ഇന്ന് പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്.

എല്ലുകളുടെ ആരോഗ്യവും ബലവും ഒരാളുടെ മൊത്തം ആരോഗ്യത്തില്‍ ഏറെ പ്രധാനപ്പെട്ട ഘടകമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. ഇന്ന് പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്.

എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യേണ്ടത്. നാം ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അത്തരം ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

സൂര്യപ്രകാശം ഒട്ടും ഏല്‍ക്കാതിരിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. എല്ലുകളുടെ ആരോഗ്യത്തിന് അവശ്യംവേണ്ട പോഷകമാണ് കാത്സ്യം. കാത്സ്യത്തിന്റെ അഭാവം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ കാരണമാകാം. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. അതിനാല്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. 

രണ്ട്...

വ്യായാമമില്ലായ്മ എല്ലുകളുടെ ആരോഗ്യത്തെ വശളാക്കുന്ന കാര്യമാണ്. മടി പിടിച്ച് എപ്പോഴും ഇരിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതല്ല. പ്രത്യേകിച്ച്, എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. വ്യായാമമില്ലായ്മ ശരീര ഭാരം കൂടാനും കാരണമാകും. 

മൂന്ന്...

ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെ എന്ന് പറയാറില്ലേ... ശരിക്കും ഉപ്പിന്‍റെ അമിത ഉപയോഗം കുറയ്ക്കുന്നതാണ് എല്ലുകളുടെ ആരോഗ്യത്തിന് നല്ലത്. 

നാല്...

ഭക്ഷണകാര്യത്തില്‍ അലംഭാവം അരുത്. വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ പ്രത്യേകിച്ച് ശ്രദ്ധിക്കുക. നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമാണുള്ളത്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. അതിനാല്‍ ആരോഗ്യപ്രദമായ ഡയറ്റ് എല്ലുകളുടെ ആരോഗ്യത്തില്‍ നിര്‍ണായകമാണ്.

അഞ്ച്...

പുകവലിയും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. പുകവലി ഓസ്റ്റിയോപൊറോസിസിന് കാരണമാകാം എന്ന് ചില പഠനങ്ങളും പറയുന്നു. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതാണ് എല്ലുകളുടെ ആരോഗ്യത്തിന് നല്ലത്. 

ആറ്...

മദ്യപാനം, സോഡ തുടങ്ങിയവയുടെ അമിത ഉപയോഗം എല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം. 

ഏഴ്...

കോഫി കുടിക്കുന്നതിന്‍റെ അളവും കുറയ്ക്കാം. കോളകൾ കഴിക്കുന്നതും എല്ലുകളുടെ ആരോ​ഗ്യത്തെ ബാധിക്കാം. 

എട്ട്...

ഉറക്കം ഇല്ലാത്ത അവസ്ഥ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ഇത് ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യത്തെ ബാധിക്കാം. അതുപോലെ തന്നെ ഉറക്കമില്ലായ്മ എല്ലുകളുടെ ആരോഗ്യത്തെയും മോശമായി ബാധിക്കാം.

എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍...

പാല്‍, പാല്‍ക്കട്ടി, കട്ടിത്തൈര്, ബട്ടര്‍, ചീസ്, ബീന്‍സ്, മത്തി, ഇലക്കറികള്‍, മുട്ട, സാല്‍മണ്‍ മത്സ്യം, നട്സ് തുടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Also Read: മുഖത്തെ കരുവാളിപ്പ് മാറാനും ചര്‍മ്മം തിളങ്ങാനും സ്​ട്രോബെറി ഇങ്ങനെ ഉപയോഗിക്കാം...