ഹൃദ്രോഗങ്ങളിലേക്ക് വ്യക്തികളെ നയിക്കുന്നതില്‍ ജീവിതരീതികള്‍ക്ക് വലിയ പങ്കുണ്ട്. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ വിഷയങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും ഏറ്റവുമധികം പ്രാധാന്യം ഭക്ഷണത്തിന് തന്നെ നല്‍കണം.

ഇന്ന് ലോകത്ത് തന്നെ ഏറ്റവുമധികം പേര്‍ക്ക് ജീവൻ നഷ്ടമാകുന്നതിന് ഇടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗങ്ങള്‍. വിവിധ ഹൃദ്രോഗങ്ങള്‍- ക്രമേണ ഹൃദയാഘാതത്തിലേക്കും ഹൃദയസ്തംഭനത്തിലേക്കുമെല്ലാം ആളുകളെ നയിക്കുന്നു. ഇത്തരത്തില്‍ അറുപത് ലക്ഷം പേരെങ്കിലും നിലവില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി കഴിയുന്നുണ്ടെന്നും ഇവരില്‍ പകുതി പേര്‍ക്കും വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവൻ നഷ്ടപ്പെടുമെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഹൃദ്രോഗങ്ങളിലേക്ക് വ്യക്തികളെ നയിക്കുന്നതില്‍ ജീവിതരീതികള്‍ക്ക് വലിയ പങ്കുണ്ട്. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ വിഷയങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും ഏറ്റവുമധികം പ്രാധാന്യം ഭക്ഷണത്തിന് തന്നെ നല്‍കണം. ഇന്ന് ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ്, കൃത്രിമമധുരം- സോഡിയം എന്നിവയെല്ലാം കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍, മോശം കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ എല്ലാം അളവില്‍ കൂടുതലായി ലഭ്യമാണ്. ഇത് ആളുകള്‍ നല്ലതോതില്‍ കഴിക്കുന്നുമുണ്ട്. 

ഭക്ഷണസംസ്കാരത്തില്‍ വന്നിട്ടുള്ള ഈ മാറ്റം ഹൃദയാരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുന്നതാണ്. അതിനാല്‍ തന്നെ ഡയറ്റിലാണ് നാം അല്‍പം കൂടി ശ്രദ്ധ നല്‍കേണ്ടത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം വളരെയധികം പരിമിതപ്പെടുത്തുകയോ പരിപൂര്‍ണമായും ഉപേക്ഷിക്കുകയോ ചെയ്യേണ്ടതുണ്ട്. പകരം വൈറ്റമിനുകളും ധാതുക്കളും കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് വളരെയധികം നല്ലതാണ്. 

ഒന്ന്...

പരിപ്പ്- പയര്‍വര്‍ഗങ്ങള്‍ കാര്യമായി കഴിക്കുക. ഇവ ശരീരത്തിലെ മോശം കൊളസ്ട്രോള്‍ കളയാൻ സഹായിക്കുന്നു. ഒപ്പം ഫൈബര്‍, പ്രോട്ടീൻ, ആന്‍റി-ഓക്സിഡന്‍റ് പോളിഫിനോള്‍സ് തുടങ്ങി അവശ്യം വേണ്ടുന്ന പല ഘടകങ്ങളും നമുക്ക് കിട്ടുകയും ചെയ്യുന്നു. 

രണ്ട്...

ഒമേഗ- 3 ഫാറ്റി ആസിഡ് എന്ന ഘടകം ഹൃദയത്തിന് ഏറെ നല്ലതാണ്. ഇതിന്‍റെ നല്ലൊരു സ്രോതസാണ് മത്സ്യം. അതിനാല്‍ നോണ്‍-വെജിറ്റേറിയൻസ് ആണെങ്കില്‍ മത്സ്യം ഡയറ്റില്‍ പതിവാക്കാം. ഇത് പ്രോട്ടീനിന്‍റെയും നല്ലൊരു ഉറവിടമാണ്. മത്തി, അയല പോലുള്ള മീനുകളാണ് ഇവയില്‍ തന്നെ ഏറ്റവും നല്ലത്. 

മൂന്ന്...

ചീരയും ഹൃദയാരോഗ്യത്തിന് വളരെ നല്ലൊരു വിഭവമാണ്. ഇതും കഴിയുന്നതും ഡയറ്റിലുള്‍പ്പെടുത്തുക. മഗ്നീഷ്യം കാര്യമായി അടങ്ങിയിരിക്കുന്നതിനാലാണത്രേ ഇത് ഹൃദയത്തിന് നല്ലതായി വരുന്നത്. ഹൃദയമിടിപ്പ് ബാലൻസ് ചെയ്യുന്നതിനാണ് മഗ്നീഷ്യം സഹായകമാകുന്നത്. 

നാല്...

ചിയ സീഡ്സ് (കറുത്ത കസകസ)യും ഫ്ളാക്സ് സീഡ്സും ഡയറ്റിലുള്‍പ്പെടുത്തുന്നതും ഹൃദയത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് അടക്കമുള്ള പല ഘടകങ്ങളും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ചീത്ത കൊളസ്ട്രോളിനെ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നത് വഴിയാണ് കാര്യമായും ഇവ ഹൃദയത്തിന് ഗുണകരമാകുന്നത്. 

അഞ്ച്...

ഓറഞ്ചും ഇത്തരത്തില്‍ ഹൃദയത്തിന് ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ പെക്ടിൻ, പൊട്ടാസ്യം എന്നിവയാണ് ബിപി നിയന്ത്രിച്ചും മറ്റും ഹൃദയത്തെ സുരക്ഷിതമാക്കി നിര്‍ത്താൻ സഹായിക്കുന്നത്. 

Also Read:- ഹൃദയാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ കഴിക്കേണ്ട ഗുളിക; ഉടൻ ചെയ്യേണ്ട മറ്റ് കാര്യങ്ങള്‍