വയസ് കൂടുംതോറും ചര്‍മ്മത്തിലും മുടിയിലും ചലനങ്ങളിലുമെല്ലാം അതിന്റെ വ്യത്യാസങ്ങള്‍ കണ്ടേക്കാം. എന്നാല്‍ പ്രായത്തെ ഏറ്റവുമധികം എടുത്ത് കാണിക്കുന്നത് ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകളും മങ്ങലുകളുമെല്ലാം തന്നെയാണ്. 

ഒരു പരിധി വരെ നമുക്കിതിനെ തടഞ്ഞുനിര്‍ത്താനാകും. മറ്റൊന്നുമല്ല, ചര്‍മ്മത്തിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കുന്നതിലൂടെ മാത്രം. ഇതിന് ഭക്ഷണം തന്നെയാണ് പ്രധാനം. നമ്മള്‍ കഴിക്കുന്നത് എന്താണോ അത് തന്നെയാണ് നമ്മുടെ രൂപമായി മാറുന്നത് എന്ന് കേട്ടിട്ടില്ലേ?

അതിനാല്‍ ചര്‍മ്മത്തിന്റെ പ്രായം കുറച്ചുകാണിക്കാനും നമുക്ക് ഭക്ഷണത്തിനെ തന്നെ ആശ്രയിക്കാം. നാല് ഭക്ഷണസാധനങ്ങളാണ് ഇതിനായി നിങ്ങള്‍ നിര്‍ബന്ധമായും കഴിക്കേണ്ടത്. 

ഒന്ന്...

ചര്‍മ്മത്തെ അകത്തുനിന്ന് പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍- ഇ ധാരാളമായി അടങ്ങിയ ബദാം ആണ് ഇക്കാര്യത്തില്‍ ഒന്നാമതായി നില്‍ക്കുന്നത്. 

 

 

ദിവസവും അല്‍പം ബദാം കഴിക്കുന്നത് അതിനാല്‍ ശീലമാക്കുക. അതോടൊപ്പം തന്നെ, ബദാം ഓയില്‍ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. 

രണ്ട്...

പപ്പായയാണ് ചര്‍മ്മത്തിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം എന്ന ഘടകമാണത്രേ ചര്‍മ്മത്തിന് ഏറെയും ഉപകാരപ്പെടുന്നത്. അതോടൊപ്പം തന്നെ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും പപ്പായ സഹായിക്കുന്നു. പപ്പായ മുഖത്ത് തേക്കുന്നതും വളരെ ഉത്തമമാണ്. ചര്‍മ്മത്തിലെ കേടുപാട് പറ്റിയ കോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മം തിളക്കമുള്ളതാക്കാനാണ് പപ്പായ മാസ്‌ക് സഹായിക്കുന്നത്. 

മൂന്ന്...

ചുവന്ന കാപ്‌സിക്കമാണ് ഈ പട്ടികയിലെ മറ്റൊരു താരം. ഇതില്‍ വിറ്റാമിന്‍- സി ധാരളാമായി അടങ്ങിയിട്ടുണ്ട്.

 

 

ഇത് ചര്‍മ്മത്തിന് വളരെയധികം ആവശ്യമായ ഘടകമാണ്. അതുപോലെ ധാരാളം ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ് കാപ്‌സിക്കം. 

നാല്...

ചര്‍മ്മത്തിന്റെ പ്രായം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് തക്കാളി. ഇതിലടങ്ങിയിരിക്കുന്ന 'ലൈസോപിന്‍' എന്ന പദാര്‍ത്ഥമാണത്രേ ചര്‍മ്മത്തിന് മുതല്‍ക്കൂട്ടാകുന്നത്. തക്കാളി കഴിക്കാന്‍ മാത്രമല്ല, മുഖത്ത് തേക്കുന്നതും വളരെ നല്ലതാണ്.