കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന കെമിക്കലുകളടങ്ങിയ ബേബിഫുഡിനെ പറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്കകം ഇതാ മറ്റ് ചില നിത്യോപയോഗ സാധനങ്ങളെക്കുറിച്ചും സമാനമായ കണ്ടെത്തലുണ്ടായിരിക്കുന്നു. സ്വീഡനിലെ കാള്‍സ്റ്റഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് ഹോസ്പിറ്റല്‍ നെറ്റ്വര്‍ക്കില്‍ നിന്നുമുള്ള ഒരുകൂട്ടം ഗവേഷകരാണ് പുതിയ കണ്ടെത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 

സോപ്പ്, കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ചില നിത്യോപയോഗ സാധനങ്ങള്‍, ക്ലീനിംഗ് ഉത്പന്നങ്ങള്‍ എന്നിവയിലാണത്രേ അപകടകരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതായി ഗവേഷകര്‍ കണ്ടെത്തിയത്. ഗര്‍ഭിണികളായ സ്ത്രീകള്‍ ഇവയിലേതെങ്കിലും ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വഴി, കെമിക്കലുകള്‍ ശരീരത്തിലെത്തുന്നു. തുടര്‍ന്ന് ഇത് കുഞ്ഞിന്റെ തലച്ചോറിനെ ബാധിക്കുകയും ചെയ്യുമത്രേ. 

ആകെ 718 കേസുകളാണ് ഗവേഷകര്‍ ഇതിനായി പരിശോധിച്ചത്. 'ബിസ്ഫിനോള്‍' എന്ന കെമിക്കലാണ് ഇതിലേറ്റവും അപകടകാരിയായ ഒന്നായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പല നിത്യോപയോഗ സാധനങ്ങളും നിര്‍മ്മിച്ചിരിക്കുന്ന പ്ലാസ്റ്റിക്കിലും ഭക്ഷണവും വെള്ളവും എടുക്കുന്ന കണ്ടെയ്‌നറുകളിലുമെല്ലാം കീടനാശിനികളില്‍ വരെ കാണപ്പെടുന്ന ഈ കെമിക്കല്‍ കണ്ടെത്തി. 

പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം ഗണ്യമായി കുറയ്ക്കുകയും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് ഇടയാക്കുകയും ചെയ്യുന്ന കെമിക്കല്‍ കൂടിയാണ് 'ബിസ്ഫിനോള്‍'. സ്ത്രീകളിലാണെങ്കില്‍ ഇത് സ്തനാര്‍ബുദത്തിനും വഴിയൊരുക്കാറുണ്ടത്രേ.