ഒരു മാസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റിനകത്താണ് രണ്ട് ഭ്രൂണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വൈകല്യമുള്ള ഭ്രൂണം മറ്റൊരു ഭ്രൂണത്തിനുള്ളില്‍ കയറിപ്പറ്റുന്ന ‘ഭ്രൂണത്തിനുള്ളില്‍ ഭ്രൂണം’ എന്ന അപൂര്‍വ പ്രതിഭാസമാണ് ഇത്.

ഒരു മാസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റിൽ രണ്ട് ഭ്രൂണങ്ങൾ കണ്ടെത്തി! പെട്ടെന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ വ്യാജവാര്‍ത്തയാണെന്ന് കരുതാനിടയുള്ള ഒരു സംഭവമാണിത്. എന്നാല്‍ മെഡിക്കല്‍ ചരിത്രത്തില്‍ തന്നെ വളരെ അപൂര്‍വമായി മാത്രം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രതിഭാസം ഇപ്പോഴിതാ ഇന്ത്യയില്‍ ഗുരുഗ്രാമിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഒരു മാസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റിനകത്താണ് രണ്ട് ഭ്രൂണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വൈകല്യമുള്ള ഭ്രൂണം മറ്റൊരു ഭ്രൂണത്തിനുള്ളില്‍ കയറിപ്പറ്റുന്ന 'ഭ്രൂണത്തിനുള്ളില്‍ ഭ്രൂണം' (fetus in fetu) എന്ന അപൂര്‍വ പ്രതിഭാസമാണ് ഇത്. ഗുരു​ഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് സെന്ററിൽ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെ വയര്‍ അസാധാരണമാംവിധം വീര്‍ത്തിരിക്കുകയായിരുന്നു. അതുപോലെ മുലപ്പാൽ കുടിക്കാനുള്ള ബുദ്ധിമുട്ട്, മറ്റ് അസ്വസ്ഥതകൾ തുടങ്ങിയ അസ്വാഭാവിക ലക്ഷണങ്ങൾ കുഞ്ഞിൽ പ്രകടമായതോടെയാണ് മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് വയറിനുള്ളിൽ വളർച്ചയെത്താത്ത രണ്ട് ഭ്രൂണങ്ങൾ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തുടർന്ന് പീഡിയാട്രിക് സർജറി വിഭാ​ഗത്തിന്റെയും അനസ്തീഷ്യ വിഭാ​ഗത്തിന്റെയും മേൽനോട്ടത്തിൽ ശസ്ത്രക്രിയയിലൂടെ ഭ്രൂണങ്ങളെ നീക്കം ചെയ്തു.

'ഏറ്റവും വലിയ വെല്ലുവിളി ഇത്രയും ചെറിയ നവജാതശിശുവിനെ ശസ്ത്രക്രിയ ചെയ്യുക എന്നതായിരുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ശസ്ത്രക്രിയാനന്തര തീവ്രപരിചരണവും വളരെ സമഗ്രമായിരിക്കണം. ചെറിയ നവജാതശിശുക്കളിൽ വേദന ശമിപ്പിക്കലും വെല്ലുവിളി നിറഞ്ഞതാണ്'- ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രിക് സർജറി ഡയറക്ടർ ഡോ. ആനന്ദ് സിൻഹ പറഞ്ഞു.

ഫീറ്റസ് ഇൻ ഫീറ്റു എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ലോകത്തിൽ തന്നെ അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് സംഭവിക്കുന്നത്. ലോകത്തിൽ തന്നെ ഇതിനകം മുപ്പത്തിയഞ്ച് കേസുകൾ മാത്രമാണ് സമാനമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരോ​ഗ്യകരമായി വളരുന്ന കുട്ടിയുടെ ശരീരത്തിനുള്ളിൽ വളർച്ചയില്ലാത്ത ഭ്രൂണം വളരുന്ന അവസ്ഥയാണിത്. ഗർഭകാലത്തിന്റെ പ്രാരംഭഘട്ടത്തിലാണ് ഈ അവസ്ഥയുണ്ടാകുന്നത്. പലപ്പോഴും ഇതില്‍ ലക്ഷണങ്ങൾ പ്രകടമാകില്ല. ​ഗർഭകാലത്തെ സ്കാനിങ്ങുകളിലൂടെയും നവജാതശിശുവിൽ സ്കാനിങ് ചെയ്യുന്നതിലൂടെയും ഇത് വ്യക്തമാവുകയാണ് ചെയ്യുന്നത്.