Asianet News MalayalamAsianet News Malayalam

കണ്ണിനെ ബാധിക്കുന്ന രോഗങ്ങളിൽ നിന്ന് രക്ഷ നേടാം; അഞ്ച് 'ടിപ്‌സ്'

എപ്പോഴും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ കണ്ണുകളില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത നേരിട്ടാല്‍ തന്നെ, വൈകാതെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതുണ്ട്. ആവശ്യമാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്‌ക്രീന്‍ നോക്കുമ്പോള്‍ ഉപയോഗിക്കാനായി കണ്ണടയും വാങ്ങാം. അതുപോലെ നിരന്തരം സ്‌ക്രീനിലേക്ക് നോക്കിയിരിക്കാതെ ഇടയ്ക്ക് ഇടവേളകള്‍ എടുത്തുകൊണ്ട് ജോലി ചെയ്യാനും ശ്രമിക്കാം

five tips to protect your eyes from diseases
Author
Trivandrum, First Published Apr 4, 2020, 8:07 PM IST

ഈ വര്‍ഷത്തെ 'പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്‌നെസ് വീക്ക്' ആണ് ഏപ്രില്‍ ആദ്യവാരം. അതായത് കാഴ്ചാശക്തി നഷ്ടപ്പെടുന്നത് തടയാന്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും നേടേണ്ട അറിവുകളെ കുറിച്ചും നമ്മെ ഓര്‍മ്മിപ്പിക്കുന്ന ദിനങ്ങള്‍ എന്ന് പറയാം. 

പാരമ്പര്യമായ ചില ഘടകങ്ങള്‍, പ്രായം എന്നിവയെല്ലാം കാഴ്ചാപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ നമുക്ക് ഏറെയൊന്നും ചെയ്യാനില്ലതാനും. എന്നാല്‍ മോശം ജീവിതരീതിയുടെ ഭാഗമായി കണ്ണിന് നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങളെ അല്‍പം ശ്രദ്ധ പുലര്‍ത്തുന്നതിലൂടെ നമുക്ക് നേരിടാനാകില്ലേ? അതിന് സഹായകമാകുന്ന അഞ്ച് 'ടിപ്‌സ്' ആണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ആകെയും നമ്മള്‍ എന്താണെന്ന് വലിയൊരു പരിധി വരെ നിര്‍ണ്ണയിക്കുന്നത്. അതിനാല്‍ത്തന്നെ, കാഴ്ചയുടെ കാര്യത്തിലും ഭക്ഷണത്തിന് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. 

 

five tips to protect your eyes from diseases

 

ആരോഗ്യമുള്ള കണ്ണുകള്‍ക്ക് വിറ്റാമിന്‍-സി, വിറ്റാമിന്‍-ഇ, ഒമേഗ -3- ഫാറ്റി ആസിഡുകള്‍, ലൂട്ടിന്‍, സിങ്ക് എന്നിങ്ങനെയുള്ള ചില ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ നേടിയേ പറ്റൂ. ഇതിനായി ഇലക്കറികള്‍, പച്ചക്കറികള്‍, കൊഴുപ്പുള്ള മത്സ്യം, നെയ്, മുട്ട, ബീന്‍സ്, പരിപ്പുവര്‍ഗങ്ങള്‍, ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ടുകള്‍ എല്ലാം ഡയറ്റിലുള്‍പ്പെടുത്തുക. 

രണ്ട്...

നമ്മള്‍ നിത്യേന ചെയ്യുന്ന ചിലത് ശരീരത്തിനെ ദോഷമായി ബാധിച്ചേക്കും. അത്തരത്തില്‍ മോശമായ ഒരു ശീലമാണ് പുകവലി. ഇതിന്റെ ദൂഷ്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയാമെങ്കിലും അതൊഴിവാക്കാന്‍ കഴിയാത്തവരാണ് മിക്കവരും. എന്നാല്‍ കാഴ്ച പോകുന്നതിലും വലുതല്ലല്ലോ ഈ വിനോദം. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക. 

'ഡ്രൈ ഐ സിന്‍ഡ്രോം', 'ഡയബറ്റിക് റെറ്റിനോപ്പതി', തിമിരം എന്നിങ്ങനെ പല രോഗങ്ങളും പുകവലി മൂലം കണ്ണിനെ ബാധിച്ചേക്കാം. 

മൂന്ന്...

കണ്ണുകളെ എപ്പോഴും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. അതല്ലാത്ത പക്ഷം പ്രായമായവരില്‍ കാണുന്ന തരം കാഴ്ചാപ്രശ്‌നങ്ങളോ തിമിരമോ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ യു.വി രശ്മികളെ പ്രതിരോധിക്കാന്‍ ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം സണ്‍ഗ്ലാസ് ഉപയോഗിക്കാം. 

 

five tips to protect your eyes from diseases

 

ഒഴിവാക്കാവുന്ന സാഹചര്യങ്ങളാണെങ്കില്‍ അവ ഒഴിവാക്കുകയും വേണം. 

നാല്...

പുതിയകാലത്ത് നമ്മള്‍ ഏറ്റവുമധികം നേരിടുന്ന ഒരു വെല്ലുവിളിയാണ് ഗാഡ്‌ഗെറ്റുകളുടെ ഉപയോഗം. ഇന്റര്‍നെറ്റ് വിനിയോഗത്തിനോ സിനിമ കാണാനോ ഗെയിം കളിക്കാനോ എന്തിനുമാകട്ടേ, അധികസമയവും സ്‌ക്രീനിലേക്ക് നോക്കിയാണ് നമ്മള്‍ ഒതുങ്ങിക്കൂടുന്നത്. തീര്‍ച്ചയായും ഈ ശീലത്തെ ഒഴിവാക്കിയില്ലെങ്കില്‍ കണ്ണുകളെ സുരക്ഷിതമാക്കാനാവില്ല. 

എപ്പോഴും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ കണ്ണുകളില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത നേരിട്ടാല്‍ തന്നെ, വൈകാതെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതുണ്ട്. ആവശ്യമാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്‌ക്രീന്‍ നോക്കുമ്പോള്‍ ഉപയോഗിക്കാനായി കണ്ണടയും വാങ്ങാം. അതുപോലെ നിരന്തരം സ്‌ക്രീനിലേക്ക് നോക്കിയിരിക്കാതെ ഇടയ്ക്ക് ഇടവേളകള്‍ എടുത്തുകൊണ്ട് ജോലി ചെയ്യാനും ശ്രമിക്കാം. 

അഞ്ച്...

പതിവായി ആരോഗ്യം പരിശോധിച്ച് സുക്ഷ ഉറപ്പുവരുത്തുന്ന തരം സംസ്‌കകാരം പൊതുവേ നമ്മുടെ നാട്ടില്‍ ഇല്ല. എങ്കില്‍ക്കൂടി കണ്ണിന്റെ പ്രാധാന്യം മനസിലാക്കിക്കൊണ്ട് ഇടവേളകളില്‍ ഒരു ചെക്കപ്പിന് വേണ്ടി സമയം കണ്ടെത്തുക. ലക്ഷണങ്ങളില്ലാതെ വരുന്ന 'ഗ്ലൂക്കോമ' പോലുള്ള അസുഖങ്ങളെ നേരത്തേ തിരിച്ചറിയാന്‍ ഈ പരിശോധനകള്‍ സഹായകമായിരിക്കും. 

Follow Us:
Download App:
  • android
  • ios