കഴിഞ്ഞ കുറച്ച് നാളുകളായി അറുപത്തിനാലുകാരി ജില്‍ എന്നും രാത്രി ഉറക്കത്തില്‍ വെടിവെയ്ക്കുന്ന ശബ്ദം കേട്ട് ഞെട്ടി ഉണരുമായിരുന്നു. ഇത് പതിവായപ്പോള്‍ ജില്‍ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല് ആ വെടിവയ്ക്കല്‍ ജെല്ലിന്‍റെ തലയ്ക്കുള്ളിലായിരുന്നു. 

ഉറക്കത്തില്‍ ഇങ്ങനെ വെടിവെയ്ക്കല്‍ ശബ്ദം കേള്‍ക്കുന്നതിന്‍റെ കാരണം തേടി യുഎസ് സ്വദേശിനിയായ ജില്‍ ഡോക്ടറെ സമീപിച്ചു. അങ്ങനെയാണ് അവര്‍ക്ക്  'Exploding Head Syndrome'എന്ന സ്ലീപ് ഡിസോര്‍ഡര്‍ ആണെന്ന് കണ്ടെത്തിയത്. 

ഉറങ്ങുന്നതിന് മുന്‍പോ എഴുന്നേല്‍ക്കുന്നതിന്  മുന്‍പോ വെടിവെയ്ക്കുന്നത് പോലെയുളള വലിയ  ശബ്ദങ്ങള്‍ കേള്‍ക്കുന്നതാണ് ഈ രോഗത്തിന്‍റെ ലക്ഷണം. ഉറക്കത്തില്‍ ഇങ്ങനെ ശബ്ദം കേള്‍ക്കുമ്പോള്‍ ചാടി എഴുന്നേല്‍ക്കുകയാണ്  താന്‍ ചെയ്യുന്നത് എന്നും ഇങ്ങനെ ഒരു വിചിത്രമായ അനുഭവത്തിലൂടെ ഇതിന് മുന്‍പ് കടന്നുപോയിട്ടില്ല എന്നും ജില്‍ പറയുന്നു.  

'അത്രയും ഉച്ചത്തിലുള്ള ശബ്ദമാണ്. ആരോ എന്‍റെ ചെവിയുടെ അടുത്ത് നിന്ന് വെടി വെയ്ക്കുന്ന പോലെയാണ്  തോന്നുന്നത്. ഉറക്കത്തില്‍ കേള്‍ക്കുന്ന അത്തരം ശബ്ദങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. ഉറക്കം വരെ ഇല്ലാത്താക്കി'- ജില്‍ പറഞ്ഞു. 

2017 നവംബര്‍ വരെ ജില്ലിന്‍റെ രോഗത്തെ കുറിച്ച് അവര്‍ക്ക് അറിയില്ലായിരുന്നു. ശരിക്കും ആരോ പുറത്ത് വെടി വെയ്ക്കുന്ന ശബ്ദം ആണെന്നാണ് അവര്‍ കരുതിയത്. ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷമാണ് ജില്‍ രോഗ വിമുക്തയായത്.