ജാഗ്രതയില്ലായ്മയും ആണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്.
ലൈഫ്സ്റ്റൈല്‍...
ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നുണ്ട് എന്ന കരുതി മറ്റ് സമയങ്ങളെല്ലാം അനാരോഗ്യകരമാം വിധം തുടരരുത്. പ്രത്യേകിച്ച് മോശം ഭക്ഷണരീതി, ലഹരി ഉപയോഗം എന്നിവയെല്ലാം. ആരോഗ്യകരമായ - ബാലൻസ്ഡ് ആയ ഭക്ഷണം വേണം കഴിക്കാൻ. എങ്കിലേ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ എല്ലാം ലഭ്യമാകൂ.
ലക്ഷണങ്ങള്‍...
വര്‍ക്കൗട്ട് ചെയ്യുന്നവരായതിനാല്‍ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ബാധിക്കില്ലെന്ന് അമിത ആത്മവിശ്വാസം അരുത്. ആരോഗ്യത്തില്‍ വരുന്ന മാറ്റങ്ങള്‍, എന്തെങ്കിലും രോഗങ്ങളുടെ ഭാഗമായി വരുന്ന ലക്ഷണങ്ങള്‍ എല്ലാം സമയബന്ധിതമായി കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കണം. ശ്വാസതടസം, അസാധാരണമായ കിതപ്പ്, ക്ഷീണം, തലകറക്കം, ശ്വാസതടസം, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങളെല്ലാം ഏറെ ശ്രദ്ധിക്കണം. ഇത്തരം പ്രശ്നങ്ങളുള്ളപ്പോള്‍ വര്‍ക്കൗട്ട് നിര്‍ബന്ധമായും മാറ്റിവയ്ക്കുകയും ഉടനടി പരിശോധനയ്ക്ക് വിധേയരാവുകയും വേണം.
പരിശീലനം...
ഹൃദയാഘാതം പോലെ തീവ്രമായൊരു അവസ്ഥയുണ്ടായാല്‍ എന്താണ് ചെയ്യേണ്ടത് എന്നും അറിഞ്ഞിരിക്കണം. പ്രാഥമികമായി എന്ത് ചെയ്യണം, എന്തെല്ലാം നോക്കണം, സിപിആറോ എഇഡിയോ നല്‍കണമെങ്കില്‍ അതെങ്ങനെ ചെയ്യണം എന്നെല്ലാം അറിഞ്ഞിരിക്കണം. ഇത് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ മാത്രമല്ല ഏവരും അറിഞ്ഞിരിക്കേണ്ടത് ഉചിതമാണ്.
Also Read:-ഇന്ത്യയില്‍ വ്യാപകമായി കാണുന്നൊരു രോഗം ; ഞെട്ടിക്കുന്ന കണക്കുമായി ലോകാരോഗ്യ സംഘടന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-