ഇന്ന് നിരവധി ​ഗർഭനിരോധന മാർ​ഗങ്ങളുണ്ട്. അതിൽ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഒന്നാണ് ഗര്‍ഭനിരോധന ഉറകള്‍ (കോണ്ടം). അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങള്‍ പകരുന്നതും ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമായാണ് ഇതിനെ കാണുന്നത്. ലൈംഗികത സംബന്ധമായ മറ്റ് വിഷയങ്ങള്‍ പോലെ തന്നെ കോണ്ടത്തിന്‍റെ ഉപയോഗം സംബന്ധിച്ചും പല തെറ്റിദ്ധാരണകളുമുണ്ട്.

എപ്പോള്‍ ഉപയോഗിക്കണമെന്നും എങ്ങനെ ഉപയോഗിക്കണമെന്നുള്ള അറിവില്ലായ്മയാണ് ഇതിനു കാരണം. യഥാര്‍ഥത്തില്‍ കോണ്ടം ഉപയോഗിച്ചുള്ള ഗര്‍ഭനിരോധനം പരാജയപ്പെടാ‍നുള്ള സാധ്യത രണ്ട് ശതമാനം മാത്രമാണ്. ശരിയായ വിധത്തില്‍ ഉപയോഗിക്കാതിരിക്കുന്നതാണ് പലപ്പോഴും ഈ മാര്‍ഗം പരാജയപ്പെടാന്‍ കാരണം.

രണ്ട് കോണ്ടം ഉപയോഗിച്ചാ‍ല്‍ കൂടുതല്‍ ഗുണം കിട്ടുമെന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. കോണ്ടം ഉപയോ​ഗിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കാലിഫോർണിയയിലെ ടുറെക് ക്ലിനിക്കിലെ പുരുഷ ലെെം​ഗിക ആരോ​ഗ്യ വിദ​ഗ്ധൻ ഡോ. പോൾ ടുറെക് പറയുന്നു. 

 ഒന്ന്...

സെക്സിനിടയിൽ കോണ്ടം ഉപയോ​ഗിക്കുമ്പോൾ  പല പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാന്‍ മറന്ന് പോകാറുണ്ട്. കോണ്ടത്തിൽ ചെറിയ ദ്വാരങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. ഇത് നിങ്ങള്‍ക്കോ പങ്കാളികള്‍ക്കോ വലിയ റിസ്കിന് കാരണമാകും. അത് കൊണ്ട് തന്നെ കോണ്ടം ഉപയോ​ഗിക്കുന്നതിന് മുമ്പ് തകരാറുകളുണ്ടോ എന്നത് നിർബന്ധമായും പരിശോധിക്കണമെന്ന് ഡോ. പോൾ ടുറെക് പറയുന്നു. 

രണ്ട്...

ചിലര്‍ ലൈംഗികബന്ധത്തിന്‍റെ ആരംഭത്തില്‍ കോണ്ടം ഉപയോഗിക്കില്ല. ഇങ്ങനെ ചെയ്യുന്നത് ലൈംഗിക രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകാറുണ്ട്. അതിനാല്‍ കോണ്ടം ധരിച്ചതിന് ശേഷം മാത്രം ലൈംഗികബന്ധം ആരംഭിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മൂന്ന്...

ലൈംഗികബന്ധം പൂര്‍ത്തിയാകുന്നതിന് മുമ്പ് കോണ്ടം ഊരിമാറ്റുക ചില പുരുഷന്മാരുണ്ട്. കോണ്ടം ലൈംഗികബന്ധം അവസാനിക്കുന്നത് വരെ ധരിക്കേണ്ടതാണ്. അത് നേരത്തെ മാറ്റുന്നത് ധരിക്കാതെ ബന്ധത്തിലേര്‍പ്പെടുന്നതിന് സമമാണെന്ന് ഡോ. പോൾ ടുറെക് പറയുന്നു. 

നാല്...

ഉപയോഗിച്ച കോണ്ടം വീണ്ടും ഉപയോഗിക്കുന്നത് ഗര്‍ഭധാരണത്തിന് സാധ്യത വര്‍ദ്ധിപ്പിക്കും. ഉപയോഗിച്ച കോണ്ടത്തില്‍ ബീജം പറ്റിപ്പിടിച്ചിരിക്കും. കൂടാതെ ഇത് ശുചിത്വരഹിതവുമാണെന്നും ഡോ. പോൾ ടുറെക് പറഞ്ഞു. 

അഞ്ച്...

കോണ്ടം എപ്പോഴും തണുപ്പുള്ള, നനവില്ലാത്ത സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. അല്ലെങ്കില്‍ അവ ഉണങ്ങിപ്പോവുകയും, തകരാറ് സംഭവിക്കുകയും ചെയ്യും. അത് ധരിക്കാനും ഉപയോഗിക്കാനും വിഷമമുണ്ടാക്കുകയും, അതിനൊപ്പം സുരക്ഷിതത്വം ഇല്ലാതാക്കുകയും ചെയ്യുമെന്നും ഡോ. പോൾ ടുറെക് മുന്നിറിയിപ്പ് നൽകുന്നു.