Asianet News MalayalamAsianet News Malayalam

എപ്പോഴും കണ്ണ് തുടിക്കാറുണ്ടോ? എങ്കില്‍ നിസാരമായി തള്ളിക്കളയല്ലേ...

പൊതുവില്‍ മാനസിക സമ്മര്‍ദ്ദം, തളര്‍ച്ച എന്നിങ്ങനെയുള്ള അവസ്ഥകളെ തുടര്‍ന്നാണ് കണ്ണ് തുടിക്കുന്നത്. ഇത് അല്‍പസമയത്തേക്ക് നീണ്ടുനിന്ന ശേഷം തനിയെത്തന്നെ മാറുകയാണ് പതിവ്. എന്നാല്‍ ചിലരില്‍ ഇത് ദീര്‍ഘമായ സമയത്തേക്ക്, ഒരുപക്ഷേ രണ്ടോ മൂന്നോ ദിവസങ്ങളോ ഒരാഴ്ചയോ വരോ തുടര്‍ച്ചയായി കണ്ടേക്കാം

eye twitching has some medical reasons
Author
Trivandrum, First Published Dec 23, 2020, 3:37 PM IST

ശരീരത്തിലെ ഓരോ അവയവത്തിന്റേയും പ്രവര്‍ത്തനത്തിന് വിവിധ ഘടകങ്ങളുടെ ആവശ്യമുണ്ട്. പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെയുള്ള ഇത്തരം ഘടകങ്ങളുടെ അഭാവം പല തരത്തിലുള്ള അനാരോഗ്യത്തിലേക്കും നമ്മെ നയിച്ചേക്കാം. 

പലപ്പോഴും ആരോഗ്യാവസ്ഥ മോശമാകുന്നത് വരെ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ തിരിച്ചറിയപ്പെടാതെയും ഇരിക്കാറുണ്ട്. അത്തരമൊരു പ്രശ്‌നത്തെ കുറിച്ചാണ് ഇനി സൂചിപ്പിക്കുന്നത്. 

കണ്ണ് തുടിക്കുന്നത്, മിക്കവര്‍ക്കും ഇടയ്ക്കിടെ അനുഭവപ്പെടാറുള്ളതാണ്. ഇത് വളരെ സ്വാഭാവികമാണെന്നാണ് നമ്മള്‍ ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്. പൊതുവില്‍ മാനസിക സമ്മര്‍ദ്ദം, തളര്‍ച്ച എന്നിങ്ങനെയുള്ള അവസ്ഥകളെ തുടര്‍ന്നാണ് കണ്ണ് തുടിക്കുന്നത്. 

ഇത് അല്‍പസമയത്തേക്ക് നീണ്ടുനിന്ന ശേഷം തനിയെത്തന്നെ മാറുകയാണ് പതിവ്. എന്നാല്‍ ചിലരില്‍ ഇത് ദീര്‍ഘമായ സമയത്തേക്ക്, ഒരുപക്ഷേ രണ്ടോ മൂന്നോ ദിവസങ്ങളോ ഒരാഴ്ചയോ വരോ തുടര്‍ച്ചയായി കണ്ടേക്കാം. അത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്. 

'മയോകൈമിയ' എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ പ്രധാനമായും വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലമാണേ്രത ഉണ്ടാകുന്നത്. വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരിലാണ് വിറ്റാമിന്‍ ബി12 കുറവ് ഏറെയും കാണുന്നത്. കാരണം, പ്രധാനമായും മാംസാഹാരത്തിലൂടെയാണ് വിറ്റാമിന്‍ ബി12 നമ്മുടെ ശരീരത്തിലെത്തുന്നത്. 

നെര്‍വ് ടിഷ്യൂവിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനുമെല്ലാം വിറ്റാമിന്‍ ബി12 അത്യന്താപേക്ഷിതമാണ്. അപ്പോള്‍ വിറ്റാമിന്‍ ബി 12 കുറയുമ്പോള്‍ അത് നെര്‍വ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇതുതന്നെയാണ് കണ്ണില്‍ തുടിപ്പുണ്ടാകാനും കാരണമാകുന്നത്. 

അതുപോലെ തന്നെ നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്ന 'ഇലക്ട്രോലൈറ്റു'കളുടെ അസന്തുലിതാവസ്ഥയും പേശികളില്‍ തുടിപ്പും വേദനയും ഉണ്ടാകാന്‍ കാരണമാകാറുണ്ട്. ഇതും കണ്ണിന്റെ കാര്യത്തില്‍ ബാധകം തന്നെ. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, ക്ലോറിന്‍, ഫോസ്‌ഫേറ്റ് എന്നിവയെല്ലാം 'ഇലക്ട്രോലൈറ്റു'കളാണ്. വിറ്റാമിന്‍-ഡിയുടെ കുറവും പരോക്ഷമായി കണ്ണില്‍ ഈ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. 

ഇതിനെല്ലാം പുറമെ അമിത മദ്യപാനം, കഫേന്‍ അധികമായി കഴിക്കുന്നത് എന്നിവയും എപ്പോഴും കണ്ണ് തുടിക്കാന്‍ കാരണമാകുന്നു. അസാധാരണമായ തരത്തില്‍ കണ്ണില്‍ വിറയലനുഭവപ്പെടുന്ന പക്ഷം ആദ്യം സൂചിപ്പിച്ചത് പോലെ ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുന്നത് തന്നെയാണ് ഉത്തമം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും, എങ്ങനെ പരിഹരിക്കാമെന്നും മനസിലാക്കാന്‍ ഇതുപകരിക്കും.

Also Read:- കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ വീട്ടിലുണ്ടാക്കാം കിടിലനൊരു ജെല്‍!...

Follow Us:
Download App:
  • android
  • ios